Thursday, 15 January 2009

കൊടുംഭീകരരും നമ്മുടെ സർക്കാർസംവിധാനവും.

തമിഴ് പുലികൾക്കുമേൽ ശ്രീലങ്കൻ സൈനം ശക്തമായ ആക്രമണം നടത്തുകയും പുലികളുടെ പല പ്രധാന കേന്ദ്രങ്ങളിലും അധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിനിടയിലാണ് ഏറെ ചിരിപ്പിച്ച ഒരു പ്രസ്താവന നമ്മുടെ സർക്കാരിന്റെ ഭാഗത്തുനിന്നും കേൾക്കാൻ ഇടയായത്. വേലുപ്പിള്ള പ്രഭാകരനെ പിടിക്കുന്ന പക്ഷം ശ്രീലങ്കൻ സർക്കാർ അയാളെ ഭാരതത്തിനു കൈമാറണം. ഏതോ വലിയകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റവാളിയെ ഇങ്ങു കൈയ്യിൽ കിട്ടിയാൽ മതി ഇപ്പൊത്തന്നെ ശിക്ഷിക്കും എന്ന പ്രതീതിയാണ് ആ പ്രസ്താവന കേട്ടപ്പോൾ ഉണ്ടായത്. പാകിസ്താൻ സർക്കാരിനോടു ബോംബെ ആക്രമണത്തിന്റെ ‘തെളിവുകൾ’ സമർപ്പിക്കുന്ന പോലുള്ള ഒരു നാണം കെട്ട ഏർപ്പാടാവും ഇതെന്നാണ് ആദ്യം കരുതിയത്. ശ്രീലങ്കൻ സർക്കാർ അത് അർഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളുമെന്നും ഞാൻ കരുതി. അപ്പോൾ ദാ ഇന്നു വരുന്നു ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഭാരതത്തിലുള്ള സ്ഥാനപതിയുടെ പ്രസ്താവന. പ്രഭാകരനെ ജീവനോടെ കിട്ടിയാൽ ഭാരതത്തിനു കൈമാറുന്ന കാര്യം പരിഗണിക്കാം. പ്രഭാകരന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഗുരുതരമായ ഒരു കുറ്റം രാജീവ് ഗാന്ധി വധക്കേസാണ്. അതിലും വലിയ കൃത്യങ്ങളൊന്നും ഇല്ലന്നാണ് എന്റെ അറിവ്. അതിലെ ഗൂഢാലോചന, അസൂത്രണം എന്നിവയാണ് വേലുപ്പിള്ള പ്രഭാകരന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഈ കേസിൽ തന്നെ രാജ്യത്തെ പരമോന്നത നീതിപീഠം വധശിക്ഷവിധിച്ച മറ്റു നാലുപ്രതികൾ കഴിഞ്ഞ ഒൻപതു വർഷമായി തമിഴ്‌നാട്ടിലെ വെല്ലൂർ ജയിലിൽ കഴിയുന്നു. 1999 ഒൿറ്റോബർ എട്ടിന് ഈ കേസിലെ നാലു പ്രതികളെ സുപ്രീം കോടതി അന്തിമമായി വധശിക്ഷക്കു വിധിച്ചിരുന്നു. തുടർന്ന് ഇവർ സമർപ്പിച്ച ദയാഹർജിയിൽ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിറുത്തിവെയ്ക്കാൻ 1999 നവംബർ 1 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴനാട് സർക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. ആ ദയാഹർജികൾ ഇന്നും തീരുമാനമാവാതെ കിടക്കുന്നു. (ഇതിൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി പിന്നീട് ഇളവു ചെയ്തു) ഈ സാഹചര്യത്തിലാണ് വേലുപ്പിള്ളൈ പ്രഭാകരനെ കൈമാറണം എന്ന് നമ്മുടെ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റവാളികൾ എന്ന് രാജ്യത്തെ പരമോന്നതനീതിപീഠം വിധിച്ചു ശിക്ഷയും പ്രഖ്യാപിച്ചവരെ ശിക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനം എന്തിനാണ് പ്രഭാകരനെ ആവശ്യപ്പെടുന്നത്? ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വാഭാവിക മരണം സംഭിവിക്കുന്നതുവരെ ‘തടവിൽ’ പാർപ്പിക്കാനോ? അതോ വോട്ടു ബാങ്ക് അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ഒരു വിഭാഗം ജനങ്ങളുടെ വോട്ടിനുവേണ്ടി ഇയാളെ മുൻ‌നിറുത്തി വിലപേശാനോ?

ബോംബെ അധോലോക നേതാക്കളിൽ പ്രധാനിയും, 1993-ലെ ബോംബെ സ്‌ഫോടനങ്ങളിൽ പ്രതിയുമായ അബു സലിമിനെ ഇവിടെ എത്തിക്കാൻ സി ബി ഐ ചില ശ്രമങ്ങൾ മുൻപ് നടത്തിയിരുന്നു. പോർട്ടുഗൽ പോലീസ് ഇയാളെ അറസ്റ്റുചെയ്ത വേളയിൽ ആയിരുന്നു അത്. അന്ന് ഇന്ത്യയിൽ ഇയാളെ വധശിക്ഷക്കു വിധേയനാക്കില്ലെന്നു പോർട്ടുഗൽ സർക്കാരിന് എഴുതിനൽകാൻ പോലും ഇവിടത്തെ ഭരണസംവിധാനം തയ്യാറായി. അഥവാ ഏതെങ്കിലും കോടതി ഇയാളെ വധശിക്ഷക്കു വിധിച്ചാൽ ഭരണഘടനയുടെ 72-ആം അനുശ്ച്ഛേദംനൽകുന്ന വിശിഷ്ടാധികാരം ഉപയോഗിക്കാൻ രാഷ്ട്രപതിയോടു ശുപാർശചെയ്യും എന്നർത്ഥം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരു കേസിലും ഇയാൾക്ക് വധശിക്ഷനൽകണം എന്നു സി ബി ഐ വാദിക്കില്ല. അങ്ങനെ നവംബർ 2005-ൽ പോർട്ടുഗൽ ഇയാളെ ഭാരതത്തിനു കൈമാറി. ഇപ്പോളും ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിലെ വിചാരണയുമായി ഇയാൾ ബോംബെയിലെ ഒരു ജയിലിൽ ശക്തമായ കാവലിൽ കഴിയുന്നു. ഇയാളുടെ മേലുള്ള കുറ്റങ്ങൾ തെളിയിക്കപ്പെടാൻ ഇനിയും എത്രകാലം കാത്തിരിക്കണം? ഇനി കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും സ്വാഭാവിക മരണം സംഭവിക്കുന്നതു വരെ ഇയാളെ ചുമക്കേണ്ട ഗതികേടുണ്ടാവും എന്നുറപ്പ്.

പിന്നെ പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സൽ. ഈ മാന്യദേഹത്തിന്റെ ദയാഹർജിയും 2006 ഒൿടോബർ മൂന്നു മുതൽ കേന്ദ്ര‌ആഭ്യന്തരമന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനെല്ലാം പുറമെ അനന്തമായി ‘സൂക്ഷിക്കാൻ’ ഒരു പ്രതിയെക്കൂടി കിട്ടിയിട്ടുണ്ട് നമ്മുടെ സംവിധാനത്തിന്. അജ്‌മൽ കസബ്. മുംബൈ ആക്രമണത്തിൽ കൊല്ലപ്പെടാതെ അവശേഷിച്ച ഏക ഭീകരൻ. ഇയാളെയും മറ്റുള്ളവരെപ്പോലെതന്നെ ‘സംരക്ഷിക്കേണ്ട’ ഗതികേടും നമുക്കുണ്ടാവും എന്നുവേണം കരുതാൻ.

ഇങ്ങനെ ഇവിടെ പിടിക്കപ്പെട്ടവരുടേയും ഇരന്നുവാങ്ങിയവരേയും നേരാംവണ്ണം ശിക്ഷിച്ച ശേഷം പോരെ കൂടുതൽ പേർക്കു വേണ്ടി അന്താരഷ്ട്രസമൂഹത്തോട് ഇരക്കുന്നത്. കൊടും കുറ്റവാളികളെ ഇങ്ങനെ സൂക്ഷിക്കുന്നത് ഭാവിയിൽ കാണ്ഡഹാർ, മുഫ്തി സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ നാണക്കേടിനും ധന നഷ്ടത്തിനും ഇടയാക്കും എന്ന എളിയ അഭിപ്രായമാണ് എന്റേത്.

14 comments:

  1. ഇങ്ങനെ വ്യാകുലപ്പെടാനേ നമുക്ക് കഴിയൂ....ഇപ്പോള്‍ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു, “കഴുതകള്‍ ഭരിക്കുന്ന സിംഹങ്ങളുടെ നാട്.”

    ReplyDelete
  2. ഉചിതമായ പോസ്റ്റ്...

    ആശംസകള്‍ മണീ...

    ReplyDelete
  3. വളരെ വ്യക്തമായി കാര്യം പറഞ്ഞിരിക്കുന്നു. നമ്മുടെ നിയമ വ്യവസ്ഥ തുരുമ്പു പിടിച്ചതാണ്. നടപ്പാക്കുന്ന സംവിധാനങ്ങള്‍ അതിലേറെ ദയനീയ സ്ഥിതിയിലും. നിരപരാധികള്‍ക്കായി കരുതിവച്ചിരിക്കുന്ന നിയമത്തിന്റെ പഴുതുകള്‍ ഉപകാരപ്പെടുക അവര്‍ക്കല്ലെന്നു സാരം.

    ReplyDelete
  4. പലര്‍ക്കും മനസ്സില്‍ തോന്നിയ കാര്യം തുറന്നു പറഞ്ഞതിന് നന്ദി. ഇന്ത്യന്‍ ഭരണകൂടം എന്തിനിങ്ങനെ നാണം കെടുന്നു....

    ReplyDelete
  5. അഭിപ്രായത്തോടു യൊജിക്കുന്നു.കൈവശം ഉള്ള കുറ്റവാളികൾക്ക് പോലും അർഹമായ ശിക്ഷ കൊടുക്കാൻ നമുക്ക് കഴിയുന്നില്ല.പിന്നെന്തിനു ഈ പ്രഹസനം ?

    ReplyDelete
  6. "അതോ വോട്ടു ബാങ്ക് അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ഒരു വിഭാഗം ജനങ്ങളുടെ വോട്ടിനുവേണ്ടി ഇയാളെ മുൻ‌നിറുത്തി വിലപേശാനോ?"

    ദാ.. അതു തന്നെ കാര്യം മണീ...

    ഇതിവിടെ തുറന്നുപറഞ്ഞതിന് നന്ദി.

    ReplyDelete
  7. വ്യക്തതയുള്ള നല്ല അഭിപ്രായങ്ങള്‍....
    അഭിനന്ദനങ്ങള്‍...മണികണ്ഠന്‍...

    ReplyDelete
  8. ശിവ, ഹരീഷ്‌ചേട്ടൻ, അനിൽ‌ജി, Prayan, കാന്താരിക്കുട്ടി, സതീശ്‌ചേട്ടൻ, ചാണക്യൻ നിങ്ങളുടെ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.

    ഇന്നലെ എഴുതാൻ വിട്ടുപോയ ഒന്നുകൂടെ ചേർക്കുന്നു. മുംബൈ ആക്രമണത്തിനു ശേഷം ഭാരതം പാകിസ്താനോടു ശക്തമായി ആവശ്യപ്പെടുന്ന ഒന്നാണ് മുഹമ്മദ് മസൂദ് അസ്‌ഹർ എന്ന കൊടുംഭീകരനെ നമുക്ക് കൈമാറണം എന്നത്. ഹർക്കത്ത്-ഉൾ-അൻസാർ എന്ന ഭീകരസംഘടനയുടെ നേതാവായി ജമ്മു-കാശ്മീരിൽ വിഘടനവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇയാളെ 1994 ഫെബ്രുവരിയിൽ ജമ്മു-കാശ്മീരിൽ വച്ച് നമ്മുടെ സേനാവിഭാഗം പിടികൂടിയതാണ്. തുടർന്ന് 1999 ഡിസംബർ 31 ന് കാണ്ഡഹാർ വിമാനത്താവളത്തിൽ ബന്ദികളാക്കപ്പെട്ട ഐ സി 814 എന്ന വിമാനത്തിലെ 155 ഇന്ത്യക്കാരുടെ ജീവനു പകരമായി മറ്റു രണ്ടു ഭീകരർക്കൊപ്പം വിട്ടുകൊടുക്കുകയായിരുന്നു. തുടർന്ന് ജൈഷ്-എ-മുഹമ്മദ് എന്ന ഭീകരസംഘടന രൂപീകരിച്ച് ഇയാൾ പാകിസ്താൻ ആസ്ഥാനമാക്കി ഇപ്പോഴും പ്രവർത്തിക്കുന്നു. അഞ്ചു കൊല്ലം നമ്മുടെ തടവിൽ ‘സൂക്ഷിച്ചിട്ടും’ ഇയാളെ ഒന്നും ചെയ്യാൻ നമ്മുടെ ഭരണസംവിധാനത്തിനായില്ല എന്നത് ഏറ്റവും ലജ്ജാകരം തന്നെ

    ReplyDelete
  9. വേലുപ്പിള്ള പ്രഭാകരനെ ഇൻഡ്യക്കു കൈമാറണം എന്ന ഇൻഡ്യയുടെ ആവശ്യപ്പെടലിന്റേയും അതംഗീകരിക്കാൻ സന്നദ്ധത കാട്ടുന്ന ശ്രീലങ്കൻ സർക്കാരിന്റേയും നയം ഒന്നു തന്നെയാകണം. വോട്ട് ബാങ്കിനു മുന്നിൽ എന്തു കൊല, എന്തു രാജ്യദ്രോഹം.

    ReplyDelete
  10. “കൊടും കുറ്റവാളികളെ ഇങ്ങനെ സൂക്ഷിക്കുന്നത് ഭാവിയിൽ കാണ്ഡഹാർ, മുഫ്തി സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ നാണക്കേടിനും ധന നഷ്ടത്തിനും ഇടയാക്കും എന്ന എളിയ അഭിപ്രായമാണ് എന്റേത്“
    മണിയേട്ടന്റെ ഈ അഭിപ്രായത്തോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു.

    ReplyDelete
  11. സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും ലക്ഷ്മിക്കും, സൂത്രനും നന്ദി.

    ReplyDelete
  12. ഞാനിപ്പോള്‍ സമാധാനികുന്നത് ഇവരെയൊക്കെ ചുരുങ്ങിയ പക്ഷം തടവിലെങ്ങിലും ഇടാന്‍ കഴിഞ്ഞല്ലോ എന്നാണ്. കാരണം ഇതിലേറെ ക്രുരതകല്‍ ചെയ്തവര്‍ പുറത്തു സ്വൈര വിഹാരം നടത്തുകയാണ്. ഒറീസയിലെ കന്യാസ്ത്രീയെ പിച്ചി ചീന്തിയ ഭീകരനെ ഇതുവരെ ഒന്നു തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. അതുപോലെ ഗ്രഹാം സ്റെയ്ന്‍ ഓര്‍മയില്ലേ? അയാളെ ചുട്ടുകൊന്ന കൊടും ഭീകരനെ നിയമം ഇതുവരെ എന്ത് ചെയ്തു. ഒക്കെ പോട്ടെ ബാബറി മസ്ജിദ് പൊളിച്ചു അട്ടഹിസിച ഭീകരന്മാര്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഒരു സീറ്റ് തറ പെടുത്താന്‍ പെടാ പാടു പെടുന്നു. എന്തിന് പറയുന്നു മുംബൈ കലാപത്തിലും ഗുജറാത്ത് കലാപത്തിലും നമ്മുടെ അന്നുവേഷണ കമ്മീശനുകല് വളരെ വ്യക്തമായി കുറ്റ പത്രം സമര്‍പിച്ചവുരെടെ പേരില്‍ ഒരു വാരന്റെന്കിലും വന്നതായി അറിയില്ല. ഇത്രയും പറഞ്ഞതു നമ്മുടെ അതിര്തികുള്ളില്‍ നടന്ന ഭീകരരുടെ കാര്യത്തിലുള്ള നിയമ നടപടിയാണ്. പിന്നെയല്ലേ അതിര്തികപ്പുറത്തു നിന്നുള്ള ഭീകരരെ ശിക്ഷിക്കുന്ന കാര്യം.

    ReplyDelete
  13. ഞാനിപ്പോള്‍ സമാധാനികുന്നത് ഇവരെയൊക്കെ ചുരുങ്ങിയ പക്ഷം തടവിലെങ്ങിലും ഇടാന്‍ കഴിഞ്ഞല്ലോ എന്നാണ്. കാരണം ഇതിലേറെ ക്രുരതകല്‍ ചെയ്തവര്‍ പുറത്തു സ്വൈര വിഹാരം നടത്തുകയാണ്. ഒറീസയിലെ കന്യാസ്ത്രീയെ പിച്ചി ചീന്തിയ ഭീകരനെ ഇതുവരെ ഒന്നു തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. അതുപോലെ ഗ്രഹാം സ്റെയ്ന്‍ ഓര്‍മയില്ലേ? അയാളെ ചുട്ടുകൊന്ന കൊടും ഭീകരനെ നിയമം ഇതുവരെ എന്ത് ചെയ്തു. ഒക്കെ പോട്ടെ ബാബറി മസ്ജിദ് പൊളിച്ചു അട്ടഹിസിച ഭീകരന്മാര്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഒരു സീറ്റ് തറ പെടുത്താന്‍ പെടാ പാടു പെടുന്നു. എന്തിന് പറയുന്നു മുംബൈ കലാപത്തിലും ഗുജറാത്ത് കലാപത്തിലും നമ്മുടെ അന്നുവേഷണ കമ്മീശനുകല് വളരെ വ്യക്തമായി കുറ്റ പത്രം സമര്‍പിച്ചവുരെടെ പേരില്‍ ഒരു വാരന്റെന്കിലും വന്നതായി അറിയില്ല. ഇത്രയും പറഞ്ഞതു നമ്മുടെ അതിര്തികുള്ളില്‍ നടന്ന ഭീകരരുടെ കാര്യത്തിലുള്ള നിയമ നടപടിയാണ്. പിന്നെയല്ലേ അതിര്തികപ്പുറത്തു നിന്നുള്ള ഭീകരരെ ശിക്ഷിക്കുന്ന കാര്യം.

    ReplyDelete
  14. arivu thedi: ഇവിടെ എത്തിയതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും നന്ദി. ശരിയായ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി രാജ്യത്തെ പരമോന്നത നീതിപീഠം ശിക്ഷയും വിധിച്ച വ്യക്തികളുടെ ശിക്ഷനടപ്പാക്കുന്നതിൽ വിവിധ ഭരണകൂടങ്ങൾ കാണിച്ച നിസ്സംഗതയിൽ എനിക്കുള്ള പ്രതിക്ഷേധമാണ് ഞാൻ ഇവിടെ എഴുതിയത്. ഇത്തരത്തിൽ ശിക്ഷവിധിക്കപ്പെട്ടവരുടെ തുടർനടപടികൾ എടുക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കാണ്. അതു കൃത്യമായി നിർവഹിക്കാതെ കൂടുതൽ കുറ്റവാളികളെ അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതു നിരർത്ഥകമാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്‌.

    ഞാൻ ഇവിടെ ഞാൻ പ്രതിപാദിച്ച എല്ലാ കുറ്റകൃത്യങ്ങളും രാജ്യത്തിനു വെളിയിലുള്ള ഏജൻസികൾ ഈ രജ്യത്തെ അഖണ്ഡ്തയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ചെയ്തവയാണ്. രാജ്യത്തുണ്ടാകുന്ന ആഭ്യന്തര കലാപങ്ങളും അതു പോലെ തന്നെയുള്ള അസൂത്രിതമായ കൊലപാതങ്ങളും അന്വേഷിക്കുകയും അതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. എതു കുറ്റകൃത്യത്തിലായാലും കുറ്റം ആരോപിക്കപ്പെട്ട വ്യക്തി കുറ്റക്കാരനാണെന്ന് കോടതികൾ കണ്ടെത്തി ശിക്ഷവിധിച്ചുകഴിഞ്ഞാൽ അതു നടപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ കാലവിളംബം വരുത്തരുത് എന്ന അഭിപ്രായമാണ് എന്റേത്. ഒരു രാജ്യത്തിന്റെതന്നെ നിലനില്പിനെ അപകടപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കുന്നതിൽ സർക്കാരുകൾ കാണിക്കുന്ന ഈ നിസ്സംഗത തികച്ചും അപഹാസ്യമാണ്.

    ReplyDelete

Thank you for visiting my blog. Please leave your comments here.