Sunday, 16 January 2011

മകരവിളക്ക് - സത്യം വെളിവാക്കണം | Makaravilakku - Truth must be revealed

അങ്ങനെ വീണ്ടും ഒരു ദുരന്തത്തിനു കൂടി കേരളം സാക്ഷിയായിരിക്കുന്നു. ശബരിമലയിൽ എത്താൻ അയ്യപ്പഭക്തന്മാർക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം  മകരവിളക്ക് കാണാൻ  പരമ്പരാഗത പാതയായ വണ്ടിപ്പെരിയാർ - പുൽമേടിൽ തമ്പടിച്ചിരുന്ന അയ്യപ്പഭക്തരിൽ നൂറിലധികം ആളുകൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരിക്കുന്നു. പല തീർത്ഥാടന കേന്ദ്രങ്ങളിലും തിക്കിലും തിരക്കിലും അപകടങ്ങൾ സംഭവിക്കാറുണ്ടെങ്കിലും പുൽമേടിൽ ഇന്നലെ സംഭവിച്ചത് തികച്ചും ഒഴിവാക്കാവുന്നത് തന്നെയാണ്. മണ്ഡല തീർത്ഥാടനത്തിൽ അയ്യപ്പഭക്തരെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ട മുഹൂർത്തം തന്നെയാണ് മകരസംക്രമദിവസത്തെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും തുടർന്ന് പൊന്നമ്പലമേട്ടിൽ തെളിയുന്നു എന്ന് പ്രചരിപ്പിക്കുന്ന മകരവിളക്കും. മകരവിളക്ക് എന്ന പ്രതിഭാസം അത്ഭുതവും ദൈവീകവും ആണെന്ന് പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇപ്പോളും ഉണ്ട്. ഇതിന് ദേവസ്വം ബോർഡും കാലാകാലങ്ങളിൽ വന്ന സർക്കാരുകളും മൗനാനുവാദം നൽകിവരുന്നു. മകരവിളക്ക് എന്നത് പൊന്നമ്പലമേട്ടിൽ താനെ തെളിയുന്ന അത്ഭുതമല്ലെന്നും വിവിധ സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും ചേർന്ന് കത്തിക്കുന്നതാണെന്നും അനൗദ്യോഗീകമായി പലരും സമ്മതിക്കുന്നു. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ സംവിധാനത്തിന്റെ പിന്നിലെ വസ്തുതകൾ വിളിച്ചു പറയാൻ ഇനിയെങ്കിലും സർക്കാർ സംവിധാനങ്ങൾ തയ്യാറാവണം. കാരണം ദൈവീകവും അത്ഭുതകരവുമാണ് മകരവിളക്കെന്ന് ഇപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നല്ലൊരു ശതമാനം അയ്യപ്പഭക്തരും വിശ്വസിക്കുന്നു. ശബരിമലയെ സംബന്ധിക്കുന്ന മറ്റെല്ലാകാര്യങ്ങളിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിളിച്ചു പറയുന്ന ദേവസ്വവും സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നത് ശരിയല്ല. സന്നിധാനത്തെ സുരക്ഷാകാര്യങ്ങളുടെ ചുമതല ഇന്ന ഉദ്യോഗസ്ഥനാണ്, സന്നിധാനം സ്പെഷ്യൽ കമ്മീഷണർ ഇന്ന മജിസ്ട്രേറ്റ് ആണ്, മണ്ഡല പൂജ നടത്തുന്നത് കണ്ഠരര് മഹേശ്വരരാണ്, നിറപ്പുത്തരിയ്ക്ക് മുഖ്യകാർമ്മികത്വം കണ്ഠരര് രാജീവർക്കാണ്, ശബരിമല മേൽശാന്തി ഇന്ന നമ്പൂതിരിയാണ്, തിരുവാഭരണഘോഷയാത്രയുടെ സുരക്ഷാചുമതല ഇന്ന പോലീസ് ഉദ്യോഗസ്ഥനാണ്, എന്നിങ്ങിനെ ഏതു ചോദ്യത്തിനും ഉത്തരം ഉടനെ കിട്ടും. ഇത്തവണ മകരവിളക്ക് കത്തിക്കേണ്ട ചുമതല ആർക്കാണ്? ഇല്ല മറുപടി ഇല്ല. അത് സർക്കാർ രഹസ്യം. അതു തന്നെ മകരവിളക്കിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിൽ സർക്കാരിന് താല്പര്യമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. മറ്റൊരർത്ഥത്തിൽ സർക്കാർ തന്നെയാണ് ഈ വിശ്വാസചൂഷണത്തിന് കാലാകാലങ്ങളായി മുൻ‌കൈ എടുക്കുന്നത് എന്നർത്ഥം.

പല മാദ്ധ്യമങ്ങളിൽ നിന്നും വരുന്ന വാർത്തകളുടെ അടിസ്ഥാ‍നത്തിൽ മനസ്സിലാക്കുന്നത് പുൽമേടിൽ രണ്ടരലക്ഷത്തിലധികം വരുന്ന ആളുകൾ തമ്പടിച്ചിരുന്നു എന്നാണ്. ഇത്രയും ആളുകൾ ദിവസങ്ങളായി അവിടെ കാത്തിരുന്നത് മകരവിളക്ക് ദർശിക്കുന്നതിന് മാത്രമാണ്. മകരവിളക്ക് അത്ഭുതപ്രതിഭാസം ആണെന്ന വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. വെള്ളവും വെളിച്ചവും ഇല്ലാത്ത ഇവിടെ തണുപ്പ് സഹിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത് മകരവിളക്കിന് നൽകിയിട്ടുള്ള ഈ അത്ഭുത പരിവേഷം തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം മകരവിളക്കിന്റെ സംഘാടകരായ സർക്കാരിനും തിരുവിതാം‌കൂർ ദേവസ്വം ബോർഡിനും ആണ്. ഇത്രയധികം ആളുകൾ അവിടെ തമ്പടിച്ചിരുന്നു എന്നതും ഇത് പല അപകടങ്ങൾക്കും വഴിവെക്കും എന്നതും മുൻ‌കൂട്ടി കാണാൻ സാധിക്കാതെ പോയത് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയായി വേണം കാണാൻ. 

ശബരിമല ഭക്തിചൂഷണത്തിന്റെ മറവിൽ ധനാഗമത്തിനുള്ള ഒരു മാർഗ്ഗം മാത്രമായിരിക്കുന്നു. ശബരിമലയിലെ പ്രധാന ആകർഷണം മകരവിളക്കും. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് മകരവിളക്ക് സമയത്താണ്. അതുകൊണ്ട് തന്നെ ഇതിനുപിന്നിലെ സത്യം വിളിച്ചുപറഞ്ഞ് വരുമാനം കുറയ്ക്കാൻ സർക്കാരുകൾ തയ്യാറല്ല എന്നു വ്യക്തം. ഈ വിഷയത്തിൽ 2007 ഫെബ്രുവരിയിലെ കലാകൗമുദി ആഴ്ചപതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ ലേഖനവും അതിനെ ആസ്പദമാക്കി ഞാൻ ഇട്ട ഒരു പോസ്റ്റും ഇവിടെ വായിക്കാം.  കൈരളി ടി വി യ്ക്കു  വേണ്ടി രണ്ടായിരത്തിൽ തയ്യാറാക്കിയ പ്രോഗ്രാമിന്റെ യൂ ട്യൂബ് വീഡിയോ ഇവിടെ കാണാം.  മകരവിളക്കിനു പിന്നിലെ യാഥാർത്ഥ്യം വെളിവാക്കുന്ന ഏക വീഡിയോ പ്രോഗ്രാമമും ഇതുതന്നെ ആവണം. മകരവിളക്കിനു പിന്നിലെ വസ്തുതകൾ പരസ്യമായിത്തന്നെ സർക്കാരും ദേവസ്വം ബോർഡും പ്രഖ്യാപിക്കട്ടെ. അതാവും മരിച്ച 102 അയ്യപ്പഭക്തരോടും ചെയ്യാവുന്ന ഏറ്റവും വലിയ പ്രായശ്ചിത്തം. വരും കാലങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

Tuesday, 11 January 2011

ചന്ദ്രകുമാർ സാറിന് ആദരാഞ്ജലികൾ

മലയാളത്തിലെ മുതിർന്ന ബ്ലോഗർമാരിൽ ഒരാളും ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തെ അതിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട് ഏറ്റവും കാര്യക്ഷമമായും സാമൂഹ്യനന്മയെ മുൻ‌നിറുത്തിയും ഉപയോഗിച്ചിരുന്ന വ്യക്തിയുമായ ചന്ദ്രകുമാർ സർ അന്തരിച്ച വാർത്ത ശെരിക്കും ഞെട്ടലോടെ തന്നെയാണ് വായിച്ചത്. അങ്കിൾ എന്ന ബ്ലോഗ് നാമധേയത്തിലാണ് അദ്ദേഹം ബ്ലോഗുകൾ എഴിതിയിരുന്നത്.  അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്നും മനസ്സിലാക്കുന്നു. കഴിഞ്ഞ ആഴ്ച വിവരാവകാശ നിയമത്തെ സംബന്ധിക്കുന്ന ഒരു സംശയനിവാരണത്തിനുവേണ്ടി അദ്ദേഹത്തിന് ഒരു മെയിൽ അയച്ചിരുന്നു. വിശദമായി തന്നെ അദ്ദേഹം മറുപടിയും തന്നു. ഒപ്പം എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. ചെറായിൽ ബ്ലോഗ സംഗമത്തിൽ അദ്ദേഹത്തെയും പത്നിയേയും പരിചയപ്പെടുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെ എന്നും കർശമായ നിലപാടെടുത്തിരുന്ന വ്യക്തിയാണ് ചന്ദ്രകുമാർ സാർ. തന്റെ പരിശ്രമത്തിലൂടെ പല അഴിമതികളും തടയാനും പലതും പുറത്തുകൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനം എന്നും മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവും ആയിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.

Saturday, 8 January 2011

റോഡരുകിലെ പൊതുയോഗവും സുപ്രീം കോടതി വിധിയും

 റോഡരുകിലെ പൊതുയോഗങ്ങളും പൊതുനിരത്തിലെ പ്രകടനങ്ങളും നിരോധിച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം‌കോടതി കൂടി ശരിവെച്ചിരിക്കുന്നു. ഈ വിഷയം ചർച്ചചെയ്ത രണ്ടു ബ്ലോഗുകളിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ഒരു പോസ്റ്റായി ചേർക്കുന്നു.

“റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഈ കേരളത്തിൽ ഇനി ഒരു പൊതുയോഗവും റോഡരുകിൽ നടക്കില്ലെന്നോ, ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകില്ലെന്നോ മലയാളികളായ നമ്മൾ ആരും കരുതുമെന്ന് തോന്നുന്നില്ല. കാരണം സുപ്രീം കോടതിയുടെ തന്നെ പല വിധികൾക്കും പുല്ലുവിലയാണ് ഈ സംസ്ഥാനത്ത് പൊതുവെ രാജ്യത്തും ഉള്ളത്. ബന്ദ് നിരോധിച്ച ഉത്തരവ്, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഉത്തരവ് എന്നിവ അതിൽ ചിലതുമാത്രം. ബന്ദ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനു ശേഷം ഇവിടെ എത്ര ബന്ദുകൾ (ഹർത്താൽ എന്ന അപരനാമത്തിൽ) നടന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞത് വിശ്വസിച്ച് റോഡിൽ വാഹനമിറക്കിയ പലർക്കും വാഹനത്തിന്റെ ചില്ലുപോയതു മിച്ചം. ഇത്തരം കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ വാഹനങ്ങൾ തടയുന്നതിന് നേതൃത്വം നൽകുന്ന കാഴ്ച നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടതല്ലെ? അവർക്കെതിരെ എന്തു നടപടി ഉണ്ടായി. റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത് പോരാഞ്ഞ് ട്രെയിൽ തടഞ്ഞും ഹർത്താലുകൾ വിജയിപ്പിക്കാൻ ശ്രമമുണ്ടായല്ലൊ. എന്നിട്ടും ഒന്നും നടന്നില്ല. കോടതികൾ ഉത്തരവു മാത്രം പുറപ്പെടുവിക്കുന്നു. അവ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ കോടതികൾക്കാവുന്നില്ല. അങ്ങനെ വരുമ്പോൾ അത്തരം ഉത്തരവുകൾ കൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ഇനിയും ഇത്തരം പ്രകടനങ്ങളും പൊതുയോഗങ്ങളും ഇവിടെ നിർബാധം നടക്കും; ഇതിനെല്ലാം തുടക്കം കുറിച്ച “ആലുവ റെയിൽ‌വേസ്‌റ്റേഷൻ മൈതാനിയിൽ” അടക്കം. പലരും പറയുന്ന ഒന്നാണ് ആലുവ റെയിൽ‌വേ സ്‌റ്റേഷൻ മൈതാനി കഴിഞ്ഞ ഇരുപതു വർഷക്കാലം അതിലേ യാത്രചെയ്തിട്ടും മൈതാനം എന്ന വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആലുവ റെയിൽ‌വേസ്‌റ്റേഷന്റെ മുൻപിൽ ഞാൻ കണ്ടിട്ടില്ല.”

ഹൈക്കോടതി വിധി വന്ന അവസരത്തിൽ എഴുതിയ അഭിപ്രായം ഇവിടെ വായിക്കാവുന്നതാണ്. 

Saturday, 1 January 2011

Happy New Year

I Wish all my friends 
A Very Happy and Prosperous New Year

                                                                                                                                    Manikandan