ഇന്റെർനെറ്റിന്റെ ലോകത്തേയ്ക്ക് കടക്കുന്നത് കമ്പ്യൂട്ടറുമായി ഒരു പരിചയവും ഇല്ലാതിരുന്ന (ആകെ പരിചയം എച് ഐ എച്ച് എസിലെ സ്ക്കൂൾ പഠനകാലത്ത് കമ്പ്യൂട്ടർ ഒന്നോ രണ്ടൊ തവണ ഉപയോഗിച്ചു എന്നതു മാത്രം) 1998 കാലഘട്ടത്തിൽ പറവൂരിലെ പെന്റാപ്ലാസയിൽ സുഹൃത്ത് ഷഫീക്കിനുണ്ടായിരുന്ന ഇന്റെർനെറ്റ് കഫേയിൽ ഷെഫീക്കിന്റെ ശിക്ഷണത്തിൽ യാഹൂവിലും ഹോട്ട്മെയിലിലും ഓരോ ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തുകൊണ്ടാണ്. പിന്നീട് 2005-ൽ ആണെന്നു തോന്നുന്നു വീട്ടിൽ കമ്പ്യൂട്ടർ വാങ്ങുന്നതും ഡയൽ അപ് കണക്ഷൻ എടുക്കുന്നതും. പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഇന്റെർനെറ്റും യഹൂവും എനിക്ക് ധാരാളം പുതിയ സുഹൃത്തുക്കളെ നൽകിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇന്നും നേരിൽ കണ്ടിട്ടില്ലാത്തവർ ഉൾപ്പെടുന്ന ഒരു വലിയ സുഹൃദ്‌വലയം. അങ്ങനെ പരിചയപ്പെട്ട, സൗഹൃദം സ്ഥാപിച്ച പലരേയും സുഹൃത്ത് എന്ന് പറയുമ്പോൾ ഇപ്പോഴും അല്പം സങ്കോചമുണ്ടാകാറുണ്ട്. അവരിൽ പലർക്കും ഉള്ള സാമൂഹ്യബോധം, സർഗ്ഗശേഷി, കലാഭിരുചികൾ എന്നിങ്ങനെ പല ഗുണങ്ങൾ എടുത്താൽ അതിന്റെയൊന്നും ഒരു അരികത്തുപോലും നിൽക്കാൻ എനിക്കാവില്ല. അതുകൊണ്ടുതന്നെ ആ സുഹൃദവലയങ്ങളിൽ ഞാൻ എങ്ങനെ എത്തിപ്പെട്ടു എന്നത് ഇപ്പോഴും എനിക്ക് അത്ഭുതമാണ്. അതിൽ സന്തോഷം ആ വ്യക്തികൾ പലരും അവരിൽ ഒരാളായിത്തന്നെ എന്നെ അംഗീകരിച്ചു എന്നതാണ്. അത്തരത്തിൽ ഒരു സൗഹൃദകൂട്ടായ്മയാണ് 2014-ൽ ഞങ്ങളെ വിട്ടുപരിഞ്ഞ സുഹൃത്തായ മനോരാജിന്റെ പേരിൽ മനോരാജ് കഥാസമാഹാര പുരസ്കാരത്തിന്റേത്. മനോരാജിന്റെ സ്മരണാർത്ഥം മികച്ച ചെറുകഥാസമാഹാരത്തിനു കഴിഞ്ഞ മൂന്നുവർഷമായി പുരസ്കാരം നല്കിവരുന്നു. ഈ വർഷത്തെ പുരസ്കാരത്തിനു അർഹനായത് ദേവദാസ് വി എം ആണ്. ദേവദാസിന്റെ "അവനവൻ തുരുത്ത്" എന്ന ചെറുകഥാസമാഹാരമാണ് അവാർഡിനു അർഹമായത്. പുരസ്കാരം സമ്മാനിച്ചത് പ്രശസ്ത കഥാകൃത്തായ ബെന്യാമിനും. പുരസ്കാരസമർപ്പണത്തിനു ശേഷം ആ വേദിയിൽ മുകളിൽ പറഞ്ഞ സർഗ്ഗധനരായ സുഹൃത്തുക്കൾക്കും കഥാകൃത്തുക്കൾക്കും ഒപ്പം ഒരു ചിത്രത്തിന്റെ ഫ്രെയിമിൽ കടന്നുകൂടാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി. സന്ദീപ് സലിം, ജോഹർ, ഡോക്ടർ ജയൻ ഏവൂർ, ബെന്യാമിൻ, ദേവദാസ്, പ്രശാന്ത്, മനോജ് രവീന്ദ്രൻ എന്നിവർക്കൊപ്പം ഈ ഞാനും. ഈ ഒരു ചിത്രത്തിനു എല്ലാവർക്കും നന്ദി.
മനോരാജിനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല. എന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രം അകലത്തായിരുന്നു. മനോരാജിന്റെ വീട്. എന്നാലും ഞങ്ങൾ അറിയുന്നത് ഇന്റെനെറ്റിലൂടെ ആണ്. ബൂലോകം എന്ന് അറിയപ്പെടുന്ന മലയാളം ബ്ലൊഗിന്റെ ലോകത്തിലൂടെ. ഞാൻ യാത്രാവിവരണവും അല്പം രാഷ്ട്രീയവും ഒക്കെ എന്റെ ബ്ലോഗിലൂടെ എഴുതുന്ന കാലഘട്ടത്തിൽ കഥകളുടെ ലോകത്തായിരുന്നു മനോരാജ്. സാഹിത്യം ആസ്വദിക്കുകയും ബ്ലോഗിലെ കഥാകൃത്തുക്കളെ തന്നാലാവും വിധം പ്രചോദനം നൽകി കൂടുതൽ എഴുതാനും ആ എഴുത്തുകൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനും എല്ലാം മനോരാജ് ശ്രമിച്ചിരുന്നു. തേജസ്, ബൂലോകസഞ്ചാരം എന്നിങ്ങനെ രണ്ടു ബ്ലോഗുകൾ മനോരാജിന്റേതായി ഉണ്ട്. അതുകൂടാതെ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകവിചാരം എന്ന സംരഭത്തിലും മനോരാജ് ഉണ്ടായിരുന്നു. മനോരാജിന്റെ കൃതികൾ അച്ചടിമഷി പുരണ്ടത് ജീവിതത്തിന്റെ ബാന്റ് വിഡ്ത്തിൽ ഒരു കാക്ക എന്ന പുസ്തകത്തിലൂടെ ആണ്. സൈകതം ബുക്സ് ആണ് അതിന്റെ പ്രസാധകർ. തന്റെ പുസ്തകത്തെ കുറിച്ച് മനോരാജ് ഇവിടെ കുറിച്ചിട്ടുണ്ട്. ഞങ്ങൾ അധികവും കണ്ടുമുട്ടിയിരുന്നത് ബസ് യാത്രകളിൽ ആയിരുന്നു. മനോരാജ് കാക്കനാട്ട് സെപ്സിലും, ഞാൻ കളമശ്ശേരി വ്യവസായ മേഖലയിലും ആണ് ജോലിചെയ്തിരുന്നത്. സാഹിത്യം എനിക്ക് അന്യമായിരുന്നതിനാൽ ബസ് യാത്രകളിൽ ഞങ്ങൾ ഒരുമിച്ചുള്ളപ്പോൾ അധികവും സംസാരിച്ചിരുന്നത് നാട്ടിലെ പൊതുവായ കാര്യങ്ങളെ കുറിച്ചും ഞങ്ങളുടെ ജോലിയെ കുറിച്ചും ആയിരുന്നു. മനോരാജിനെ അവസാനമായി നേരിൽ കാണുന്നത് സ്ക്കൂൾ തുറക്കുന്നതിനു മുൻപ് മകനു വേണ്ട ഷൂസും ബാഗും വാങ്ങിക്കാൻ ഞാനും ഭാര്യയും മകനും പറവൂരിൽ എന്റെ സഹപാഠിയായ സിറാജിന്റെ മെട്രോ കളക്ഷൻസിൽ പോയപ്പോഴാണ്. മനോരാജ് ഭാര്യയേയും മകനേയും കൂട്ടി അവിടെ വന്നിരുന്നു. അന്നും അല്പം സംസാരിച്ചു. ഞങ്ങൾ കുടുംബത്തെ പരസ്പരം പരിചയപ്പെടുത്തി. അന്ന് മനോരാജ് അല്പം ക്ഷീണിതനായിരുന്നു. വാക്കിംഗ് സ്റ്റിക്ക് ഉണ്ടായിരുന്നു. രോഗത്തിന്റെ അവശതകൾ കുറഞ്ഞു വരുന്നു എന്ന് പറഞ്ഞു. ഞാൻ അതേപ്പറ്റി ഒന്നും ചോദിച്ചുമില്ല. പിന്നീട് കുറച്ചു മാസങ്ങൾ കഴിഞ്ഞ് 2014 സെപ്തംബർ 26നു മനോരാജ് ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു.
പിന്നീട് ബ്ലോഗിൽ മനോരാജ് പ്രതിഫലേച്ഛയില്ലാതെ നടത്തിവന്നിരുന്ന ഒരു പ്രവർത്തി മനോരാജിന്റെ പേരിൽ തുടരണം എന്ന ഏതാനും സുഹൃത്തുക്കളുടെ ചിന്തയിൽ ഒരുത്തിരിഞ്ഞതാണ് ചെറുകഥാസമാഹാരത്തിനു പ്രോത്സാഹനം നൽകാനായി എല്ലാവർഷവും ഒരു അവാർഡ് നൽകുക എന്നത്. ഇതിന്റെ പ്രാഥമികമോ പിന്നീടുള്ള ഘട്ടങ്ങളിലോ ഒന്നും എന്റേതായ ഒരു മുൻകൈയ്യും ഉണ്ടായിട്ടില്ല. എങ്കിലും മനോരാജിന്റെ ആ ഇഷ്ടസുഹൃത്തുക്കളുടെ ആ സംരംഭത്തിൽ ഒരു ഭാഗഭാക്കാവാൻ എനിക്കും ഒരു നിയോഗമുണ്ടായി. ഇനിയും കൂടുതൽ കഥാകൃത്തുക്കൾക്ക് പ്രചോദമനമാകാൻ മനോരാജിന്റെ പേരിലുള്ള ഈ പുരസ്കാരത്തിനു സാധിക്കട്ടെ. ഇനിയും ദീർഘകാലം മനോരാജിന്റെ സുഹൃത്തുക്കൾക്ക് ഈ ഉദ്യമം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ.