Saturday, 21 June 2008

BSNL DataOne എന്റെ കൈപ്പേറിയ അനുഭവങ്ങള്‍‌

ഭാരതത്തിലെ ഇന്റെര്‍‌നെറ്റ് സേവനദാതാക്കളില്‍ ഒന്നാം സ്ഥാനം അവകാശപ്പെടുന്നവരാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ്‌ഡ്‌ അഥവാ BSNL. അത്തരം പരസ്യങ്ങളില്‍ ആകൃഷ്ടനായി ഞാനും 03/01/2007 ല്‍ ഒരു കണക്ഷനു അപേക്ഷിച്ചു. നീണ്ട 11 മാസത്തെ കാത്തിരിപ്പിനു ശേഷം 27/11/2007ല്‍ എനിക്കു കണക്ഷന്‍ കിട്ടി. തുടര്‍ന്നിങ്ങോട്ടുണ്ടായ കുറെ കൈപ്പേറിയ അനുഭവങ്ങള്‍ ഞാന്‍ എന്റെ മറ്റൊരു ബ്ലോഗില്‍ വിശദമായിത്തന്നെ ഇതിനു മുന്‍പേ പ്രതിപാദിച്ചിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു മാസക്കാലമായി ഞാന്‍ ആ ബ്ലോഗില്‍ ഒന്നും എഴുതാറില്ല. അതിലെ അവസാനത്തെ പോസ്റ്റ് കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു. പിന്നീട്‌ അതില്‍ എന്തെന്കിലും എഴുതുന്നത്‌ നിറുത്തിവെക്കാനുള്ള പ്രധാന കാരണം എന്നെക്കാള്‍ വലിയ ദുരിതങ്ങളാണ് മറ്റുള്ളവര്‍ക്കുള്ളത്‌ എന്ന അറിവാണ്. എന്നാലും ഉപഭോക്താക്കളോടുള്ള BSNL ന്റെ അവഞ്ജ വീണ്ടും എന്തെങ്കിലും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം എപ്പോഴും down ആവുന്ന server ആണ്. ഇതു പരിഹരിക്കപ്പെടുന്നതിന് പലപ്പോഴും രണ്ടു ദിവസം വരെ എടുക്കും എന്നതാണ്. ഈ ആഴ്ചയില്‍ ഇന്നത്തേതുള്‍‌പ്പെടെ ഇതു രണ്ടാമത്തെ തവണയാണ് server down ആവുന്നത്‌. BSNL ന് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഒരു tolefree call centre number 12678 (നേരത്തെ ഇതു 1957 ആയിരുന്നു). ഒരിക്കലും പെട്ടന്നു ലഭ്യമല്ലാത്ത ഒരു നമ്പര്‍‌. പലപ്പോഴും തുടര്‍ച്ചയായി അരമണിക്കൂറെങ്കിലും വിളിച്ചാല്‍‌ മാത്രമേ ഒരു ഉദ്യോഗസ്ഥനോടു സംസാരിക്കന്‍ തന്നെ സാധിക്കൂ. അതിലും രസകരം രാവിലെ 9:30 മുതല്‍ വൈകീട്ടു 05:00 മണിവരെ മാത്രമെ ഈ സേവനം ലഭ്യമായുള്ളു എന്നതാണ്. ഏതൊരു സേവനമേഖലക്കും വേണ്ട പ്രധാന ഗുണമായ ഉപഭോക്തൃസേവനം Broadband Internet ന്റെ കാര്യത്തില്‍ BSNL വളരെ പിന്നിലാണ്. അതുപോലെ തന്നെ ആദ്യത്തെ പ്ലാന്‍ Home250യില്‍ നിന്നും Home500 ലേക്കുമാറാനും ഒരു വര്‍‌ഷത്തേക്കുള്ള വരിസംഖ്യ ഒരുമിച്ചടക്കുന്നതിനും വേണ്ടി ഞാന്‍ 19/12/2007ല്‍‌ നല്‍കിയ അപേക്ഷ ഇന്നു വരെയും പൂര്‍‌ണ്ണമായും നടപ്പാക്കിയിട്ടില്ല. എന്റെ അപേക്ഷപ്രകാരം പ്ലാന്‍‌ മാറ്റവും, വരിസംഖ്യ ഒരുമിച്ചടക്കുന്നതിനു അനുവദിച്ചുകൊണ്ടും ബന്ധപ്പെട്ട accounts officer 20/12/2007ല്‍ തന്നെ ഉത്തരവായിട്ടുണ്ട്‌. കഴിഞ്ഞമാസം വരെ പലവട്ടം എറണാകുളത്തുള്ള കാത്തോലിക്‍ സെന്ററിലെ BSNL ആഫീസില്‍ കയറിയിറങ്ങിയ ശേഷം ഈ മാസം മാത്രമാണ് പ്ലാന്‍ മാറ്റം അനുസരിച്ചുള്ള ബില്ല്‌ എനിക്കു ലഭിക്കുന്നത്‌. കഴിഞ്ഞ മാസങ്ങളില്‍ Home500 അനുസരിച്ചുള്ള fixed charge വാങ്ങുകയും usage Home250 അനുസരിച്ചു കണക്കാക്കുകയുമാണ് ചെയ്തത്‌. ഈ മാസം അതു ശെരിയാക്കി എങ്കിലും വാര്‍‌ഷികവരിസംഖ്യ ഒന്നിച്ചടക്കുന്നതു സംബന്ധിച്ച അറിയിപ്പൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. ശരിയായി നടത്താവുന്ന കാര്യങ്ങളില്‍ BSNL കാണിക്കുന്ന കെടുകാര്യസ്ഥതക്കു ഉദാഹരണം ആണിത്‌. അതിനു പുറമേയാണ് ഇടക്കിടക്കുണ്ടാവുന്ന ഈ സാങ്കേതിക തകരാറുകള്‍. ഇന്നു BSNL Broadband ലഭ്യമല്ല. നാളയോ മറ്റന്നാളോ ഈ തകരാര്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഞാന്‍.

13 comments:

  1. മണികണ്ഠൻ, ബി. എസ്. എൻ. എൽ ന്റെ ഇന്റർനെറ്റ് എടുത്തതിൽ ബഹുഭൂരിപക്ഷത്തിനും ഇതേ അനുഭവങ്ങളൊക്കെ തന്നെ.എന്റെ അനുഭവങ്ങൾ ഇവിടെ കുറിക്കാൻ പോയാൽ വായിച്ചാലും വായിച്ചാലും തീരില്ല!. എന്നെ അവരിപ്പോൾ കരിമ്പട്ടികയിൽ പെടുത്തിയോന്ന് സംശയവും ഉണ്ട്. പരാതി കത്തുകൾ കൊണ്ട് അവിടെയുള്ള എന്റെ ഫയലിപ്പോൾ നിറഞ്ഞുകാണും. ഏറ്റവും ഒടൂവിൽ ബ്രോഡ് ബാന്റിനു അപേക്ഷിച്ച്താണ് ഒരു മാസം പിന്നിട്ടു. വൈകുന്നെരം 5 മണിവരെ ഇടയ്ക്കിടയ്ക്ക് കണക്ഷൻ കിട്ടും 5 മണി കഴിഞ്ഞാൽ നെറ്റില്ല. ഡി എസ് എൽ മാത്രം മിന്നും!. പല തവണ പരാതി പറഞ്ഞു. ബ്രോഡ് ബാന്റിന്റെ ചുമതലയുള്ള എഞ്ചിനീയറെ ഇവിടെ നിന്നും വിളിച്ചു പരാതിപ്പെട്ടു. എക്സ്ചേഞ്ചിൽ എന്റെ മോൻ നിത്യ സന്ദർശകനായി. ഓരൊ തവണ ചെല്ലുമ്പോഴും ഓരൊരൊ കാര്യങ്ങൾ പറഞ്ഞു വിടും. വോൾട്ടെജില്ലാത്തത പ്രശ്നം , സ്പ്ലീറ്റർ ഇല്ല എന്നിങ്ങനെ. ബില്ലടയ്ക്കാൻ സമയം ഈവക കാര്യങ്ങളൊന്നും ഉണ്ടാവില്ല!.
    പരാതി പറഞ്ഞു മടുത്തു!.

    ReplyDelete
  2. മണീ,നാടിന്റെ ഒരോ കാര്യങ്ങളും ഇത്രയും കൃത്യമായി വിശകലനം ചെയ്തെഴുതുന്നത് ഓടിവന്നൊരു സര്‍വീസിന്‍പ്ലൈ ചെയ്യുന്നവര്‍ക്ക് വന്‍ സഹായമാണു.ബൈദവേ ബി എസ് എന്‍ എല്‍ അര്‍ദ്ധസ്വകാര്യ സംരഭമായതിനാല്‍ അതിന്റെ സര്‍വീസ് വളരെയധികം മെച്ചപ്പെട്ടിരിക്കും എന്നു പ്രതീക്ഷിച്ചിരിക്കുമ്പോ ഇത്തരം ഒരു അനുഭവം തീര്‍ച്ചയായും നല്ലകാര്യമല്ല.ആരെങ്കിലും ഒരു മെയില്‍ കോമ്പറ്റീഷനര്‍ ആയി ആ മേഖലയില്‍ ഇല്ലാത്തതിന്റെ കുത്തക മൂരാച്ചിത്തരമാണോ ഇത് ?

    ReplyDelete
  3. പ്രിയ മണികണ്ഠന്‍,

    ഞാന്‍ ബി.എസ്.എന്‍.എല്‍ കമ്പനിയുടെ ആളൊന്നുമല്ല. എന്നാലും ചില കാര്യങ്ങള്‍. ഞാന്‍ തിരുവനന്തപുരത്തു നിന്നുമാണ്. ഇവിടെ അമ്മാതിരി പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. സെര്‍വര്‍ ഡൌണ്‍ ആകുന്നത് ബി.എസ്.എന്‍.എല്‍ ന് മാത്രമല്ലല്ലോ. ബി.എസ്.എന്‍.എല്‍ ന്റെ അത്രയും വേഗതയുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്ന വേറെ ഏതു ദാതാവാണ് ഇവിടെയുള്ളത്. അതുപോലെ ഇത്രയും കാര്യക്ഷമമായ കസ്റ്റമര്‍ സര്‍വീസ് ആര്‍ക്കാണ് ഉള്ളത്. ബില്ലിന്റെ പ്രോബ്ലങ്ങളും അങ്ങനെ തന്നെ. ഇത് ഞങ്ങളുടെ നാട്ടിലെ കാര്യമായിരിക്കാം. ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ അന്നാസ്ഥ കാരണം ഉണ്ടാകുന്ന ചെറിയ തകരാറുകള്‍ക്ക് ആ സ്ഥാപനത്തെ മുഴുവനായി കുറ്റം പറയുന്ന രീതി ശരിയല്ല. താങ്കള്‍ വേറെ ഏതെങ്കിലും ദാതാവിന്റെ സേവനം ഉപയോഗിച്ച് നോക്കൂ. അപ്പോള്‍ മനസ്സിലാകും വ്യത്യാസം.

    സസ്നേഹം,

    ശിവ.

    ReplyDelete
  4. സിവ,
    ഞാനും ഒരു തിരു:പുരത്തുകാരനാണെ എന്റെ അനുഭവം നല്ലതല്ല!.
    ഒരു കാര്യം സമ്മതിക്കം. മറ്റു പ്രൊവൈഡറ് മാരെ വച്ചു നോഒക്കുമ്പോൾ തമ്മിൽ ഭേദം ആണെന്നു പറയാം. പക്ഷെ സർവ്വീസ് ഒക്കെ കണക്കാ.
    രണ്ടു മാസമായി ഞാൻ കണക്ഷൻ എടുത്റ്റിട്ട്. അനുഭവം മുകളിൽ എഴുതിയിട്ടുണ്ട്!.

    ReplyDelete
  5. അതെ നന്ദു അതു തന്നെയാ ഞാനും പറഞ്ഞത്...തമ്മില്‍ ഭേദം തൊമ്മന്‍....

    ReplyDelete
  6. ശിവ യുടെ അനുഭവമാണ് എനിക്കുമുള്ളത്.
    യാതൊരു ബുദ്ധിമുട്ടുമില്ല.
    250ന്റെ പ്ലാനില്‍ നിന്നും ചെയ്ഞ്ചുചെയ്യാന്‍ 5 ദിവസമേ എടുത്തുള്ളു..

    ReplyDelete
  7. BSNL നല്ല സേവനം തന്നെയാണ്‌ നല്‍കുന്നത്.
    സ്പീഡ് ഏഷ്യാനെറ്റിനേക്കാള്‍ ഉണ്ട്.
    പിന്നെ ആകെയുള്ള പ്രശ്നം പരാതി പരിഹരിക്കപ്പെടുന്നില്ല.
    അവര്‍ക്ക് തോന്ന്യാസം പോലാണ്‌.
    എനിക്ക് 500 night അണ്‍ലിമിറ്റഡ് ഉപയോഗിച്ചതിന്‌ 1236 കേറി വന്നു..
    അതിന്‌ ഞാന്‍ വിളിക്കാത്ത നമ്പറില്ല.
    അതെന്താ പറ്റിയതെന്നോ ഞാന്‍ ഫെബ്രുവരി 2011 പ്ലാന്‍ 500-ല്‍ നിന്നും 250 ആക്കാന്‍ കൊടുത്തു. Feb.1 എന്ന് എടുത്ത് പറഞ്ഞതുമാണ്‌. പ്കഷെ ജനുവരിയില്‍ 250 Plan ഇടക്ക് കേറി വന്നു.
    500 നൈറ്റ് ഉപയോഗിച്ചതിന്‌ 250 -ന്‍റെ ബില്‍..

    എക്സേഞ്ചില്‍ ഇരിക്കുന്ന പോത്തുകളേ എങ്ങനെ വിളിക്കണം..
    അവരുടെയൊക്കെ സംസാരം കേട്ടാല്‍ തോന്നും അവന്മാരുടെ ഓശാനത്തിലാണ്‌ ജീവിക്കുന്നതെന്ന്. നെറ്റ് കട്ടാകുന്നത് ഒറ്റപ്പെട്ട സംഭവമല്ല..... സ്ഥിരം തന്നെ... ഇത് സ്ഥലം ആലപ്പുഴ..
    ശിവ പറഞ്ഞത് താങ്കള്‍ക്ക് കട്ടാകുന്നുണ്ടായിരുന്നെങ്കില്‍ താങ്കളും ഇങ്ങനെ പ്രതികരിച്ചേനേ.....

    കട്ടാകുന്നത് കൊണ്ടല്ലേ കട്ടാകുന്നു എന്നു പറഞ്ഞത്.. അല്ലാതെ കട്ടാണെന്ന് കള്ളം പറഞ്ഞിട്ട് എന്തു പ്രയോജനം.....

    ReplyDelete
  8. പോക്കറ്റടിക്കാന്‍ BSNL വരുന്നു, എത്രയും വേഗം മൊബൈലിലെ * ബട്ടണ്‍ ഇളക്കിമാറ്റുക..


    ഉപഭോക്താവിന്റെ പണം തട്ടിയെടുക്കാന്‍ bsnl പുതിയ വഴികള്‍ തേടുകയാണ്.

    BSNL മൊബൈലിന് പണം ഈടാക്കുന്ന ചില സര്‍വ്വീസുകള്‍ ഉണ്ടല്ലോ,ബാക്ക് റിംഗ് ടോണ്‍ പോലുള്ളവ.
    വാല്യൂ ആഡഡ് സര്‍വീസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവ.വലിയൊരു ശതമാനം വരുമാനം അതിലൂടെ ലഭിക്കുന്നുവെന്നാണ് അറിയുന്നത്.
    അതെന്തോ ആയിക്കൊള്ളട്ടെ,

    നമ്മെ വിളിക്കുന്നവര്‍ നല്ലൊരു പാട്ട് കേട്ടുകൊള്ളട്ടെ എന്ന് വിചാരിക്കുന്നവര്‍ ധാരാളമുണ്ട്.അതിനായി അവര്‍ റിക്വസ്റ്റ് അയയ്ക്കണം.

    അതായിക്കോട്ടെ ,നമുക്ക് പരാതിയില്ല.

    എന്നെ വിളിക്കുന്നവര്‍ പാട്ടുകേട്ടങ്ങനെ സുഖിക്കേണ്ട എന്ന് കരുതുന്ന ആളാണ് ഞാന്‍.അതുകൊണ്ടുതന്നെ ആ സര്‍വ്വീസ് ആവശ്യപ്പെട്ടിട്ടുമില്ല.

    അങ്ങനെ സസുഖം വാഴവെ,
    31/01/2009 ന് രാവിലെ 06.01 ന് bsnl ന്റെ ഒരു മെസേജ് വരുന്നു..
    ഇപ്രകാരം-
    ‘The facilities BSNL TONE has been activated in ur mobile on 30/01/09.Further query pl call 9447024365.(from BSNL MOBILE)

    ഞാനൊന്ന് അമ്പരന്നു..
    ഞാനാവശ്യപ്പെടാതെ…
    പിറ്റേ ദിവസം രാവിലെ മറ്റൊരു മെസ്സേജ് ,12 രൂപ ഈടാക്കിയിരിക്കുന്നു!

    ഞാന്‍ ഫോണെടുത്ത് കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവുമായി സംസാരിച്ചു.(അതിന് ചില ഫോര്‍മാലിറ്റീസൊക്കെ ഉണ്ട്.കൊറേ നേരം ഫോണെടുക്കതെ പാട്ടു കേള്‍പ്പിക്കും,പരസ്യം കേള്‍പ്പിക്കും,നിങ്ങള്‍ ക്യൂവിലാണെന്ന് വെറുതെ പറയും..അങ്ങനെ കുറേ കടമ്പകള്‍..)

    ഞാനെന്റെ പ്രശ്നം പറഞ്ഞു.റിംഗ് ടോണ്‍ ഞാനാവശ്യ്പ്പെട്ടിട്ടില്ല.പിന്നെങ്ങനെ?
    കഴിഞ്ഞ ദിവസം ഞാന്‍ ആരെയൊക്കെ വിളിച്ചെന്നറിയണം അയാള്‍ക്ക്…
    അത് നീയെന്തിനറിയണം – എ ന്ന് ഞാന്‍ മനസ്സില്‍-

    അത് കേട്ടിട്ടെന്നവണ്ണം അയാള്‍-ഇപ്പോള്‍ ബാക്ക് റിംഗ് ടോണായി കേള്‍ക്കുന്ന പാട്ട് നിങ്ങള്‍ വിളിച്ച നമ്പരിലേതിലെങ്കിലും കേട്ടിരുന്നോ?

    ഞാന്‍-ഉണ്ടാവാം.
    -ഉണ്ട് എന്നയാള്‍ ഉറപ്പിച്ചു.
    പിന്നിട് വിശദീകരണം നല്കി ഇങ്ങനെ-നിങ്ങള്‍ അയാളോട് സംസാരിക്കുമ്പോള്‍ അറിയാതെ സ്റ്റാര്‍(*)ബട്ടണ്‍ അമര്‍ത്തിയിരിക്കണം..
    ഞാന്‍ തര്‍ക്കിച്ചു-ഞാന്‍ അത്തരക്കാരനല്ല.
    അയാള്‍ -അത് ശരിയായിരിക്കും.പക്ഷെ നിങ്ങള്‍ സംസാരിച്ചപ്പോള്‍ കവിള്‍ * ബട്ടണില്‍ അമര്‍ന്നിരിക്കും.അതുകൊണ്ടാണ്…
    ഞാന്‍-അതുകൊണ്ട്?
    അയാള്‍-ഇപ്പോള്‍ അങ്ങനെയാണ് . * അമര്‍ത്തിയാല്‍ കോപ്പിചെയ്യാന്‍ താല്പര്യമാണ് എന്നാണര്‍ത്ഥം!അങ്ങനെ സംഭവിച്ചതാണ്.

    ഞാന്‍-(വാ പൊളിച്ചിരുന്നു..നിമിഷം)എനിക്കീ സംഗതി വേണ്ട..അതിന് എന്തു ചെയ്യണം?
    അയാള്‍-ഒരു മാസത്തെ വാടകയുള്‍പ്പെടെ 37 രൂപ ഇപ്പോള്‍ ഈടാക്കി കഴിഞ്ഞു.അടുത്ത മാസം വരെ ഉപയോഗിക്കാം.അപ്പോള്‍ ആവശ്യമില്ലെന്ന് കണ്ടാല്‍ -BTസ്പെയ്സ് DCT എന്ന് ടൈപ്പ് ചെയ്ത് 56700 ല്‍ അയയ്ക്കുക.ശരി ,വിളിച്ചതിന് നന്ദി…
    ഞാന്‍ വീണ്ടും സംസാരിക്കുന്നതിന് മുമ്പ് അയാല്‍ കട്ടുചെയ്തു…

    എങ്ങിനെയിരിക്കുന്നു bsnl ന്റെ ബുദ്ധി?

    ഞാന്‍ ഉടന്‍ തന്നെ മേല്‍പ്പറഞ്ഞ നമ്പരില്‍ ഡീആക്റ്റിവേറ്റ് ചെയ്യാന്‍ മെസേജ് അയയ്ക്കുന്നു..പോകുന്നു..
    തിരിച്ചു വരുന്ന മറുപടി ഇങ്ങനെ-വിജയകരമായി ആക്ടിവേറ്റ് ചെയ്തിരിക്കുന്നു!!

    വീണ്ടും വീണ്ടും അയയ്ക്കുന്നു…

    അഞ്ചാമത്തേതിന്റെ മറുപടി-Your request has been received.The BSNL tunes service will be deactivated on your BSNL phone within 24 hours.

    അതുകൊണ്ട് പ്രിയപ്പെട്ടവരെ നിങ്ങള്‍ എത്രയും വേഗം * ബട്ടണ്‍ കുത്തിപ്പൊളിക്കുക!!
    അപ്പോള്‍ പുതിയ അടവുമായി അവര്‍ വരും.
    ജാഗ്രതൈ!!

    ReplyDelete
  9. റിജോ തോമസ്സ് സണ്ണി താങ്കളുടെ സന്ദർശനത്തിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും നന്ദി. ആദ്യകാലത്തെ അപേക്ഷിച്ച് ബി എസ് എൻ എല്ലിന്റെ സേവനങ്ങളിൽ ഇപ്പോൾ പുരോഗമനപരമായ ചില മാറ്റങ്ങൾ ഉണ്ടായിവരുന്നു എന്ന് തോന്നുന്നു. കസ്റ്റമർ കെയർ നമ്പർ 12678 ഇപ്പോൾ 12 മണിക്കൂർ ലഭ്യമാണ്. പഴയ അത്രയും കാത്തുനില്‍പ്പ് ഇപ്പോൾ ഇല്ല (ഉപഭോക്താക്കൾ കുറഞ്ഞതൊകൊണ്ടോ അതോ പരാതികൾ കുറഞ്ഞതുകൊണ്ടോ അറിയില്ല). സെർവർ പ്രശ്നവും ഇടവിട്ട് ബ്രോഡ്‌ബാന്റ് കിട്ടാതിരിക്കുന്നതും ഇപ്പോൾ ഇല്ല. എന്നാലും പ്ലാൻ ചേഞ്ച് ഉൾപ്പടെയുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ഉള്ള അലംഭാവം ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. 01/02/2011 മുതൽ പ്ലാനുകളിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ട്. പല പ്ലാനുകളും എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യം ഉയർത്തുന്നു. സ്റ്റാൻഡ് എലോൺ പ്ലാനുകളിൽ ഒന്നിലും ഇപ്പോൾ അൺലിമിറ്റഡ് നൈറ്റ് യൂസേജ് സൗകര്യം ഇല്ല! കോംബോ പ്ലാനുകളിൽ BBG FN Combo 500, BBG FN Combo 600, BBG FN Combo 599 എന്നീ പ്ലാനുകളിൽ രാത്രിയിലെ സൗജന്യ ഉപയോഗം ഉണ്ട്. ഇതിൽ ഏറ്റവും നല്ല പ്ലാൻ BBG FN Combo 600 ആണെന്നു തോന്നുന്നു. 600രൂപ പ്രതിമാസം അടയ്ക്കുമ്പോൾ 2.5GB സൗജന്യ ഉപയോഗവും തുടർന്ന് 5GB വരെയുള്ള ഉപയോഗത്തിൽ ഓരോ MB യ്ക്കും 20പൈസയും (നേരത്തെ 60പൈസ ആയിരുന്നു) തുടർന്നുള്ള ഓരോ MB യ്ക്കും 10പൈസ വീതവും എന്ന ഈ പ്ലാ‍ൻ ആകർഷകമാണ്. കൂടതെ 250 യൂണിറ്റ് കോളുകൾ സൗജന്യമായുണ്ട്. കോളർട്യൂൺ സംബന്ധിച്ച തർക്കങ്ങൾ ഞാനും കുറെ നടത്തിയിട്ടുണ്ട്.

    ReplyDelete
  10. ഇപ്പോള്‍ അവര്‍ സേവനം മെച്ചപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട് എന്ന് എനിക്കും തോന്നി.
    പക്ഷെ എക്സേഞ്ചിലെ ബിഗ് ബോസ് കളുടെ സംസാരം കേള്‍ക്കുമ്പോള്‍ വേറെ വല്ലതു പറയാന്‍ തോന്നിപ്പോകും..

    പിന്നെ ഒരു കാര്യം നൈറ്റ് അണ്‍ലിമിറ്റഡ് ഉപയോഗിച്ചപ്പോള്‍ ഞാനൊരു കാര്യം മനസ്സിലാക്കി.
    2AM എന്നത് വെച്ച് നമ്മള്‍ Browse സോറീ download നടത്തുമ്പോള്‍ 2:15AM ആണ്‌ BSNL Server TIME!!

    ടോറന്‍റ് ഇട്ട് തകര്‍ക്കുന്നവര്‍ സൂക്ഷിക്കുക.
    15Min. കൊണ്ട് 1GB കേറും.
    അത് additional usage-ല്‍ വരും.
    സംശയം ഉണ്ടെങ്കില്‍ Usage Page നോക്കുക.
    7:50AM ന്‌ നിര്‍ത്തണം..

    ReplyDelete
  11. ആശാനേ.. അത് ശരി തന്നെ..
    ഞാന്‍ 2AM to 8AM ബി.എസ്.എന്‍.എല്‍ നൈറ്റ് അണ്‍ലിമിറ്റഡ് തരുന്നുണ്ടല്ലോ.
    അത് നമ്മള്‍ 2 ആയല്ലോ എന്ന് വെച്ച് ഡൌണ്‍ലോഡ് തുടങ്ങും. പക്ഷെ BSNL SERVER TIME 2:20AM ആയിരിക്കും.
    അപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് അഡീഷണല്‍ യൂസേജ് എന്ന പേരില്‍ വരും.
    ഇത് എല്ലാവരെയും ഒന്ന് ബോധ്യപ്പെടുത്താനാണ്‌ അല്‍പം എരിവും പുളിയും ചേര്‍ത്ത് നല്‍കിയത്.

    പിന്നെ എനിക്കുണ്ടായ ഒരനുഭവം 2 മണിക്ക് മോഡം ഓണാക്കിയാല്‍ നെറ്റ് കിട്ടില്ല.
    DSL വരെ നില്‍ക്കും. Internet ലൈറ്റ് കത്തില്ല.
    പിന്നെ DSL മിന്നും. ഇത് 5:30Am വരെ തുടരും.
    ഇത് മനസ്സിലാക്കി ഞാന്‍ 11:00PM തൊട്ടെ മോഡം ഓണാക്കി ഇടും.
    അപ്പോള്‍ കട്ടാകുന്നതായി കണ്ടില്ല.

    (15 മിനിറ്റിൽ പരമാവധി ഡൗൺലോഡ് ആവുക 225മെഗാ ബൈറ്റ്സ് അല്ലെ.)
    ഇതെങ്ങനാ Calculate ചെയ്തത?
    ക്ഷമിക്കണം, കളിയാക്കുകയല്ല. അറിയാന്‍ വയ്യാ അതു കൊണ്ട് ചോദിച്ചതാ..

    1GB കേറില്ല സമ്മതിച്ചു.
    പക്ഷെ 225MB അഡീഷണല്‍ യൂസേജ് വന്നില്ലേ.നമുക്ക് ഉപയോഗിക്കാവുന്ന ലിമിറ്റിലും ഇത് കൂട്ടും. 1536 ആണെങ്കില്‍ 1311MB ബാലന്സ് യൂസേജ്.. ഇങ്ങനെ ഓരോ ദിവസവും.. അല്‍പാല്‍പം പോയി വല്യ ഒരു സംഖ്യ ആകും.ഇപ്പോള്‍ അഡീഷണല്‍ 1GB ഉപയോഗിച്ചാലും Rs.204.8 അല്ലേ വരൂ..
    പക്ഷെ ടോട്ടല്‍ Rs.504 വരില്ലെ സുഹ്യത്തേ...

    ReplyDelete
  12. ബി.എസ്.എന്‍.എല്‍ പുതുതായി ഇറക്കിയ കോമ്പോ പ്ലാനും 250 തൊട്ടുള്ള പ്ലാനിന്‍റെ Deails എവിടെ കിട്ടും?

    125-ന്‍റെ പ്ലാന്‍ ഇത് വരെ ഉപേക്ഷിച്ചില്ലേ ബി.എസ്.എന്‍.എല്‍ !!

    150MB വെച്ച് എന്തെടുക്കാനാ?
    :)

    ReplyDelete

Thank you for visiting my blog. Please leave your comments here.