Thursday, 24 November 2016

നോട്ട് അസാധുവാക്കൽ

കഴിഞ്ഞ എട്ടാം തീയതി (08/11/2016) രാത്രി 8 മണിയോടെ രാഷ്ട്രത്തോടായി നടത്തിയ ഒരു പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള സർക്കാരിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് രാജ്യത്തെമ്പാടും സാധാരണക്കാരും അല്ലാത്തവരും ആയ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ആണല്ലൊ ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. നോട്ട് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ ചിന്താഗതികൾ ഇവിടെ രേഖപ്പെടുത്താം എന്ന് കരുതുന്നു.

നോട്ട് അസാധുവാക്കുക എന്ന സർക്കാർ തീരുമാനത്തോടും ഈ തീരുമാനത്തിലൂടെ  കൈവരിക്കാൻ സാധിക്കും എന്ന് സർക്കാർ കരുതുന്ന ലക്ഷ്യങ്ങളോടും എനിക്ക് അനുകൂലമായ നിലപാടാണ് ഉള്ളത്. സർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഈ പ്രഖ്യാപനം ധൃതിപിടിച്ചുള്ളതാണെന്ന ചിന്താഗതിയും എനിക്കില്ല. മുൻകൂട്ടി അറിയിച്ച് നോട്ടുകൾ പിൻവലിച്ചാൽ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയും എന്ന് കരുതുന്നില്ല. 

ഈ തീരുമാനം ഞാൻ ഉൾപ്പടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന സത്യത്തിൽ നിന്നും മുഖം തിരിക്കാനും ഉദ്ദേശമില്ല. ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും അല്ല ജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണം ലഭിക്കാത്തതു മൂലം പല സ്ഥലങ്ങളിലും ആളുകൾ മരിക്കുന്നുണ്ട്. യഥാസമയം ചികിത്സകിട്ടാതെ, അതിനുള്ള പണം കൈയ്യിലുണ്ടായിട്ടും ആ നോട്ടുകൾ മാറി പുതിയ നോട്ടുകൾ ആക്കാൻ കഴിയാതെ വരുന്നതു കൊണ്ട് പലരും മരണപ്പെടുന്നുണ്ട്. നോട്ടുകൾ മാറിയെടുക്കാനുള്ള ക്യൂവിൽ നിന്നും ആളുകൾ മരിക്കുന്നു. വിവാഹങ്ങൾക്ക് പണം ലഭിക്കുന്നില്ല. ഫീസടക്കാൻ നിർവ്വാഹമില്ലാതെ ചിലർ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് വിവിധങ്ങളായ പ്രശ്നങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. തീർച്ചയായും ഇതെല്ലാം സങ്കടകരം തന്നെയാണ്. അതിനൊപ്പം തന്നെ ചിലതെല്ലാം ഒഴിവാക്കാൻ സാധിക്കുന്നതും ആയിരുന്നു. കോളേജ് ഫീസ്, വിവാഹാവശ്യങ്ങൾ, ചികിത്സ എന്നിവയ്ക്കുള്ള പണം ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തയ്യാറാവണമായിരുന്നു. അങ്ങനെ ചെയ്താൽ ചില മരണങ്ങൾ / ആത്മഹത്യകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. അതുണ്ടായില്ല എന്നത് വേദനാജനകം ആണ്. സർക്കാരിന്റെ ഈ തീരുമാനം വന്നതിനു ശേഷം ഇന്നേ സമയം വരെ രാജ്യത്തൊട്ടാകെ എൺപതോളം മരണങ്ങൾ നോട്ട് അസാധുവാക്കിയതുകൊണ്ട് സംഭവിച്ചു എന്നാണ് വിവിധ മാദ്ധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഞാൻ മനസ്സിലാക്കുന്നത് സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തിന്റെ വികസനത്തിനും കള്ളപ്പണത്തിന്റേയും കള്ളനോട്ടിന്റേയും വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. കള്ളപ്പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികൾ എങ്കിലും ഇത് ബാധിച്ചിരിക്കുന്നത് അത്തരക്കാരെ മാത്രമല്ല. സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങളെയും ആണ്. ഞാൻ മനസ്സിലാക്കുന്നത് ഇതൊരു ഫിൽട്ടറിങ്ങ് പ്രോസസ്സ് ആണെന്നാണ്.  കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഒരു അരിച്ചെടുക്കൽ പ്രക്രിയ. അരിപ്പയുടെ കണ്ണികൾ എത്രമാത്രം ചെറുതാവുന്നുവോ അത്രയും ഫലം കൂടുതൽ ലഭിക്കും. എന്നാൽ സാധാരണക്കാരായ ആളുകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ അതിനനുസരിച്ച് കൂടുകയും ചെയ്യും. കണ്ണികൾ വലുതാവുംന്തോറും ഫലം കുറയുകയും എന്നാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും. അതിനാൽ തന്നെ ഒരു സന്തുലിതമായ നിലപാട് ഈ വിഷയത്തിൽ സർക്കാരിനും ഉണ്ടാകേണ്ടത് ആവശ്യമാണ്. 

സർക്കാർ സ്വീകരിച്ച നടപടികൾ നൂറുശതമാനം പിഴവുകൾ ഇല്ലാത്തതാണെന്ന അഭിപ്രായം എനിക്കില്ല. വലിയ നോട്ടുകൾ പിൻവലിച്ചപ്പോൾ ചെറിയ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതു പോലെ പുതുതായി പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്. അഞൂറു രൂപ നോട്ടുകൾ ആകട്ടെ ഇതുവരെ ലഭ്യമായിട്ടും ഇല്ല. ഇങ്ങനെ നോട്ടുകൾ ലഭ്യമാകാത്തത് ഞാൻ ഉൾപ്പടെയുള്ള ആളുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതല്ല. നോട്ടുകളുടെ വിനിമയത്തിൽ ഭൂരിഭാഗവും ആശ്രയിച്ചിരിക്കുന്ന ഒരു വിപണിയിൽ നോട്ടുകളുടെ ലഭ്യതയിൽ പെട്ടന്നുണ്ടാകുന്ന വലിയ കുറവ് തീർച്ചയായും ചെറുതല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിൽ തർക്കമില്ല. 

ഈ വിധത്തിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുന്നവരോടും ചിലത് പറയാനുണ്ട്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കിലിട്ടത് തിരികെ എടുക്കാൻ ചെല്ലുന്നവരെ പോലീസ് തല്ലുന്നു. ചാപ്പ കുത്തുന്നു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സർക്കാർ പിടിച്ചു വെയ്ക്കുന്നു. ജനങ്ങളുടെ സമ്പാദ്യം സർക്കാർ പിടിച്ചുവെച്ചു കൊണ്ട് ജങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണ്. ആത്മഹത്യ ചെയ്യാൻ നിർബന്ധിതമാക്കുകയാണ് എന്നെല്ലാം പലരും എഴുതിക്കണ്ടു. ഈ മരണങ്ങൾ കണ്ട് എന്തുകൊണ്ട് ഞെട്ടുന്നില്ല? ഇങ്ങനെ പല ചോദ്യങ്ങൾ കേൾക്കുന്നുണ്ട്. ബി ജെ പി എന്ന രാഷ്ട്രീയപ്രസ്ഥാനത്തോട് ചായ്‌വ് പുലർത്തുന്ന വ്യക്തികൂടി ആയതിനാൽ കടുത്ത പല വിമർശനങ്ങളും കേട്ടു. പക്ഷെ ഇതെല്ലാം കണ്ടും കേട്ടും ഞെട്ടാത്തത് ഇത്തരം സംഭവങ്ങൾ ആദ്യമായി കാണുകയല്ല എന്നതുകൊണ്ടാണ്. സർക്കാർ നയങ്ങൾ വികസന പദ്ധതികൾ എന്നിവയുടെ പേരിൽ വ്യക്തികളുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുന്നതും വ്യക്തികളെ കുടുംബങ്ങളെ വഴിയാധാരം ആക്കുന്നതും അതുമൂലം പലരും ആത്മഹത്യചെയ്യുന്നതും  എല്ലാം ഇതിനുമുൻപും കണ്ടിട്ടുണ്ട്. അത്രത്തോളം ഗുരുതരം അല്ല ഇപ്പോഴത്തെ സ്ഥിതി എന്നാൺ് എന്റെ നിഗമനം. 


എന്റെ നാടായ എറണാകുളം ജില്ലയിൽ വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പള്ളി എന്ന ഗ്രാമത്തിലെ 316 കുടുംബങ്ങളുടെ ദുരവസ്ഥ മുകളിലെ വീഡിയോയിൽ കാണാം. നാടിന്റെ വികസനത്തിനു വേണ്ടി സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിക്കാൻ തയ്യാറാകാതിരുന്ന അവരെ അവർ ജനിച്ചു വളർന്ന, അവരുടെ സമ്പാദ്യങ്ങൾ ഉള്ള, അവർ അദ്ധ്വാനിച്ച് പണിതുയർത്തിയ വീട്ടിൽ നിന്നും അന്നത്തെ സർക്കാർ ഇറക്കിവിടുകയായിരുന്നു. അവരുടെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ഉൾപ്പടെ അന്ന് നശിപ്പിക്കപ്പെട്ടു. അങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളിൽ നല്ലൊരു ഭാഗം ഇന്നും മതിയായ പുനരധിവാസം ഇല്ലാതെ ഷെഡുകളിൽ കഴിയുന്നുണ്ട്. അവരുടെ ആറു വർഷങ്ങൾ കഴിഞ്ഞുള്ള ദുരവസ്ഥ ഇവിടെ എഴുതിയിട്ടുണ്ട്. അന്ന് വീട്ടിൽ നിന്നും ഇറക്കിവിടപ്പെട്ടവരിൽ പലരും വഴിയാധാരമായി തന്നെ ആണ് മരിച്ചത്. അതുപോലെ ആറന്മുളയിൽ വിമാനത്താവളത്തിനു വേണ്ടി ഒരു പ്രദേശമാകെ വ്യവസായമേഖലയായി പ്രഖ്യാപിച്ചപ്പോൾ ഒരു വലിയ വിഭാഗത്തിന്റെ വസ്തുവകകൾ ആണ് മരവിപ്പിക്കപ്പെട്ടത്. പശ്ചിമബംഗാളിൽ സിങ്കൂരിൽ ടാറ്റയ്ക്കായി ഭൂമിയേറ്റെടുത്തപ്പോൾ എത്ര ഭീകരമായാണ് ഭരണകൂടം ജനങ്ങളെ നേരിട്ടത്. കേരളത്തിൽ തന്നെ വിമാനത്താവളം, ദേശീയപാതകൾ, അതുപോലെ മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കി മരവിപ്പിച്ചിട്ടിരിക്കുന്ന സ്ഥലങ്ങൾ എത്ര ആളുകളുടെ ജീവിതമാണ് കഷ്ടത്തിലാക്കുന്നത്. എത്ര ആളുകളുടെ സ്വപ്നങ്ങൾ ആണ് ഇല്ലാതാക്കുന്നത്. ഇന്ത്യയിൽ ഏത് രാഷ്‌ട്രീയ പാർട്ടി ഭരിക്കുന്ന സ്ഥലമായാലും ഇതുപോലുള്ള വിഷമതകൾ നേരിടുന്ന ജനവിഭാഗങ്ങൾ ധാരാളമുണ്ട്. നോട്ട് അസാധുവാക്കൽ കൊണ്ടുണ്ടായിട്ടുള്ള സ്ഥിതി ഇത്രയും ഗുരുതരമാണെന്ന് ഞാൻ കരുതുന്നില്ല.

മുകളിൽ പറഞ്ഞ സംഗതി ഒരു പ്രദേശത്തെ കുറെ ആളുകളെ മാത്രം ബാധിക്കുന്നതാണെങ്കിൽ നോട്ട് അസാധുവാക്കൽ മൂലമുണ്ടായിട്ടുള്ള ദുരിതങ്ങൾ രാജ്യവ്യാപകമായി തന്നെ ജങ്ങളെ ബാധിക്കുന്നതാണ്. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമുള്ളതു കൊണ്ട് ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്ന, ജനപിന്തുണ ലഭിക്കുന്ന പ്രവർത്തനങ്ങൾ നരേന്ദ്ര മോദി സർക്കാർ കാഴ്ചവെയ്ക്കും എന്നുതന്നെ വിശ്വസിക്കുന്നു. അങ്ങനെ ചെയ്തില്ല എങ്കിൽ പശ്ചിമ ബംഗാളും കമ്മ്യൂണിസ്റ്റ് പാർട്ടികളും നമുക്ക് മുൻപിൽ ഉദാഹരണമായി ഉണ്ട്. നോട്ട് അസാധുവാക്കൽ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സർക്കാരിൽ നിന്നും ഉണ്ടാകും എന്ന് ഉറച്ച വിശ്വാസത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

Monday, 7 November 2016

സിനിമാ പ്രാന്ത്

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്ലസ്സിൽ നടന്ന ചില ചർച്ചകൾ കണ്ടു. വിഷയം സിനിമയും ടോറന്റും പറസിയും തന്നെ ആയിരുന്നു. അല്പം വ്യത്യസ്തമായ ഒന്നാണ് ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കാൻ കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി പറവൂരിൽ പ്രഭൂസ് എന്ന തീയറ്ററിൽ പുലിമുരുഗൻ കാണാനുള്ള ജനങ്ങളുടെ ആവേശം ആണ്. എന്റെ വീട്ടിൽ നിന്നും ഏഴോ എട്ടോ കിലോമീറ്റർ അകലെയാണ് പ്രഭൂസ് തീയറ്റർ കഴിഞ്ഞ ഏതാനും ആഴ്ചകളിലെ ഒഴിവു ദിവസങ്ങളിൽ വലിയ തിരക്കാണ്. ഇന്നലെ ഉച്ചയ്ക്ക്  ഞാൻ തീയറ്ററിനു മുന്നിലൂടെ പോകുമ്പോൾ മാറ്റിനി കാണാൻ വലിയ ജനക്കൂട്ടം ഉണ്ട്. തീയറ്ററിന്റെ ഗേറ്റ് തുറന്നിട്ടില്ല. കുറെക്കഴിഞ്ഞ ഞാൻ മടങ്ങിപോകുമ്പോൾ ആ ജനക്കൂട്ടത്തിൽ കുറെ ആളുകൾ ടിക്കറ്റ് കിട്ടാതെ തീയറ്ററിനു വെളിയിൽ നിൽക്കുന്നുണ്ട്. അടുത്ത ഷോയ്ക്ക് ടിക്കറ്റ് കൊടുക്കുമ്പോളെ ഇനി കയറാൻ ഒക്കൂ. അവരെയൊക്കെ ഗെയ്റ്റിനു വെളിയിൽ ആക്കി തീയറ്ററുകാർ ഗേയ്റ്റ് അടച്ചിട്ടുണ്ട്. ഇനി അവർ മണിക്കൂറുകൾ കാത്തു നിൽക്കണം. അടുത്ത  ഷോ തുടങ്ങുന്നതിനു മുൻപ് ഗ്ഗേറ്റ് തുറക്കുമ്പോൾ ഇടിയിട്ട് അകത്തു കടന്ന് വീണ്ടും ക്യു നിന്ന് ടിക്കറ്റ് എടുക്കണം. ആ തവണയും ടിക്കറ്റ് കിട്ടണം എന്നില്ല. എന്റെ ബന്ധുക്കളിൽ ചിലർ തന്നെ കുട്ടികളേയും കൂട്ടി ഇതേ തീയറ്ററിൽ ഇതേ ചിത്രം കാണാൻ നാലു തവണ പോയിട്ടാണ് ടിക്കറ്റ് കിട്ടിയത്. 

എന്തുകൊണ്ടാണ് ആളുകൾക്ക് സിനിമ ഇത്രയും അവശ്യഘടകമായി തോന്നുന്നത്? ഒരു വിനോദോപാധിയായ സിനിമ ജീവിതത്തിൽ ഇത്ര അത്യന്താപേക്ഷിതമാണോ, ഈ ത്യാഗങ്ങൾ സഹിച്ച് കാണാൻ? 

വ്യക്തിപരമായി സിനിമ എന്ന കലയോട് ഈ ഭ്രാന്തമായ ആവേശം പണ്ടെ ഇല്ല. കുട്ടിക്കാലത്ത് അച്ഛനും അമ്മയും സിനിമയ്ക്ക് കൊണ്ടു പോയാലും ഞാൻ തീയറ്ററിൽ അധികം ഇരുന്നിട്ടില്ല. പിന്നെ അല്പം കൂടെ മുതിർന്നപ്പോൾ അവർ പോകുമ്പോൾ വിളിച്ചാലും പോകില്ല. ഞാനും അനിയനു വീട്ടിൽ ഇരുന്നു കളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കോളേജ് കാലഘട്ടത്തിൽ ഒരിക്കൽ ഏതോ സിനിമയ്ക്ക് പോയി ഇതേപൊലെ തിരക്കും ബഹളവും കഴിഞ്ഞ ടിക്കറ്റ് കിട്ടാതെ തിരിച്ചു പോന്നു. പിന്നെ ആകെ ഒരിക്കൽ മാത്രമാണ് കോളേജ് പഠനകാലത്ത് സിനിമ കാണാൻ തീയറ്ററിൽ പോയത്. അതും പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞ സമയത്ത് രൂപ് കി റാണി ചോരോം കാ രാജ ആണ് ആ സിനിമ എന്നാണ് ഓർമ്മ. പിന്നീട് പഠനകാലത്ത് സിനിമ കണ്ടിട്ടുണ്ടെങ്കിൽ അത് വിനോദയാത്ര പോകുന്ന അവസരത്തിൽ ഒരിക്കൽ ആവണം. 

സിനിമകൾ ഏറ്റവും കൂടുതൽ കണ്ടകാലഘട്ടം പഠനം കഴിഞ്ഞ 'അപ്രന്റീസായി' ജോലി ചെയ്യുന്ന സമയത്താണ്. അതിൽ അധികവും എറണാകുളം ശ്രീധർ തീയറ്ററിൽ ആണ്. പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷവും. ഞാൻ ഏറ്റവും അധികം സിനിമകൾ കണ്ട നഗരം തിരുവനന്തപുരം ആയിരിക്കണം. ജോലിയ്ക്കായി തിരുവനന്തപുരത്ത് വന്നാൽ വൈകീട്ട് 6 മണിയ്ക്കെങ്കിലും മടങ്ങാൻ സാധിച്ചില്ലെങ്കിൽ പിന്നെ എറണാകുളത്ത് എത്തിയാൽ വീട് എത്താൻ പറ്റില്ല. പിറ്റേന്ന് നേരം പുലരും വരെ എറണാകുളം ബസ് സ്റ്റാന്റിൽ കൊതുകടി കൊണ്ട് കഴിച്ചു കൂട്ടണം. ഇതൊഴിവാക്കാനുള്ള മാർഗ്ഗം സെക്കന്റ് ഷോ കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും ബസ് പിടിക്കുക എന്നതാണ്. അതിനായി തമ്പാനൂർ കെ എസ് ആർ ടി സി സ്റ്റാന്റിനു സമീപമുള്ള തീയറ്ററുകളിൽ ഏതെല്ലാം സിനിമ ആണെന്നു നോക്കി ഇഷ്ടം തോന്നുന്ന ഒരെണ്ണത്തിനു ടിക്കറ്റ് റിസർവ് ചെയ്യും. അങ്ങനെ റിസർവ് ചെയ്യാൻ സാധിക്കുന്ന തീയറ്ററുകളിൽ മാത്രമേ സിനിമയ്ക്ക് പോകാറുള്ളു.

പറഞ്ഞു വന്നത് സിനിമ എന്നത് കഷ്ടതകൾ സഹിച്ച് കാണേണ്ട ഒരു സംഗതിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു ഉപഭോകതാവ് എന്ന നിലയിൽ ഒരാൾ ഏറ്റവും അപമാനിക്കപ്പെടുന്ന സ്ഥലം സിനിമാ തീയറ്റർ ആണെന്നാണ് എന്റെ അനുഭവം. മറ്റു പല സ്ഥലങ്ങളിലും ഉപഭോക്താക്കൾ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും എല്ലാം ചെയ്യുന്നുണ്ട്. പക്ഷെ അവിടെ പലയിടത്തും ആവശ്യം നമ്മുടേതാകയാൽ ക്ഷമിക്കുന്നു. സിനിമ കണ്ടില്ല എന്നതു കൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. എന്നിട്ടും എന്താണ് ഇത്രയും കഷ്ടതകൾ സഹിച്ച് സിനിമകാണാൻ ഒരാളെ പ്രേരിപ്പിക്കുന്ന ഘടകം? സിനിമാപ്രാന്തന്മാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.