Saturday, 2 June 2018

ടാറ്റ ഡൊക്കൊമോ കേരള ഉപഭോക്താക്കൾക്ക് ഒരു മുന്നറിയിപ്പ്

പ്രിയരെ,

നിങ്ങൾ Tata Docomo കേരളസർക്കിളിന്റെ ഉപഭോക്താവാണോ? എങ്കിൽ അല്പം സമയം ഈ പോസ്റ്റ് വായിക്കാൻ ചിലവാക്കിയാലും. ഞാൻ ടാറ്റ ഡോകോമോ കേരള സർക്കിളിന്റെ ഉപഭോക്താവാണ്. ടാറ്റയുടെ മൂന്ന് പ്രിപെയ്ഡ് കണക്ഷനുകൾ വിവിധ ആവശ്യങ്ങൾക്കായി ഞാൻ ഉപയോഗിക്കുന്നുണ്ട്. ടാറ്റ കേരളസർക്കിൾ എയർ ടെല്ലുമായി Airtel India ലയിക്കുകയാണെന്ന് വാർത്തകൾ വന്ന അവസരത്തിൽ തന്നെ ഇതിന്റെ സേവനങ്ങൾ സംബന്ധിക്കുന്ന ചില ആവലാതികൾ / ആശങ്കകൾ എനിക്ക് ഉണ്ടായിരുന്നു. അത് ടാറ്റ ഡൊകോമോയുടെ ഫേസ് ബുക്ക് പേജിൽ തന്നെ മുൻപ് ചോദിച്ചിട്ടുമുണ്ട്. മാർക്കറ്റിലെ ഊഹാപോഹങ്ങൾക്ക് ഞങ്ങൾ മറുപടി പറയില്ല എന്നും ടാറ്റയുടെ സേവനം തുടർന്നും നിങ്ങൾക്ക് ലഭ്യമാകും എന്ന് ഉറപ്പു നൽകുന്നു എന്നുമാണ് അവർ നൽകിയ മറുപടി. ഇപ്പോൾ ആ ലയനം ഏതാണ്ടൊക്കെ പൂർത്തിയായി വരുന്നു. എയർ ടെൽ ഡാറ്റയും കോളുകളും ടാറ്റ ഉപഭോക്താവെന്ന നിലയിൽ സൗജന്യമായ റൊമിങ്ങിലൂടെ എനിക്ക് ലഭിക്കുന്നുണ്ട്. ടവറുകൾ ഷെയർ ചെയ്യപ്പെട്ടതിലൂടെ കൂടുതൽ കവറേജും ലഭിക്കുന്നു,

അങ്ങനെ വലിയ കുഴപ്പം ഇല്ലാതെ മുൻപോട്ട് പോകുന്ന അവസരത്തിൽ ആണ് നലുദിവസം മുൻപ് എന്റെ ടാറ്റഡോകോമോ നമ്പർ 8089XXX645 പ്രവർത്തന രഹിതമായത്. ആദ്യം കരുതി നെറ്റ് വർക്ക് തകരാറാകും എന്ന്. ഫോൺ റിസ്റ്റാർട്ട് ചെയ്തു നോക്കി. രക്ഷയില്ല. സിം ഊരി രണ്ടാമത് ഫോണിൽ ഇട്ടു. രക്ഷ ഇല്ല. മറ്റൊരു ഫോണിൽ ആ സിം ഇട്ടുനോക്കി. രക്ഷയില്ല. അങ്ങനെ സിം കേടായതാണെന്ന് ഉറപ്പിച്ചു. ടാറ്റ ഡോകോമോയുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു. പുതിയ സിം (ഡ്യൂപ്ലിക്കേറ്റ്) റിടെയ്‌ലർ മാരുടെ അടുത്ത് ലഭ്യമാണെന്നായിരുന്നു മറുപടി. ഞാൻ ജോലിചെയ്യുന്നത് കളമശ്ശേരിയിൽ ആണ്. ആലുവയിലും പാലാരിവട്ടത്തുമായി ടാറ്റ ഡോകോമോയുടെ രണ്ട് ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ഉണ്ട്. രണ്ടും അറ്റകുറ്റപ്പണികൾ / നവീകരണത്തിനായി അടച്ചിരിക്കുകയാണ്. എന്നു തുറക്കും എന്നത് അറിയില്ല. ജൂൺ പതിനഞ്ചിനു എന്ന് ടാറ്റയുടെ കാൾസെന്റർ മറുപടി നൽകുന്നു. 



ടാറ്റ ഡോകോമോയുടെ കേരള സർക്കിൽ ഓഫീസ് പാലാരിവട്ടത്ത് എസ് എൽ പ്ലാസ എന്ന കെട്ടിടത്തിൽ ആണ്. കളമശ്ശേരിയിലെ റിടെയ്‌ലേഴ്സിന്റെ അടുത്തെങ്ങും ഡ്യൂപ്ലിക്കേറ്റ് സിം ഇല്ല. അതുകൊണ്ട് പാലാരിവട്ടത്തെ ചില കടകളിലും അന്വേഷിച്ചു അവിടെയും ഇല്ല. ഒടുവിൽ ഈ വിവരം കാണിച്ച ട്വിറ്ററിൽ ടാറ്റ ഡോകോമോയ്ക്ക് ഡയറക്റ്റ് മെസേജ് ആയി പരാതി നൽകി. പരാതി പരിഹരിക്കാം എന്ന് മറുപടി. 24 മണിക്കൂർ കഴിഞ്ഞും നടപടി ഒന്നും ആയില്ല. പരാതി നൽകുന്നതിനുള്ള അടുത്ത സംവിധാനം അപ്പലേറ്റ് അതോറിറ്റി ആണ്. പാലാരിവട്ടം എസ് എൽ പ്ലാസയിലുള്ള അപ്പലേറ്റ് അതോറിറ്റിയുടെ ഇമെയിൽ വിലാസത്തിൽ appellate.kerala@tatadocomo.com ഇന്നലെ രാത്രി ഒരു പരാതി നൽകി. രാവിലെ അതിന്റെ ഓട്ടോ റസ്പോൺസ് വന്നു. അത് താഴെ പറയുന്ന പ്രകാരം ആണ്.



ഈ മറുപടി ലഭിച്ചിട്ട് ഇപ്പോൾ 12 മണിക്കൂർ പിന്നിടുന്നു. ഒരു നടപടിയും ഇതുവരെ ആയില്ല. നിലവിൽ സർവ്വീസ് ഉള്ള ഒരു മൊബൈൽ സേവനദാതാവിന്റെ കേടായ സിം മാറ്റി പുതിയ ഒരു സിം ലഭിക്കുന്നതിനാണ് ഈ കാത്തിരിപ്പ്. ഇപ്പോൾ നാലുദിവസം! നിത്യ ജീവിതത്തിനു അത്യാവശ്യമായ ഒരു സംഗതിയാണ് മൊബൈൽ. അവിടെ ആണ് ഒരു സേവനദാതാവ് ഉപഭോക്താവിനോട് ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്നത്. സിം കേടായതുകൊണ്ട് എനിക്ക് പോർട്ട് ചെയ്യാനും നിർവ്വാഹമില്ല. വല്ലാത്തൊരു കെണി തന്നെയാണ് ഇത്. 

എന്റെ ഈ അനുഭവം നിങ്ങൾക്കും ഉണ്ടാകാതിരിക്കാനാണ്. ഇത്രയും നീട്ടിവലിച്ച് ഇതെഴുതിയത്. നിങ്ങൾ ഇപ്പോഴും ഒരു Tata Docomo കേരളസർക്കിളിലെ ഉപഭോക്താവാണെങ്കിൽ എത്രയും വേഗം വേറെ ഏതെങ്കിലും നെറ്റ്‌വർക്കിലേയ്ക്ക് പോർട്ട് ചെയ്യുക. സിം കേടായാൽ പിന്നെ പകരം പുതിയ സിം കിട്ടുന്നതിനോ മറ്റേതെങ്കിലും നെറ്റ്‌വർക്കിലേയ്ക്ക് പോർട്ട് ചെയ്യുന്നതിനോ സാധിച്ചു എന്ന് വരില്ല. സാധിക്കുമെങ്കിൽ ഈ വിവരം ഷെയർ ചെയ്യുക. ടാറ്റ് ഡോകോമോയുടെ മറ്റുള്ള ഉപഭോക്താക്കൾക്കും ഇത് ഒരു മുന്നറിയിപ്പ് ആകട്ടെ.

(If you are a customer of Tata Docomo Kerala Circle please port your connection to any other network at the earliest. If your SIM get damaged there is no chance of getting a new SIM. You will also be not able to port to any other network if your SIM get damaged)