കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പിണറായി വിജയൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലും കാലവർഷക്കെടുതിയിൽ ഉഴലുന്ന സഹജീവികളോട് കരുണകാണിച്ച രണ്ട് വ്യക്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഉണ്ട്. ഒരാൾ എറണാകുളം ജില്ലയിൽ വൈപ്പിൻകരയിൽ മാലിപ്പുറം സ്വദേശിയും എറണാകുളത്ത് തെരുവോരത്ത് തുണിക്കച്ചവടം ചെയ്ത് ജീവിക്കുന്ന നൗഷാദാണ്. പ്രളയദുരിതാശ്വാസത്തിനായി വസ്ത്രങ്ങൾ ശേഖരിക്കാൻ എറണാകുളം ബ്രോഡ്-വേയിൽ എത്തിയ സന്നദ്ധപ്രവർത്തകർക്ക് തന്റെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുത്തൻ വസ്ത്രങ്ങളിൽ വലിയൊരു ഭാഗം തികച്ചും സൗജന്യമായി നൽകി നന്മയുടെ പ്രതീകമായി മാറിയ നൗഷാദിനെ കുറിച്ചാണ്. മറ്റൊന്ന് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനുള്ള ഒരു പദ്ധതിയുമായി അദ്ദേഹത്തെ ഓഫീസിൽ വന്നുകണ്ട തിരുവനന്തപുരം വ്ലാത്താങ്കര ഹയർ സെക്കന്ററി സ്ക്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് ആർ എ എന്ന മിടുക്കനെ കുറിച്ചാണ്. പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്ന സമയം മുതൽ തന്റെ പോക്കറ്റ് മണിയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനചെയ്തുവരുന്ന വ്യക്തിയാണ് ആദർശ്. ഈ രണ്ടു പേരും തീർച്ചയായും അഭിനന്ദത്തിനു അർഹരും മാതൃക ആകേണ്ടവരും തന്നെ ആണ്. സംശയമില്ല. ഇവർ രണ്ടു പേർ മാത്രമല്ല അറിയപ്പെടാത്ത അനവധി നിരവധി ആളുകൾ ഈ കേരളത്തിൽ ഉണ്ട്. സഹജീവികളുടെ കണ്ണീരൊപ്പാൻ തങ്ങൾക്കാവും വിധം മുണ്ടുമുറുക്കി ഉടുത്ത് സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെയ്ക്കുന്നവർ. സ്വന്തം ജീവിതത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി മറ്റുള്ളവർക്ക് സഹായം നൽകുന്നവർ.
പ്രളയത്തിൽ തകർന്ന ഈ നാട്ടിലെ നിരാലംബരായ മനുഷ്യരെ സഹായിക്കാൻ സാധാരണക്കാർ ഈ ത്യാഗങ്ങൾ ഒക്കെ അനുഭവിക്കുമ്പോൾ കേരള സർക്കാർ എന്താണ് ചെയ്യുന്നതെന്നതും ഈ സന്ദർഭത്തിൽ പരിശോധിക്കണമല്ലൊ. എത്രമാത്രം ദുർവ്യയം ആണ് എത്രമാത്രം അധികഭാരമാണ് പൊതുഖനാവിനു ഈ സർക്കാർ വരുത്തിവെയ്ക്കുന്നത്. കഴിഞ്ഞ പ്രളയത്തെ തുടർന്ന് ചെലവു ചുരുക്കലിന്റെ ഭാഗമായി സ്ക്കൂൾ കലോത്സവം വരെ പരിമിതപ്പെടുത്തും എന്ന് പ്രഖ്യാപിച്ചവരാണ് ഈ സർക്കാർ. എന്നാൽ സർക്കാരിന്റെ ദുർവ്യയങ്ങൾ എന്തെങ്കിലും കുറവു വരുത്തിയോ? ഏറ്റവും കൂടുതൽ ഉപദേശകരെ നിയമിച്ചിട്ടുള്ളത് ഈ മുഖ്യമന്ത്രി ആണ്. പ്രളയത്തെ തുടർന്ന് ചിലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരിൽ ആരെയെങ്കിലും ഒഴിവാക്കിയോ? ഇല്ല എന്നു മാത്രമല്ല വിരമിച്ച ഉദ്യോഗസ്ഥർക്ക് വീണ്ടും പുതിയ ലാവണങ്ങൾ ഒരുക്കി പൊതുഖജനാവിനു ബാധ്യത കൂട്ടുകയാണ് സർക്കർ ചെയ്യുന്നത്. 2011-ൽ അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ ഇരുന്നു സർവ്വീസിൽ നിന്നും വിരമിച്ച ശേഷവും ഇക്കാലമത്രയും വിവിധ പദവികളിൽ വിരാജിച്ചു വന്നിരുന്ന ടി ബാലകൃഷ്ണൻ ഐ എ എസിനു തലസ്ഥാന നഗരവികസന പദ്ധതിയിൽ സ്പെഷ്യൽ ഓഫീസറുടെ അധിക തസ്തിക സൃഷ്ടിച്ച് വീണ്ടും നിയമനം നടത്തിയത് ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിനു ആണ്. രണ്ടരക്ഷത്തോളും രൂപ മാസശംബളവും കൂടാതെ അലവൻസുകളും നൽകിയാണ് ഈ നിയമനം. ടി ബാലകൃഷ്ണനു നിലവിൽ ലഭിക്കുന്ന പെൻഷൻ തുക കഴിച്ചു ബാക്കി ശംബളമായി നൽകിയാൽ മതി എങ്കിലും അലവൻസുകളും ഡ്രൈവർ വാഹനം ഉൾപ്പടെയുള്ള ചെലവുകളും പൊതുഖജനാവിൽ നിന്നും തന്നെ ആണ്.
ക്യാബിനറ്റ് മന്ത്രിമാരെ കൂടാതെ ക്യാബിനറ്റ് റാങ്കിൽ ഭരണപരിഷ്കാരകമ്മീഷനും, മുന്നോക്കവികസനകമ്മീഷനും ഉള്ളപ്പോൾ ആണ് ചീഫ് വിപ്പ് എന്നൊരു ക്യാബിനറ്റ് പദവിയിൽ കഴിഞ്ഞ മാസം സി പി ഐ എം എൽ എ ആയ കെ രാജനെ നിയമിച്ചത്. ഇതും പൊതുഖജനാവിനു അമിതഭാരം ഉണ്ടാക്കുന്നതുതന്നെ. മുന്നോക്ക വികസന കമ്മീഷൻ, ചീഫ് വിപ്പ് എന്നീ ക്യാബിനറ്റ് പദവികൾ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രൂപീകരിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് ഇപ്പോൾ അതേ ദുഷ്ചെലവുകൾ പ്രളയത്തിൽ തകർന്ന കേരളത്തിനു മേൽ അടിച്ചേല്പിക്കുന്നതും സാധാരണക്കാരോട് മുണ്ടുമുറുക്കാൻ നിർദ്ദേശിക്കുന്നതും. ക്യാബിനറ്റ് റാങ്കിൽ ഉള്ള ദുഷ്ചെലവുകൾ അവിടെയും തീരുന്നില്ല. കേന്ദ്രവും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ എ സമ്പത്ത് എന്ന മുൻ എം പിയെ ക്യാബിനറ്റ് റാങ്കോടെ കേരളഹൗസിൽ ലെയ്സൺ ഓഫീസറായി അവരോധിച്ചതും ഈ അടുത്ത ദിവസങ്ങളിൽ തന്നെ ആണ്.
ഇനിയും ഉണ്ട ദുഷ്ചെലവുകളുടെ പട്ടിക. കമ്മ്യൂണിസ്റ്റ് ഗുണ്ടകളാൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കരുതെന്ന് കേരള ഹൈക്കോടതിയിൽ വാദിക്കാൻ ഏർപ്പാടാക്കിയ സുപ്രീംകോടതി വക്കീലന്മാർക്ക് പിണറായി സർക്കാർ കൊടുത്ത ഫീസ് മാത്രം അരക്കോടിയ്ക്ക് മുകളിൽ വരും. നൂറുകണക്കിനു സർക്കാർ വക്കീലന്മാരും സ്റ്റേറ്റ് അറ്റോർണിയും, ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനും ഒക്കെ ലക്ഷങ്ങൾ ശംബളം വാങ്ങി കേരള ഹൈക്കോടതിയിൽ സർക്കാരിനെ പ്രതിനിധാനം ചെയ്യാൻ ഉള്ളപ്പോൾ ആണ് ഈ കേസ് സി ബി ഐയ്ക്ക് വിട്ടുകൊടുക്കരുതെന്ന പിണറായി വിജയന്റെ ഈഗോ ശമിപ്പിക്കാൻ മാത്രം അരക്കോടിയിൽ അധികം ചിവാക്കി സുപ്രീംകോടതി വക്കീലന്മാരെ ഹൈക്കോടതിയിൽ എത്തിച്ചത്.
റിബിൽഡ് കേരളയുടെ പേരിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ തിരുവനന്തപുരത്ത് സ്വകര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി സജ്ജീകരിക്കുന്നു എന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. കേരള പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയും അതിന്റെ ഫലമായി കാര്യമായ ധനസഹായം ഒന്നും ലഭിച്ചില്ല എന്നവാർത്തയും മലയാളികൾ മറന്നുകാണില്ല. മറ്റ് മന്ത്രിമാർക്ക് വിദേശയാത്ര നടത്താൻ കേന്ദ്രാനുമതി ലഭിക്കാതിരുന്നത് ഒരു വിധത്തിൽ നന്നായി എന്നുകരുതാം. അത്രയും പണം പൊതുഖജനാവിനു ലാഭിക്കാൻ സാധിച്ചല്ലോ.
സാധാരണക്കാരനോട് മുണ്ടുമുറുക്കാൻ നിർദ്ദേശിച്ച് ധൂർത്ത് നടത്തുന്ന സർക്കാരിനെ കുറിച്ച് പറയാൻ ഇനിയും ഉണ്ട്. തൽക്കാലം നിറുത്തുന്നു. ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, സഹജീവികളെ രക്ഷിക്കാൻ ഇറങ്ങി സ്വന്തം ജീവൻ ബലികഴിച്ച ഒരു സന്നദ്ധപ്രവർത്തകൻ ഉണ്ട് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ലിനു. കോഴിക്കോട് പ്രളയ ദുരിതാശ്വാസക്യാമ്പിൽ അച്ഛനേയും അമ്മയേയും ആക്കിയ ശേഷം ചാലിയാർ കരകവിഞ്ഞ് ദുരിതം വിതച്ച കുണ്ടായിത്തോട് ഭാഗത്ത് ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ രണ്ട് തോണികളിലായി പോയ സന്നദ്ധപ്രവർത്തകർക്കൊപ്പം പോയതായിരുന്നു ലിനു. പക്ഷെ ആ രക്ഷാപ്രവർത്തനത്തിനിടയിൽ ലിനു മുങ്ങിമരിച്ചു. നൗഷാദിനേയും ആദർശിനേയും അഭിനന്ദിക്കുന്ന മുഖ്യമന്ത്രി ലിനുവിന്റെ ജീവത്യാഗത്തെക്കുറിച്ച് ഈ സമയം വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒന്നും പറഞ്ഞതായി കാണുന്നില്ല. എന്നാൽ ധനമന്ത്രി തോമസ് ഐസക് ലിനുവിന്റെ ജീവത്യാഗം അനേകം ചെറുപ്പക്കാർക്ക് ഊർജ്ജം പകരുന്ന ഒന്നണെന്ന് എഴുതിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ ഒരു വ്യക്തിയെ സ്മരിക്കാൻ പോലും മുഖ്യമന്ത്രിയുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി അനുവദിക്കുന്നില്ല എന്നതല്ലെ ഇത് വ്യക്തമാക്കുന്നത്?