Saturday, 8 January 2011

റോഡരുകിലെ പൊതുയോഗവും സുപ്രീം കോടതി വിധിയും

 റോഡരുകിലെ പൊതുയോഗങ്ങളും പൊതുനിരത്തിലെ പ്രകടനങ്ങളും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം‌കോടതി കൂടി ശരിവെച്ചിരിക്കുന്നു. ഈ വിഷയം ചർച്ചചെയ്ത രണ്ടു ബ്ലോഗുകളിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ഒരു പോസ്റ്റായി ചേർക്കുന്നു.

“റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഈ കേരളത്തിൽ ഇനി ഒരു പൊതുയോഗവും റോഡരുകിൽ നടക്കില്ലെന്നോ, ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകില്ലെന്നോ മലയാളികളായ നമ്മൾ ആരും കരുതുമെന്ന് തോന്നുന്നില്ല. കാരണം സുപ്രീം കോടതിയുടെ തന്നെ പല വിധികൾക്കും പുല്ലുവിലയാണ് ഈ സംസ്ഥാനത്ത് പൊതുവെ രാജ്യത്തും ഉള്ളത്. ബന്ദ് നിരോധിച്ച ഉത്തരവ്, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഉത്തരവ് എന്നിവ അതിൽ ചിലതുമാത്രം. ബന്ദ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനു ശേഷം ഇവിടെ എത്ര ബന്ദുകൾ (ഹർത്താൽ എന്ന അപരനാമത്തിൽ) നടന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞത് വിശ്വസിച്ച് റോഡിൽ വാഹനമിറക്കിയ പലർക്കും വാഹനത്തിന്റെ ചില്ലുപോയതു മിച്ചം. ഇത്തരം കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ വാഹനങ്ങൾ തടയുന്നതിന് നേതൃത്വം നൽകുന്ന കാഴ്ച നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടതല്ലെ? അവർക്കെതിരെ എന്തു നടപടി ഉണ്ടായി. റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത് പോരാഞ്ഞ് ട്രെയിൽ തടഞ്ഞും ഹർത്താലുകൾ വിജയിപ്പിക്കാൻ ശ്രമമുണ്ടായല്ലൊ. എന്നിട്ടും ഒന്നും നടന്നില്ല. കോടതികൾ ഉത്തരവു മാത്രം പുറപ്പെടുവിക്കുന്നു. അവ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ കോടതികൾക്കാവുന്നില്ല. അങ്ങനെ വരുമ്പോൾ അത്തരം ഉത്തരവുകൾ കൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ഇനിയും ഇത്തരം പ്രകടനങ്ങളും പൊതുയോഗങ്ങളും ഇവിടെ നിർബാധം നടക്കും; ഇതിനെല്ലാം തുടക്കം കുറിച്ച “ആലുവ റെയിൽ‌വേസ്‌റ്റേഷൻ മൈതാനിയിൽ” അടക്കം. പലരും പറയുന്ന ഒന്നാണ് ആലുവ റെയിൽ‌വേ സ്‌റ്റേഷൻ മൈതാനി കഴിഞ്ഞ ഇരുപതു വർഷക്കാലം അതിലേ യാത്രചെയ്തിട്ടും മൈതാനം എന്ന വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആലുവ റെയിൽ‌വേസ്‌റ്റേഷന്റെ മുൻപിൽ ഞാൻ കണ്ടിട്ടില്ല.”

ഹൈക്കോടതി വിധി വന്ന അവസരത്തിൽ എഴുതിയ അഭിപ്രായം ഇവിടെ വായിക്കാവുന്നതാണ്. 

7 comments:

  1. കോടതി വിധി വിജയിക്കട്ടെ. വിജയിപ്പിക്കട്ടെ

    ReplyDelete
  2. റോഡരികില്‍ പൊതുയോഗം ചേരാനുള്ള അവകാശത്തിന് വേണ്ടി രാഷ്ട്രീയക്കാര്‍ മുറവിളി കൂട്ടുന്നത് അവരുടെ ഗതികേടിന്റെയും ശോചനീയാവസ്ഥയുടെയും ദൃഷ്ടാന്തമാണ്. എന്തെന്നാല്‍ ഒരുവകപ്പെട്ട നേതാക്കന്മാരുടെയൊന്നും പ്രസംഗം കേള്‍ക്കാന്‍ ഇപ്പോള്‍ പൊതുജനത്തിന് താല്പര്യമില്ല. ചില ലോക്കല്‍ നേതാക്കള്‍ റോഡരികില്‍ നിന്ന് തൊണ്ട കീറുന്നതും ആളുകള്‍ അതൊന്നും ഗൌനിക്കാതെ നടന്നുപോകുന്നതും ഇപ്പോള്‍ സര്‍വ്വ സാധാരണ കാഴ്ചയാണ്. ചില ചോട്ടാ നേതാക്കള്‍ പ്രസംഗിക്കുമ്പോള്‍ കുറച്ചു പ്രവര്‍ത്തകന്മാര്‍ മുന്നില്‍ ഇരുന്നുകൊടുക്കുന്നതും കാണാം. പ്രശസ്തരായ ഏതാനും നേതാക്കള്‍ പ്രസംഗിക്കാന്‍ വരുമ്പോഴാണ് ആളുകള്‍ ഒരു കൌതുകത്തിന് വേണ്ടി തടിച്ചുകൂടുന്നത്. രാഷ്ട്രീയ യോഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റി ജനങ്ങള്‍ക്ക് ശല്യമില്ലാത്ത ഏതെങ്കിലും ഗ്രൌണ്ടിലേക്ക് മാറ്റിയാല്‍ ആരും തിരിഞ്ഞുനോക്കുകയില്ല.

    പ്രസംഗത്തില്‍ കൂടിയാണ് ചോട്ടാ നേതാക്കള്‍ ഉയര്‍ന്നു വരുന്നതും രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കുന്നതും. പ്രസംഗിക്കാന്‍ വേദി കിട്ടിയില്ലെങ്കില്‍ പല ചോട്ടകളുടെയും വയറ്റ്പ്പിഴപ്പ് നിന്നു പോകും. അത്കൊണ്ട് ആളുകള്‍ ബസ്സ് കാത്ത് നില്‍ക്കുന്ന സ്ഥലത്ത് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് തങ്ങളുടെ പ്രസംഗം ആളുകളുടെ കാതുകളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായമാണ് ഇപ്പോഴുള്ളത്. ജനങ്ങള്‍ക്ക് വേണ്ടാത്ത പ്രസംഗം ജനങ്ങളുടെ ചെവികളിലേക്ക് തിരുകിക്കയറ്റുന്ന നീചമായ ഏര്‍പ്പാടിന് അന്ത്യം കുറിക്കുക എന്നതാണ് കോടതി വിധിയിലൂടെ നടക്കുക. എന്നാല്‍ ഈ വിധി അനുസരിക്കപ്പെടും എന്നൊന്നും ആരും കരുതുകയില്ല. പൊതുനിരത്തുകളില്‍ തങ്ങള്‍ക്കാണ് അവകാശം എന്ന രാഷ്ട്രീയക്കാരന്റെ ധാര്‍ഷ്ട്യം കുറഞ്ഞുകിട്ടിയെങ്കിലായി. ജനങ്ങള്‍ക്ക് ഇവന്റെയൊക്കെ പ്രസംഗം ഇഷ്ടമായിരുന്നെങ്കില്‍ എവിടെ യോഗം ചേര്‍ന്നാലും അവിടെ ആളുകള്‍ വരുമായിരുന്നുവല്ലോ. ഗാനമേള എവിടെ സംഘടിപ്പിച്ചാലും ആളുകള്‍ പോകുന്നില്ലേ?

    റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് ആളുകള്‍ക്കും വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ വേണ്ടി മാത്രമാണ്. പൊതുയോഗം ചേരാനും പ്രതിഷേധിക്കാനും വേണ്ടി എവിടെയും റോഡുകള്‍ ഉണ്ടാക്കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് റോഡുകളുടെ ഉദ്ദേശ്യം അട്ടിമറിക്കപ്പെടലോ ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമോ ആണ്. റോഡുകളിലെ പൊതുയോഗവും പ്രതിഷേധവും നിരോധിക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് പ്രതിഷേധം വരുന്നതിന് സാരമായ കാരണങ്ങളൊന്നും വേണ്ട. അങ്ങനെ പത്ത് പേര്‍ക്ക് പ്രതിഷേധം വരുമ്പോള്‍ അത് വരാത്ത തൊണ്ണൂറ് പേര്‍ ഉണ്ടല്ലൊ. പ്രതിഷേധം ചില്ലറ അവന്മാര്‍ക്ക് വരുമ്പോള്‍ അവനൊക്കെ മൌലികാവകാശവും പ്രതിഷേധം വരാത്തവര്‍ക്ക് വഴി നടക്കാനുള്ള അവകാശമില്ല എന്നും പറയുന്നത് എവിടത്തെ ന്യായമാണ്. ഏത് കാര്യത്തിനായാലും എവനൊക്കെ ഒടുക്കത്തെ പ്രതിഷേധം വന്നാലും അപ്പോഴൊക്കെ ആ പ്രതിഷേധം ബാധിക്കാത്തവരാണ് റോഡിലൂടെ സഞ്ചരിക്കുന്ന ഭൂരിപക്ഷവും. അത്കൊണ്ട് ആ ഭൂരിപക്ഷത്തിന്റെ മൌലികാവകാശം സംരക്ഷിക്കുന്നതാണ് കോടതി വിധി.

    ReplyDelete
  3. it is very easy to stop the meetings in road side .... people dont listen the speaches...

    Now everybody has mobiles ??... just call someone and go away from the meeting place .. i used to do ...

    ReplyDelete
  4. salam pottengal, സുകുമാരൻ ചേട്ടൻ, സുരേഷ് ആലുവ എല്ലാവർക്കും ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
    @ salam pottengal: മറ്റുപല കോടതി വിധികൾക്കും ഉണ്ടായ അവസ്ഥ ഇവിടെ ഉണ്ടാവാതിരിക്കട്ടെ എന്ന് തന്നെയാണ് എന്റെയും പ്രാർത്ഥന.

    @സുകുമാരൻ ചേട്ടാ ദീർഘമായ ഈ വിലയിരുത്തലിനു നന്ദി. സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടാത്ത രീതിയിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുന്നതിൽ തെറ്റില്ല എന്ന് ഞാൻ കരുതുന്നു. പണ്ട് കിലോമീറ്ററുകൾ താണ്ടി നേതാക്കളുടെ പ്രസംഗം കേൾക്കാൻ ജനങ്ങൾ എത്തിയിരുന്ന് ഒരു കാലം ഉണ്ടായിരുന്നു. പരിമിതമായ യാത്രാ സൗകര്യങ്ങൾ ഉള്ളപ്പോൾ അന്നത്തെ ജനങ്ങൾ നേതാക്കളുടെ പ്രസംഗത്തിനായി എത്തിയിരുന്നതിന് പ്രധാന കാരണം നേതാക്കളിലുള്ള വിശ്വാസം ആണെന്ന് ഞാൻ കരുതുന്നു. ഇന്ന് ഭൂരിഭാഗം നേതാക്കളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

    @സുരേഷ് ആലുവ കഴിവതും പാതയോരത്തെ സമ്മേളനങ്ങളും പ്രകടനങ്ങളും ഉണ്ടെന്നറിഞ്ഞാൻ ആ വഴിയുള്ള യാത്ര ഞാൻ ഒഴിവാക്കുകയാണ് പതിവ്.

    ReplyDelete
  5. Mani.. Hope u will have a wonderful year ahead..
    Aluva railway station nu munnil oru maithanam undu.. mani kandittille..?
    Avide alppam tar ittittundenne ullu..
    Maithanathu tar idan padilla ennarum paranjattillallo.. :)

    ReplyDelete
  6. ഷോബിൻ പുതുവത്സരാശംസകൾക്കുള്ള നന്ദി ആദ്യമേ അറിയിക്കട്ടെ. ഒപ്പം ഷോബിനും എല്ലാ നന്മകളും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.
    നമ്മൾ എത്രയോ തവണ ഈ “മൈതാനിയിലെ“ ഗതാഗതക്കുരുക്കിൽ പെട്ടിരിക്കുന്നു. അന്നൊന്നും ഇത് ഇത്ര പ്രസിദ്ധമായ സ്ഥലമായിത്തീരും എന്ന് കരുതിയിരുന്നില്ല. :)

    ReplyDelete

Thank you for visiting my blog. Please leave your comments here.