വിനോദസഞ്ചാര മേഖലയ്ക്കു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ വളരെ നിർണ്ണായകമായ ഒരു സ്ഥാനം ഉണ്ട്. കടൽത്തീരവും, കായലുകളും, മലയും കാടും എല്ലാം കേരളത്തിന് പ്രകൃതി കനിഞ്ഞുനൽകിയ സമ്പത്തുകളാണ്. ഇവിയിൽ ചില സ്ഥലങ്ങളെക്കുറിച്ചുള്ള ചെറിയ വിവരങ്ങൾ ഞാൻ എന്റെ പഴയ ചില പോസ്റ്റുകളിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണത്തെ യാത്ര മൂന്നാറിലേയ്ക്കാണ്. കേരളത്തിന്റെ ഉതകമണ്ഡലം (ഊട്ടി) എന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആണ് മൂന്നാർ. ബൂലോകത്തെ എല്ലാവരും തന്നെ മൂന്നാറിന്റെ പ്രകൃതി ഭംഗി അറിയുന്നവരാണെന്നു ഞാൻ കരുതുന്നു. മൂന്നാറിനെക്കുറിച്ചുള്ള സമഗ്രമായ വിവരണം എന്ന ഉദ്ദേശം ഈ പോസ്റ്റിനില്ലെന്നു ഞാൻ ആദ്യമെ അറിയിക്കട്ടെ.
ചിത്രത്തിൽ കാണുന്നത് കേരള സംസ്ഥാന ഇലൿട്രിസിറ്റി ബോർഡിന്റെ മൂന്നാറിലുള്ള ഹെഡ് വർക്ക്സ് ആണ്. മൂന്നാറിൽ നിന്നും കേരളത്തിന്റെ ആദ്യത്തെ ജലവൈദ്യുത നിലയമായ പള്ളിവാസലിലേയ്ക്ക് വെള്ളം എത്തിക്കുന്ന സംവിധാനങ്ങളിൽ ഒന്നാണിത്. മാട്ടുപ്പെട്ടി ഡാമിൽനിന്നുള്ള വെള്ളവും പള്ളിവാസലിൽ എത്തുന്നു. ഈ ഹേഢ് വർക്ക്സ് ഉദ്ഘാടനം തിരുവിതാംകൂറിന്റെ അവസാന ദിവാനായ സർ സി പി രാമസ്വാമി അയ്യർ ആണ് നിർവ്വഹിച്ചത്. ഇതിനു മുകളിലൂടെ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാവുന്ന ഒരു റോഡ് ഉണ്ട്. ബൈസൺ വാലി റോഡ് എന്ന ഈ വഴിയിലെ ചില കാഴ്ചകളാണ് ഈ ബ്ലോഗിലൂടെ ഞാൻ അവതരിപ്പിക്കുന്നത്.
അടിമാലിയിൽ നിന്നും മൂന്നാറിൽ എത്തുന്നതിനു പ്രധാനമായും രണ്ടു മാർഗ്ഗങ്ങൾ ഉണ്ട്. ഒന്ന് ദേശീയപാത 49 വഴി, അടിമാലിയിൽ നിന്നും കല്ലാർ വഴി മൂന്നാറിൽ എത്താം. ഈ പത പ്രധാനമായും ജനവാസം കുറഞ്ഞ മേഖലയിലൂടെ കടന്നുപോവുന്നതാണ്. രണ്ടാമത്തേത് തോക്കുപാറ, ആനച്ചാൽ, ചിത്തിരപുരം വഴിയാണ്. ഇതു ജനസാന്ദ്രമായ പ്രദേശത്തുകൂടി കടന്നു വരുന്നു. മഴക്കാലത്ത് എപ്പോഴും അനുയോജ്യം രണ്ടാമതു പറഞ്ഞ വഴിയാണെന്നു കരുതുന്നു. മൂന്നാർ ടൗൺ എത്തുന്നതിനു എകദേശം രണ്ടു കിലോമീറ്റർ മുൻപാണ് രാമസ്വാമി അയ്യർ ഹെഢ് വർക്ക്സ്. ഹെഢ് വർക്ക്സിന്റെ ഷട്ടറുകളിൽ നിന്നും ഒഴുകുന്ന വെള്ളമാണ് ചിത്രത്തിൽ. ഹെഢ് വർക്സിനോടുചേർന്ന് ചെറിയ ഒരു ഉദ്യാനവും കെ എസ് ഇ ബിയ്ക്കുണ്ട്.
ഹെഢ് വർക്സിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പിന്നിടുമ്പോൾ താഴ്‌വരയുടെ മനോഹരമായ ദൃശ്യങ്ങൾ കാണാൻ സാധിക്കുന്ന ഒരു വ്യു പോയിന്റിൽ എത്താം. ചിത്രങ്ങൾ എടുക്കുന്ന ധാരളം വിനോദ സഞ്ചാരികളെ ഇവിടെകാണാം. തേയിലതോട്ടവും അതിനിടയിലൂടെ കടന്നു പോവുന്ന റോഡും ചെറിയ കുന്നുകളും എല്ലാം കൂടി മനോഹരമയ ഒരു ദൃശ്യം സമ്മാനിക്കുന്നു.
ബൈസൺ വാലി റോഡിൽ വളരെയധികം റിസോർട്ടുകൾ ഉണ്ട്. ഇവയിൽ പലതും അനധികൃതമണെന്ന കാരണത്താൽ സർക്കാരിന്റെ പോളിച്ചുനീക്കൽ ഭീഷിണിയുടെ മുൻപിൽ ആണ്. റിസോർട്ടുകൾ ഇത്തരത്തിൽ പൊളിച്ചുനീക്കുന്ന സർക്കാർ സംവിധാനത്തോട് എനിക്കു വിയോജിപ്പാണുള്ളത്. അനധികൃതമായി റിസോർട്ടുകൾ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാർ സംവിധാനങ്ങളൂടെ പിടിപ്പുകേടിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം റിസോർട്ട് നിർമ്മിക്കുന്നതിന് അനുമതിനൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും നിലവിൽ ഇത്തരത്തിലുള്ള റിസോർട്ടുകൾ സർക്കാർ ഏറ്റെടുത്ത് നടത്തുകയും വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഏലപ്പാട്ട ഭൂമിയിലും, വനമേഖലയിലും റിസോർട്ടുകൾ അനധികൃതമായി മേലിൽ നിർമ്മിക്കപ്പെടാതിരിക്കുന്നതിനും സർക്കാർ ശ്രദ്ധിക്കണം. ഈ വിവാദങ്ങൾക്കിടയിലും സ്വദേശീയരും വിദേശീയരുമായ ധാരളം വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നു എന്നത് ആശ്വാസം തന്നെ.
വീണ്ടും മുൻപോട്ടു നടന്നാൽ ഇരുവശവും ഏലച്ചെടികളാണ്. കാടിനു നടുവിലായി വന്മരങ്ങൾ വെട്ടിമാറ്റാതെതന്നെ അവയുടെ ഇടയിൽ ഏലം കൃഷിചെയ്തുവരുന്നു. ഇത്തരത്തിലുള്ള ഏലം കൃഷിത്തോട്ടങ്ങളിൽ ചിലതാണ് റിസോർട്ട് നിർമ്മാണത്തിന് ഉപയോഗിച്ചതെന്നു സർക്കാർ കണ്ടെത്തിയത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ വിലകുറഞ്ഞതാവാം ഇത്തരം ഒരു മാറ്റത്തിനു പലരേയും പ്രേരിപ്പച്ചത്.
ഏറ്റവും കൂടുതൽ കീടനാശിനിപ്രയോഗം നടക്കുന്ന ഒന്നാണ് ഏലം കൃഷി. പൂക്കുന്നതുമുതൽ ഏലം പാകമവുന്നതുവരെയുള്ള കാലയളവിൽ എറ്റവും ചുരുങ്ങിയത് ഏഴുതവണയെങ്കിലും കീടനാശിനികൾ തളിക്കുമത്രേ. അതുകൊണ്ടുതന്നെ ഏലക്കായയുടെ തൊണ്ടിൽ വളരെയധികം കീടനാശിനികൾ അടങ്ങിയിരിക്കുമെന്ന് ചിലർ മുന്നറിയിപ്പുതരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റർ കൂടികഴിഞ്ഞാൽ പോതൻമേട് എന്ന ചെറിയ ഗ്രാമത്തിൽ എത്താം. ഗ്രാമം എന്നു വിളിക്കാമോ എന്നു തീർച്ചയില്ല. വളരെക്കുറച്ചു തോട്ടം തൊഴിലാളികളായ തമിഴർ താമസിക്കുന്ന സ്ഥലമാണിത്.
മഴക്കാലത്താണ് ഈ റോഡിലൂടെ പോവുന്നതെങ്കിൽ പാറക്കെട്ടിൽനിന്നും വരുന്ന ഇത്തരം ചെറിയ നീർച്ചാലുകളും കാണാം.
പോതൻമേടിലെ ഒരു വ്യൂ പോയിന്റിൽ നിന്നുള്ള ദൃശ്യം. മേഘങ്ങൾ ചുംബിക്കുന്ന ഒരു കുന്ന്. ഇവിടെയും ചില ചെറിയ റിസോർട്ടുകൾ ഉണ്ട്.
അവിടെനിന്നും കുറച്ചുകൂടി യാത്രചെയ്താൽ കാണുന്ന റിസോറ്ട്ടുകളിൽ ഒന്നിലേയ്ക്ക് പോവാം. കാടിനു നടുവിൽ മൂന്നാർ നഗരത്തിന്റെ തിരക്കുകളിൽ നിന്നും വിട്ടൊഴിഞ്ഞ് പ്രകൃതിസുന്ദരവും ശാന്തവുമായ അന്തരീക്ഷത്തിൽ ഉള്ള കൊച്ചു കൊച്ചു വീടുകൾ ആണ് ഈ റിസോർട്ടുകളുടെ പ്രത്യേകത. സ്വതന്ത്രമായ വില്ലകൾ.
അത്ത്രത്തിൽ ഉള്ള കോട്ടേജുകളിൽ ഒന്ന്. പൂമുഖവും, സ്വീകരണമുറിയും, കിടപ്പുമുറിയും, എന്തിന് അടുക്കളപോലും ഉണ്ട് ഈ വില്ലകളിൽ. സകുടുംബം വരുന്ന ചില ഉത്തരേന്ത്യൻ വിനോദസഞ്ചാരികൾ സ്വന്തം പാചകക്കാരേയും കൊണ്ടാണത്രെ വരുന്നത്. അവർക്കാവശ്യമുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ലഭ്യമാണ്. എന്നാലും മിക്കാവാറും റിസോർട്ടുകൾ ഭക്ഷണം ഉൾപ്പടെയുള്ള പാക്കേജായിട്ടാണ് താമസസൗകര്യം ഒരുക്കുന്നത്.
ഇതാ മറ്റൊരു കോട്ടേജിന്റെ ചിത്രം. കാടിനു നടുവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും ഉള്ള ഒരു സ്ഥലത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒഴിവുദിവസം ചെലവൊഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഇവിടം.
പല റിസോർട്ടുകളിലും മനോഹരമായ ഉദ്യാനങ്ങളും ഉണ്ട്. കൂടെ ഏലവും, ഈറ്റയും എല്ലാം കാണാം.
അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള ദേശീയപാതയുടെ ഇരുവശത്തും പലസ്ഥലങ്ങളിലും സമൃദ്ധമായ ഈറ്റക്കാടുകൾ ഉണ്ട്. ആനയുടെ ഇഷ്ടവിഭവമാണ് ഈറ്റ. ഈറ്റതിന്നുന്നതിനിറങ്ങുന്ന ആനക്കൂട്ടങ്ങൾ രാത്രികാലങ്ങളിൽ പലപ്പോഴും സഞ്ചാരികൾക്ക് ഭീഷിണിയാവാറുണ്ട്. അതുകൊണ്ടുതന്നെ രാത്രി അധികം വൈകി ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതാണ് നല്ലത്.
അല്പം സാഹസീകത ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ചില റിസോർട്ടുകളിൽ ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഈ ചിത്രത്തിൽ. പടികൾ വഴി മുകളിലെ മരംകൊണ്ടുള്ള പ്ലറ്റ്‌ഫോമിലും അവിടെനിന്നും റോപ്പ്‌വേ വഴി അടുത്തുള്ള പാറക്കെട്ടിലും ഇറങ്ങാം. പാറക്കെട്ടിൽ നിന്നും ഇറങ്ങുന്നതിനു റോപ്പ് ലാഡറും ഉണ്ട്. അധികം അപകടം ഇല്ലാത്ത സുരക്ഷിതമായ ഒരു സാഹസികത.
സാഹസികത ഇഷ്ടമല്ലാത്തവർക്കായി ചുറ്റിനടക്കാനും സ്വസ്ഥമായിരുന്നു സല്ലപിക്കാനും ഉള്ള ഉദ്യാനവും ഉണ്ട്. മനോഹരമായ പൂക്കളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ഒരു നടത്തവും ആവാം.
കേരളത്തിൽ വന്നാൽ കരകൗശലവസ്തുക്കൾ വാങ്ങാതെ പോവുകയോ? യാത്രയുടെ ഓർമ്മയ്കായി എന്തെങ്കിലും വാങ്ങണ്ടെ. അതിനും വെളിയിൽ എങ്ങും പോകേണ്ട. കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ചില റിസോർട്ടുകളിൽ ഉണ്ട്.
ഈ സ്റ്റാളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഇതാണ്. പൂർണ്ണമായും നാളികേരത്തിൽ കൊത്തിയെടുത്ത ചില രൂപങ്ങൾ. ആനയും, ഗണപതിയും, കുരങ്ങനും എല്ലാം ഉണ്ടിതിൽ.
എത്രകണ്ടാലും മതിവരാത്ത ഒരു പാടു വിശേഷങ്ങൾ മൂന്നാറിലുണ്ട്. ഇതു അതിന്റെ വളരെ ചെറിയ ഒരു ചിത്രം മാത്രം. മൂന്നാർ മാത്രമല്ല വാഗമൺ, കുട്ടിക്കാനം, പീരുമേട്, പൊന്മുടി അങ്ങനെ എത്രയെത്ര ഹിൽ സ്‌റ്റേഷനുകൾ നമുക്കുണ്ട്. ഇവിയെല്ലാം പൂർണ്ണമായും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സംരംഭങ്ങളാണ് നമുക്കാവശ്യം.
മൂന്നാറിലെ യാത്ര നന്നായ് enjoy ചെയ്തൂട്ടോ.
ReplyDeleteപരിചിതമായ സ്ഥലമെങ്കിലും ചില പുതിയ അറിവുകളും ഇപ്പോൾ കിട്ടി. പ്രത്യേകിച്ച് കാടിനുനടുവിലുള്ള റിസോർട്ടും അവിടെ സാഹസികതയ്ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും മറ്റും..
ReplyDeleteനന്ദി മണികണ്ഠാ.
മൂന്നാറില്‍ എത്രപ്രാവശ്യം പോയിരിക്കുന്നു എന്ന് നിശ്ചയമില്ല. എന്നിട്ടും പോസ്റ്റ് പുതുമ നല്‍കി.
ReplyDeleteകൊള്ളാം ..
ReplyDeleteറിസോര്‍ട്ടുകള്‍ ഇപ്പോഴും ഇല്ലേ.. അച്ചുമാമന്‍ പൊളിഞ്ഞു കളഞ്ഞില്ലല്ലോ ?... നന്ദി സുഹൃത്തേ...
മൂന്നാറിലും മാട്ടുപ്പെട്ടിയിലും കുറെ നാൾ താമസിച്ചിട്ടുണ്ട് എങ്കിലും ഈ യാത്രാ വിവരണം നല്ലൊരു അനുഭവമായി.എനിക്ക് ഇടുക്കിയെ പറ്റി ഓർക്കുമ്പോൾ അവിടുത്തെ പൂക്കളെ ആണു ഓർമ്മ വരിക.വെറുതേ കാട്ടിൽ നിൽക്കുന്ന പൂക്കൾക്കു പോലും എന്തൊരു ഭംഗിയാണു ? തേയിലത്തോട്ടങ്ങളും മലമുകളിൽ നിന്ന് ഒഴുകി വരുന്ന നീർച്ചോലകളും കണ്ടാൽ മതിവരുകയേ ഇല്ല.
ReplyDeleteപാറുക്കുട്ടി, ബിന്ദു കെ പി, അനിൽജി, പകൽകിനാവൻ, കാന്താരിക്കുട്ടി ഈ വഴി വന്നതിനും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനും വളരെ നന്ദി.
ReplyDeleteചിത്രങ്ങൾ കണ്ടിട്ടു കൊതിയാവുന്നേ..........
ReplyDeleteവിവരണം കൂടി വായിച്ച് പിന്നീട് അഭിപ്രായം പറയാട്ടോ
മണീ;
ReplyDeleteഞാന്‍ ഇന്നു വരെ മൂന്നാറില്‍ പോയിട്ടില്ല...
ഈ ക്രിസ്റ്റുമസ്സ് അവധിക്കെങ്കിലും പോകണം എന്നു വിചാരിച്ചതാ; അതും നടക്കുമെന്നു തോന്നുന്നില്ല...
ഏതായാലും ഈ വിവരണങ്ങള്‍ എനിക്കുപകാരപ്പെടും എന്ന് ഉറപ്പ്..
എങ്കിലും മൂന്നാറിനെപറ്റി കുറച്ചുകൂടി വിശദമാക്കാമായിരുന്നു എന്നെനിക്കു തോന്നുന്നു...
ലക്ഷ്മി സന്ദർശനത്തിനു നന്ദി. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
ReplyDeleteഹരീഷ്‌ചേട്ടാ സന്ദർശനത്തിനു നന്ദി. മൂന്നാർ യാത്ര എത്രയും പെട്ടന്ന് സാദ്ധ്യമാവട്ടെ എന്നാശംസിക്കുന്നു.
മണീ...
ReplyDeleteഈ റിസോര്‍ട്ട് ചില ചിത്രങ്ങളിലും പരസ്യങ്ങളിലും കണ്ടിട്ടുണ്ട്. കൂടുതല്‍ പരിചയപ്പെടുത്തിയതിന് നന്ദി. മൂന്നാറിലേക്കുള്ള എനിക്ക് പരിചയമില്ലാത്ത ചില പാതകളും , കുറേ പുതിയ വിവരങ്ങളും ഈ പോസ്റ്റ് നല്‍കി. പെരുത്ത് നന്ദി.
മനോജേട്ടാ ഈ സന്ദർശനത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി.
ReplyDeleteസത്യം പറഞ്ഞാൽ ഞാൻ ഇതു വരെ മൂന്നാറിൽ പോയിട്ടില്ല. എന്തിനു പറയുന്നു കോവളത്തു പോലും പോയിട്ടില്ല. തിരുവനന്തപുരത്ത് കാരൻ എന്നു പറയാൻ നാണക്കേറ്ട്. മുറ്റത്തെ മുല്ലക്കു മണമില്ല എന്നല്ലെ.എന്തായാലും മൂന്നാർ യാത്ര രസിച്ചു കേട്ടോ. അല്ല ഇനി ഏപ്രിൽ 19നു ശേഷം ആണോ മൂന്നാറിലൊക്കെ കറങ്ങുന്നതു?
ReplyDelete