Sunday, 27 November 2011

മുല്ലപ്പെരിയാർ എന്റെ നിരീക്ഷണങ്ങൾ | Mullaperiyar my views

നമ്മുടെ ബൂലോകത്തിലെ സൈബർ ശബ്ദം പ്രകമ്പനമായി എന്ന പോസ്റ്റിൽ ഞാൻ രേഖപ്പെടുത്തിയ മുല്ലപ്പെരിയാർ വിഷയത്തിൽ എന്റെ നിരീക്ഷണങ്ങൾ ക്രോഡീകരിച്ച് ഇവിടെയും ചേർക്കുന്നു.


“നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ വിഷയത്തിന് അർഹിക്കുന്ന പരിഗണന പലപ്പോഴും നൽകിയില്ല എന്നുതന്നെ ഞാനും വിശ്വസിക്കുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്ന പല അവസരങ്ങളിലും കേരളത്തെ ശരിയായി പ്രതിനിധാനം ചെയ്യാൻ പോലും വക്കീലന്മാർ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളിലും ശരിയായ നിലപാടുകൾ ഇല്ലാത്തതുമൂലം കോടതിയെ വേണ്ടരീതിയിൽ കാര്യങ്ങൾ ഗ്രഹിപ്പിക്കുന്നതിന് ഹാജരായ വക്കീലന്മാർക്ക് സാധിക്കാതെ പോയിട്ടുണ്ട്. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കക്ഷിയുടെ അഭിപ്രായം അല്ലെന്നും കേരളത്തെ പ്രതിനിധാനം ചെയ്ത വക്കീലന്മാർക്ക് കോടതിയിൽ പറയേണ്ടതായും വന്നിട്ടുണ്ട്. ഡാം പൊളിച്ചാൽ ചെയ്യാനുള്ള പദ്ധതികളെ കുറിച്ച് കോടതി ചേദിച്ചപ്പോൾ ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു കേരളത്തിന്. സ്വന്തം പാർട്ടി കാര്യങ്ങൾക്ക് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരെ ഹാജരാക്കുന്ന രാഷ്ട്രീയക്കാർ മുല്ലപെരിയാർ കേസിൽ അത്തരം നടപടി എടുത്തതും വിരളമാണ്. ഇപ്പോൾ ഈ അടുത്ത ഒരു വർഷത്തിനിടയ്ക്ക് കുറച്ചുകൂടി ഗൗരവത്തിൽ കാര്യങ്ങൾ കാണുന്നുണ്ടെന്നു മാത്രം.

മുകളിൽ പറഞ്ഞത് ഇതിന്റെ ഒരു രാഷ്ട്രീയ വശം. എന്നാൽ ഇന്ന് അത്തരം വിഴുപ്പലക്കലുകൾക്ക് സമയം ഇല്ലെന്ന് ഞാൻ കരുതുന്നു. കേരളത്തിന്റെ രാഷ്ട്രീയനേതൃത്വം ഏറ്റവും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ. മുൻപെങ്ങും ഇല്ലാത്തരീതിയിൽ ഇടുക്കി ജില്ലയിലെ പലഭാഗത്തുനിന്നും ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തികച്ചും ദുർബലമായ ഒരു അണക്കെട്ടിനെ സംബന്ധിച്ച് പ്രത്യേകിച്ചും 116 വർഷം മുൻപ്; അൻപതുവർഷത്തെ ആയുസ്സ് നിർമ്മാതാക്കൾ തന്നെ നിശ്ചയിച്ച ഒരു അണക്കെട്ടിനെ സംബന്ധിച്ച്, ഭൂകമ്പത്തെക്കുറിച്ചും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തകാലഘട്ടത്തിൽ പണിത ഒരു അണക്കെട്ടിനെ സംബന്ധിച്ച് ഇന്നത്തെ സ്ഥിതി തികച്ചും ആശങ്കാജനകം തന്നെ. ഈ വിഷയങ്ങൾ, നമ്മുടെ ആശങ്കകൾ, നമ്മുൾ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇതെല്ലാം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നമ്മുടെ സർക്കാർ ഈ രംഗത്തെ അതിവിദഗ്ദ്ധരായ ആളുകളെ ഉൾപ്പെടുത്തി എത്രയും പെട്ടന്ന് തയ്യാറാക്കണം. ഇതിൽ യാതൊരു പഴുതും ഉണ്ടാവരുത്. എത്രയും വേഗം വേണം താനും. എന്നിട്ട് ആ രേഖ നിയമസഭയുടെ അടിയന്തിരയോഗം കൂടി അംഗീകരിച്ച് ഗവർണ്ണർ വഴി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കണം. എത്രയും വേഗത്തിൽ കേന്ദ്രത്തിന്റെ നടപടികൾ ഇതിന്മേൽ ഉണ്ടാവാൻ ആവശ്യപ്പെടണം. സുപ്രീംകോടതി തൂക്കികൊല്ലാൻ വിധിച്ച 4 പ്രതികളുടെ ശിക്ഷ റദ്ദാക്കാൻ ഒരു സംസ്ഥാനത്തെ നിയമസഭയ്ക്ക് പ്രമേയം അവതിരിപ്പിച്ച് പാസാക്കി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കാമെങ്കിൽ 30 ലക്ഷത്തിലധികം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തിൽ നമുക്കും അതാവാം. നടപടി ഉണ്ടാവുന്നില്ലെങ്കിൽ നമ്മുടെ സാമാജികർ ഒന്നടങ്കം രാജ്‌ഭവനുമുന്നിലും, എം പി മാർ രാഷ്ട്രപതി ഭവനു മുന്നിലും നിരാഹാരം കിടക്കണം. ഇത്തരം സമ്മർദതന്ത്രങ്ങളെ അനങ്ങാപ്പാറകളെ അനക്കൂ

മറ്റൊന്നു കൂടി അടിയന്തിരനടപടി എന്ന നിലയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽ നിന്നും 120 അടിയായികുറക്കണം എന്ന ഒരു നിർദ്ദേശം കേരളം ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതുമൂലം മുല്ലപ്പെരിയാറിലെ ജലസംഭരണശേഷി 15 ടി സിയിൽ നിന്നും 7 ടി എം സി ആയി കുറയ്ക്കാമെന്നും അങ്ങനെ അപകടത്തിന്റെ ആഘാതം ലഘൂകരിക്കാമെന്നുമാണ് കേരളത്തിന്റെ വാദം. ഇതും തികച്ചും ആത്മഹത്യാപരം തന്നെ. ഇത്തരം മുട്ടുശാന്തികൾ അല്ല നമുക്കാവശ്യം. ശാശ്വതമായ പരിഹാരമാണ്. 120 അടിയായി കുറച്ചാൽ അത്യാഹിതം ഉണ്ടാവുന്നത് മഴക്കാലത്താണെങ്കിൽ ഈ വെള്ളം ഒഴുകിയെത്തേണ്ട ഇടുക്കി ഡാം നിറഞ്ഞിരിക്കില്ലെ. അപ്പോൾ ഈ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് സാധിക്കും എന്നതിൽ എന്താണ് ഉറപ്പ്. ഇനി ഉൾക്കൊള്ളാനും തകരാതെ നിൽക്കാനും സാധിച്ചാൽ തന്നെ ഒഴുകിവരുന്ന ചെളിയും മണ്ണും ഡാമിന്റെ സംഭരണശേഷിയെ ബാധിക്കില്ലെ, കേരളത്തിന്റെ ഊർജ്ജശ്രോതസ്സാണ് ഇടുക്കി. ഈ മാലിന്യങ്ങൾ നിറഞ്ഞാൽ പിന്നെ വൈദ്യുതോല്പാദനം സാധ്യമാകുമോ? കേരളത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തെറ്റായ നടപടികൾ സ്വീകരിക്കാതെ കൂടുതൽ കരുത്തുറ്റ നിർദ്ദേശങ്ങളും നിലപാടുകളും ആണ് നമ്മുടെ ഭരണകൂടം കൈക്കൊള്ളേണ്ടത്. “

2 comments:

  1. കുറേ മാസങ്ങള്‍ക്കു മുന്‍പ് മറ്റാരുടേയോ പോസ്റ്റില്‍ - ഞാന്‍ കമന്റായി രേഘപ്പെടുത്തിയ ഒരഭിപ്രായം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നു വാദിക്കുകയും ജലനിരപ്പു താഴ്ത്തുന്നതിനെയും പുതിയ ഡാം നിര്‍മ്മിക്കുന്നതിനെയും എതിര്‍ക്കുന്ന തഴ്നാട് സര്‍ക്കാരിനോടും പുണ്ണാക്കുമാടന്മാരായ അവിടത്തെ ചില രാഷ്ട്രീയ നേതാക്കളോടും അവര്‍ക്കു വേണ്ടി കോടതിയില്‍ വാദിക്കുന്ന കാലമാടന്മാരാ...യ വക്കീലന്മാരോടും ഒരു അഭിപ്രായം, നിസഹായനായ ഒരു മലയാളിയുടെ അവസാന അഭിപ്രായം പറഞ്ഞോട്ടേ? എന്തായാലും മുല്ലപ്പെരിയാര്‍ ഡാം തകരുകയോ ദുരന്തമുണ്ടാക്കുകയോ ഇല്ലെന്ന് നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പാണ് അതിനാല്‍ തന്നെ പുതിയ ഡാം കെട്ടണ്ട ആവശ്യം ഇല്ല പുതിയ ഡാം കെട്ടാന്‍ നിങ്ങള്‍ അനുവദിക്കുകയുമില്ല. അങ്ങനെയെങ്കില്‍ പുതിയ ഡാമിനു ചിലവാക്കാന്‍ വെച്ചിരുന്ന പണം ഉപയോഗിച്ച് ഞങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കല്‍ക്കെട്ടിനു മുന്നിലായി പ്രകൃതി രമണീയമായ പ്രദേശത്ത് നിങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വസതികള്‍ നിര്‍മിച്ചു നല്‍കാം. അവിടെ വന്ന് കുടുംബസമേതം സ്ഥിരമായി താമസിക്കാന്‍ ധൈര്യം കാട്ടുക ആദ്യം. എന്നിട്ടാകാം ബാക്കി വാദങ്ങള്‍.

    മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലായി ചത്തു മലക്കുന്ന 35 ലക്ഷം പീറ മലയാളികളോടൊപ്പം ഒരു ലക്ഷത്തിലധികം വരുന്ന നിങ്ങളുടെ രത്തത്തിന്‍ രത്തമാന അന്‍പുടയ തമിള്‍ മക്കളും ഒലിച്ചു പോകും എന്നു മനസിലാക്കുക.

    ReplyDelete
  2. @ അനില്‍ഫില്‍ (തോമാ): ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ഇന്നത്തെ റിപ്പോർട്ടുകൾ കൂടുതൽ ആശാവഹമാണെന്ന് തോന്നുന്നു. രാഷ്ട്രീയകേന്ദ്രങ്ങളും, സാമൂഹ്യസാംസ്കാരിക നായകന്മാരും ഉണർന്നുവരുന്നു. ഇവിടെ പ്രതിപാദിച്ചതുപോലെ നിയമസഭയുടെ സമ്മേളനം അടിയന്തിരമായി ചേർന്ന് ഇതു സംബന്ധിച്ച തീരുമാനം കേന്ദ്രത്തെ അറിയിക്കുന്ന രീതിയിൽ ചില നീക്കങ്ങൾ നടക്കുന്നതായും മനസ്സിലാക്കുന്നു
    1970 മെയ് 29ന് മുല്ലപ്പെരിയാർ കരാർ പുതുക്കി നൽകുകവഴി അച്യുതമേനോൻ സർക്കാർ മലയാളികളോട് ചെയ്തതുപോലുള്ള ചതി ഇനിയും നമ്മുടെ ഭരണകർത്താക്കളിൽ നിന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.

    ReplyDelete

Thank you for visiting my blog. Please leave your comments here.