Friday, 25 September 2015

വഞ്ചിക്കപ്പെടുന്ന വൈപ്പിൻ നിവാസികൾ

വൈപ്പിൻ നിവാസികളെ ഒരു നിമിഷം!
മുഖം മിനുക്കിയ സുഭാഷ് പാർക്കിനെ കുറിച്ച്
24/09/2015-ലെ മെട്രോ മനോരമയിൽ വന്ന ലേഖനം
ഇത് ഇന്നത്തെ 24/09/2015 മലയാള മനോരമ മെട്രോയിൽ വന്ന വാർത്തയാണ്. ആറരകോടിരൂപ ചിലവിൽ എറണാകുളം സുഭാഷപാർക്ക് നവീകരിച്ചിരിക്കുന്നു. നല്ല വാർത്ത അല്ലെ :) മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന എറണാകുളം മഹാനഗരത്തിലെ നിവാസികൾക്ക് അല്പം വ്യായാമവും വിശ്രമവും ചെയ്യാൻ നല്ല സ്ഥലം. എറണാകുളത്തെത്തുന്നവരുടേയും എറണാകുളം നിവാസികളുടെയും കുട്ടികൾക്ക് കളിക്കാൻ ഒരു ഉദ്യാനം. ഫ്ലാറ്റുകളിൽ വീർപ്പുമുട്ടുന്നവർക്ക് അല്പം മാനസീകോല്ലാസത്തിനു നല്ല അന്തരീക്ഷം ഒരുക്കുന്ന ഇത്തരം ഉദ്യാനങ്ങൾ തീർച്ചയായും നഗരത്തിന്റെ ആഢംബരമല്ല, ആവശ്യം തന്നെയാണ്.

എന്തിനാണ് ഇത് പറഞ്ഞതെന്നാണെങ്കിൽ നമ്മൾ ദ്വീപ് നിവാസികളുടെ കാര്യം ആലോചിക്കാനാണ്. ജോലിയ്ക്കും പഠനത്തിനും ആയിരക്കണക്കിനു ദ്വീപ് നിവാസികളാണ് നിത്യവും എറണാകുളം നഗരത്തിൽ എത്തുന്നത്. മുൻപ് ബോട്ടിൽ വളരെ കഷ്ടപ്പെട്ടും അപകടങ്ങൾ താണ്ടിയും ഒക്കെയാണ് നാം എറണാകുളത്ത് എത്തിയിരുന്നത്. ഇപ്പോൾ "ഗോശ്രീപാലങ്ങൾ" വന്നിട്ട് പത്തുവർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. ഇടതും വലതുമായ രണ്ട് സർക്കാരുകൾ ഈ കേരളം ഭരിച്ചു. ബോട്ടിൽ വന്നിറങ്ങി ഹൈക്കോടതി ജങ് ഷനിൽ നിന്നും എറണാകുളം ബോട്ട് ജട്ടിയ്ക്കു സമീപത്തുനിന്നും മറ്റ് ബസ്സുകളിൽ കയറി യാത്രചെയ്തിരുന്ന നമ്മൾ ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ഇറങ്ങി യാത്ര തുടരുന്നു. ദ്വീപിൽ നിന്നും നഗരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് യാത്രചെയ്യാൻ നേരിട്ടൊരു സംവിധാനം എന്ന നമ്മുടെ ആഗ്രഹം 2013 ഫെബ്രുവരിയിലെ ഹൈക്കോടതി വിധികൊണ്ടെങ്കിലും സാധ്യമാകേണ്ടഹതായിരുന്നു. അന്ന് 23 തിരു-കൊച്ചി ബസ്സുകൾക്കാണ് ഹൈക്കോടതി നഗരപ്രവേശനം സാധ്യമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് എന്നിട്ടെന്തായി, ഇതുവരെ ആ 23 ബസ്സുകൾ ഓടിയ്ക്കാൻ കെ എസ് ആർ ടി സിയ്ക്ക് സാധിച്ചോ? ഇല്ല എന്നതാണ് ഉത്തരം. എറണാകുളം ആർ ടി എ അനുവദിച്ച സമയക്രമം അനുസരിച്ചുള്ള സർവ്വീസുകളും അല്ല അവർ നടത്തുന്നത്.
വൈപ്പിൻ ദ്വീപിലെ യാത്രാദുരിതത്തെക്കുറിച്ച്
24/09/2015-ലെ മെട്രോ മനോരമയിലെ വാർത്ത
സ്വകാര്യബസ്സിന്റെ കാര്യം പരിശോധിക്കാം, നിലവിൽ നമ്മുടെ ദ്വീപിൽ നിന്നുള്ള ബസ്സുകൾ ഹൈക്കോടതി ജങ്ഷനിൽ എത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു എന്ന് കാരണം പറഞ്ഞ് തിരക്കുള്ള രാവിലെയും വൈകീട്ടു പഴയഹൈക്കോടതി ജ്ങ്ഷൻ വരെ മാത്രമേ സിറ്റി പോലീസ് ദ്വീപിൽ നിന്നുള്ള സ്വകാര്യബസ്സുകൾക്ക് പ്രവേശ്നം അനുവദിക്കുന്നുള്ളു. നൂറ്റിയമ്പതിലധികം ബസ്സുകളിലായി ആയിരക്കണക്കിനാളുകൾ നിത്യവും എത്തുന്നുണ്ട്. ഇവിടെ യാത്രക്കാർക്ക് മൂത്രമൊഴിക്കാൻ സൗകര്യമള്ള ഒരു ബസ്റ്റേഷൻ നിർമ്മിക്കാൻ നമ്മുടെ അധികാരികൾക്ക് സാധിച്ചിട്ടുണ്ടോ? ഗോശ്രീപാലങ്ങൾ തുറന്ന അവസരത്തിൽ കളക്‌ടേഴ്സ് സ്ക്വയർ എന്ന് പേരിൽ ഒരു ബസ് സ്റ്റേഷൻ വരും എന്ന് മാധ്യമങ്ങൾ വെണ്ടയ്ക്ക് നിരത്തി. വർഷം പത്തുകഴിഞ്ഞു. നഗരപ്രവേശനമോ ബസ് സ്റ്റേഷനോ സാധ്യമായില്ല എന്നതുപോകട്ടെ നമ്മളെ നഗരപരിധിയിൽ നിന്നും വീണ്ടും വീണ്ടും പൊറകോട്ട് തള്ളുന്ന സമീപനം ആണ് അധികാരികളിൽ നിന്നും ഉണ്ടാകുന്നത്. ഇത് എഴുതാൻ കാരണം പഴയ ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിച്ചിരിക്കുന്ന സ്വകാര്യ ബസ്സ് സർവ്വീസുകൾ ഇന്നു മുതൽ വീണ്ടും പുറകോട്ട് മാറ്റിയിരിക്കുന്നു. ഇപ്പോൾ ഹൈക്കോടതി ജങ്ഷനിൽ ആളെ ഇറക്കിയാൽ ബസ്സുകൾ സി എം എഫ് ആർ ഐ യ്ക്കും അപ്പുറം പാർക്ക് ചെയ്യണം എന്നാണ് പോലീസ് പറയുന്നത്. പഴയ ഹൈക്കോടതി പരിസരത്തെ പാർക്കിങ് പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. സർവ്വീസ് ആരംഭിക്കേണ്ട സമയത്ത് നിലവിൽ ഹൈക്കോടതി ജ്ങഷനിൽ വന്ന് അവിടെ നിന്നും ആളെകയറ്റി സർവ്വീസ് തുടങ്ങണം എന്നാണ് പുതിയ രീതി. 

ഇത്രയധികം ആളുകൾ നിത്യവും വന്നുചേരുന്ന ഹൈക്കോടതി ജങ്ഷനിൽ ഗോശ്രീ ബസ്സുകൾക്കായി ഒരു ബസ് സ്റ്റേഷൻ അനുവദിക്കുന്നതിൽ എന്താണ് തെറ്റ്. മറൈൻ ഡ്രൈവിൽ പത്ത് ബസ്സുകൾക്കെങ്കിലും പാർക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ യാത്രക്കാർക്ക് അത്യാവശ്യം മൂത്രമൊഴിക്കാൻ ഒരു മൂത്രപ്പുരയെങ്കിലും ഒരുക്കി മഴയും വെയിലും കൊള്ളാത്ത രീതിയിൽ ബസ് ഷെൽട്ടറോടെ ഒരു ചെറിയ ബെസ് സ്റ്റേഷൻ എങ്കിലും നമുക്ക് വേണ്ടതല്ലെ? ഗോശ്രീപാലങ്ങൾ വന്ന് പത്ത് വർഷം കഴിഞ്ഞിട്ടും അധികാരികളിൽ നിന്നും ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല നമുക്ക് പ്രതികൂലമായാണ് നഗരസഭയും കൊച്ചിയുടെ പോലീസും ശ്രമിക്കുന്നത്. നമുക്ക് വേണ്ടി ശബ്ദമുയത്തേണ്ട ജനപ്രതിനിധികൾ ഇതൊന്നും കാണുന്നില്ലെ? 

ഗോശ്രീ ദ്വീപുകളുടെ വികസനത്തിനായി ജിഡ പോലൊരു സംവിധാനം ഉണ്ട്. നല്ല ഗംഭീരമായ ഒരു ഓഫീസും ഈ വെള്ളാനയ്ക്കുണ്ട്. ജിഡയിലെ ഫണ്ട് ഉപയോഗിച്ച് ഗോശ്രീ ബസ്സുകൾക്കായി മറൈൻഡ്രൈവിൽ ഒരു മിനി ബസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് എന്തുകൊണ്ടാണ് ഈ ജനപ്രതിനിധികൾ ആവശ്യപ്പെടത്തത്. വൈപ്പിൻ ജനതയ്ക്കു വേണ്ടി ഈ ആവശ്യങ്ങൾ നേടിത്തരേണ്ടത് നമ്മുടെ ജനപ്രതിനിധികളാണ്. ദ്വീപ് നിവാസികളുടെ യാത്ര കൂടുതൽ ദുഷ്കരമാക്കുന്ന പുതിയ സംവിധാനത്തോടുള്ള വിയോജിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു. ഇതിനു ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിന് നമുക്ക് സാധിക്കണം.

Wednesday, 23 September 2015

Indane ചില സംശയങ്ങൾ

         ഒരു Indane ഉപഭോക്താവ് എന്ന നിലയിൽ എന്റെ ഒരു അനുഭവം കുറിച്ചിടുന്നു. ഇത് ആദ്യതവണ അല്ല. എന്നും ഇതൊക്കെത്തന്നെ. ഓരോ തവണയും എഴുതണം എന്ന് കരുതും പിന്നെ വേണ്ടെന്നു വെയ്ക്കും. കഴിഞ്ഞ തവണ റിഫിൽ ബുക്ക് ചെയ്തത് 17/08/2015ന് ആണ്. ഞാൻ ഐ വി ആർ സ് സംവിധാനം ഏതാനും മാസങ്ങൾ ആയി ഉപയോഗിക്കാറില്ല. അതിനേക്കാൾ മെച്ചപ്പെട്ട മാർഗ്ഗം ഓൺസൈറ്റ് ബുക്ക് ചെയ്യുന്നതാണെന്ന് തോന്നിയതിനാൽ ആണ് അങ്ങനെ ചെയ്യുന്നത്. ബുക്കിങ്ങ്, ബില്ല് തയ്യാറാക്കിയത്, ഡെലിവറി ആയത്, ബുക്കിങ് ക്യാൻസൽ ചെയ്തെങ്കിൽ അതിന്റെ കാരണം എന്നിവയെല്ലാം ഇ-മെയിൽ ആയി കിട്ടും. മൊബൈൽ വഴി ബുക്ക് ചെയ്യുമ്പോൾ എല്ലാം എം എം എസ് ആയിമാത്രമേ ലഭിക്കൂ എന്ന് തോന്നുന്നു. 

          ഇത്തവണയും 17/08/2015-ൽ ഗ്യാസ് ബുക്ക് ചെയ്തത് സംബന്ധിക്കുന്ന അറിയിപ്പ് കിട്ടി. പലപ്പോഴും 40 ദിവസം കഴിഞ്ഞാണ് പുതിയ സിലിണ്ടർ കിട്ടാറ്. അതിനാൽ തന്നെ ഒരു മാസം കഴിയുന്നതുവരെ പ്രത്യേകിച്ച് അന്വേഷണങ്ങൾ ഒന്നും നടത്താറില്ല. 19/09/2015-ൽ ഒരു ഇ-മെയിൽ വന്നു. ഡിസ്ട്രിബ്യൂട്ടർ 16/09/2015-ൽ ക്യാഷ് മെമ്മോ അടിച്ചിട്ടുണ്ട് എന്ന അറിയിപ്പായിരുന്നു അത്. കൺഫ്യൂഷൻ വേണ്ട. ഡിസ്ട്രിബ്യൂട്ടർ ക്യാഷ് മെമ്മോ അടിച്ചത് 16/09/2015ന്, ഇതു സംബന്ധിക്കുന്ന അറിയിപ്പ് ഇമെയിലിൽ കിട്ടിയത് മൂന്നു ദിവസം കഴിഞ്ഞ് 19/09/2015ന്. പിറ്റേദിവസവും (20/09/2015) സിലിണ്ടർ വീട്ടിൽ എത്തിയില്ല. ഒന്നു രണ്ടുവട്ടം വിളിച്ചു ചോദിച്ചു. വ്യക്തമായ മറുപടി ഇല്ല. ഓൺലൈനിൽ ഡിസ്ട്രിബ്യൂട്ടർക്ക് കത്തെഴുതാനുള്ള സൗകര്യം ഉണ്ട്. അതുവെച്ച് ക്യാഷ് മെമ്മോ അടിച്ച് 4 ദിവസം ആയിട്ടും സിലിണ്ടർ തന്നിട്ടില്ലെന്നും എത്രയും പെട്ടന്ന് സിലിണ്ടർ തരണം എന്നും കാണിച്ച് 20 നു ഉച്ചയോടെ ഡിസ്ട്രിബ്യൂട്ടർക്ക് മെയിൽ അയച്ചു. . 21നു ഉച്ചയായപ്പോൾ ദാ വരുന്നു മറുപടി നിങ്ങളുടെ ബുക്കിങും ക്യാഷ് മെമ്മോയും ക്യാൻസൽ ആയെന്നും പറഞ്ഞ്. അതിനുള്ള കാരണം ആണ് വിചിത്രം ആയി തോന്നിയത്; വിലാസം തെറ്റാണത്രെ! (Wrong Address). കഴിഞ്ഞ 23 വർഷമായി തെറ്റാതെ ഈ വിലാസത്തിൽ തന്നെ ഗ്യാസ് കിട്ടിക്കൊണ്ടിരുന്നതാണ്. പിന്നെ ഇപ്പോൾ വിലാസം തെറ്റാൻ കാരണം എന്താണാവോ?  ശ്ശെടാ വെളുക്കാൻ തേച്ചത് പാണ്ടായൊ! നേരെ ഡിസ്ട്രിബ്യൂട്ടറെ വിളിച്ചു. ബുക്കിങ്ങ് ക്യാൻസൽ ആയിട്ടില്ലെന്ന് മറുപടി. ഒടുവിൽ 22 വൈകുന്നേരം 5 മണിയോടെ സിലിണ്ടർ വീട്ടിലെത്തി. 

        ഇനിയാണ് ഏറ്റവും രസകരമായ  സംഭവം. സിലിണ്ടർ വിതരണം ചെയ്തപ്പോൾ തന്ന ബില്ലിൽ അടിച്ചിരിക്കുന്ന തീയതി 11/09/2015 ! അപ്പോൾ 16/09/2015-ൽ അടിച്ചു എന്ന് പറയുന്ന ക്യാഷ് മെമ്മോ ഏതാണ്! 11/09/2015നു ബില്ലടിച്ചു എങ്കിൽ 22/09/2015 വരെയുള്ള 11 ദിവസം എന്തുകൊണ്ട് സിലിണ്ടർ തന്നില്ല. സിലിണ്ടർ ഡെലിവർ ആയ വിവരം ഇപ്പോഴും സൈറ്റിൽ അപ്ഡേറ്റ് ആയിട്ടില്ല. ഇനിയും അതിന് ഒരാഴ്ചയെങ്കിലും എടുക്കും. സൈറ്റിൽ (ഐ വി ആർ എസിൽ വിളിച്ചാലും വ്യത്യാസമില്ല) ഇപ്പോഴത്തെ അവസ്ഥ ബുക്കിങ് ക്യാൻസൽ Wrong Address എന്നതാണ്. എന്നാൽ പുതിയ ബുക്കിങ്ങ് നടത്താം എന്നു കരുതിയാൽ അതും പറ്റില്ല. നിങ്ങളുടെ 17/08/2015-ലെ ബുക്കിങ് അനുസരിച്ചുള്ള സിലിണ്ടർ ഇപ്പോഴും വിതരണം ചെയ്തിട്ടില്ല എന്ന് മറുപടിയാണ് കിട്ടുക. സൈറ്റിൽ സിലിണ്ടർ ഡെലിവറി ആയകാര്യം അപ്ഡേറ്റ് ആയി ഒരാഴചയെങ്കിലും കഴിഞ്ഞാലെ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാൻ പറ്റൂ. എന്താണ് ഈ വിതരണത്തിലെ കള്ളക്കളി. അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ?

Tuesday, 8 September 2015

വി ഡി സതീശൻ എം എൽ എ അവർകൾക്ക്

വടക്കൻ പറവൂർ എം എൽ എയും കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷനും ആയ ശ്രീ വി ഡി സതീശൻ അവർകൾക്ക് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വഴിയായും  ജി-മെയിൽ വിലാസത്തിലും 15/08/2015ന് സമർപ്പിച്ച പറവൂർ - കാക്കനാട് (വരാപ്പുഴ പാലം - കണ്ടെയ്നർ റോഡ്) റൂട്ടിലെ യാത്രാദുരതം സംബന്ധിക്കുന്ന പരാതിയുടെ പൂർണ്ണരൂപമാണ് ചുവടെ ചേർക്കുന്നത്. ഈ വിഷയത്തിൽ മുൻപ് എഴുതിയ ബ്ലോഗ് ഇവിടെ വായിക്കാം
പറവൂർ എം എൽ എ ശ്രീ V D Satheesan MLA ന്,
പറവൂരിനെ സംബന്ധിക്കുന്ന ഒരു ഗതാഗതപ്രശ്നം മുൻപും താങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്, താങ്കൾക്ക് നേരിട്ട് അറിയാവുന്നതും ആണ്. വീണ്ടും വീണ്ടും ആ വിഷയം ഉന്നയിക്കുന്നത് അത് പരിഗണിക്കാത്തതുകൊണ്ടുമാത്രമാണ്. പറവൂരിൽ നിന്നും കണ്ടെയ്നർ റോഡ് - കളമശ്ശേരി - സീപോർട്ട് എയർപോർട്ട് റോഡ് വഴി കാക്കനാട് സർവ്വീസ് നടത്തുന്ന ബസ്സുകൾ തന്നെയാണ് വിഷയം. കാക്കനാട് കളക്‌ടറേറ്റിൽ മാത്രമല്ല വ്യവസായമേഖലയിലും മറ്റും ജോലിചെയ്യുന്നവർക്കും കളമശ്ശേരിയിൽ ജോലിചെയ്യുന്നവർക്കും അതുപോലെ കളമശ്ശേരി പോളിടെക്നിക്, ഐ ടി ഐ, ഭാരത്‌മാതാ കോളേജ്, സെന്റ്പോൾസ് കോളേജ്, രാജഗിരി എന്നിങ്ങനെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും പ്രവർത്തിക്കുന്നവർക്കും എല്ലാം ആശ്രയിക്കാവുന്ന ഒരു മാർഗ്ഗമാണ് പറവൂർ - വരാപ്പുഴ - കളമശ്ശേരി - ബി എം സി -കാക്കനാട് റൂട്ട്. ഈ പാതയുടെ പ്രധാനപ്പെട്ട ഒരു ഗുണം പറവൂരിൽ നിന്നും കാര്യമായ ഗതാഗതക്കുരുക്കിൽ പെടാതെ 45 മിനിറ്റ് സമയം കൊണ്ട് കളമശ്ശേരിയിൽ എത്തിച്ചേരാം എന്നതാണ്. നിലവിൽ പലരും പറവൂർ -ആലുവ-കളമശ്ശേരി വഴിയാണ് യാത്രചെയ്യുന്നത്. കൂടുതൽ ബസ്സ് ചാർജ്ജും നൽകണം. മാത്രമല്ല മെട്രോ നിർമ്മാണം മൂലമുള്ള ഗതാഗത്ക്കുരുക്കിലെ സമയനഷ്ടവും. ഇതുരണ്ടും പറവൂരിൽ നിന്നും വരാപ്പുഴ - കണ്ടെയ്നർ റോഡ് കളമശ്ശേരി വഴി യാത്രചെയ്താൽ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ദൗർഭാഗ്യവശാൽ ഈ റൂട്ട് പൂർണ്ണമായും കെ എസ് ആർ ടി സിയ്ക്ക് തീറെഴുതിനൽകപ്പെട്ടിരികുന്നു. കെ എസ് ആർ ടി സി ആകട്ടെ ഏറ്റവും ലാഭകരമായ ഈ റൂട്ടിൽ താങ്കൾക്ക് അറിയാവുന്നതുപോലെ രണ്ട് ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ ഉപയോഗിച്ച് രാവിലേയും വൈകീട്ടും രണ്ട് "സർവ്വീസുകൾ മാത്രമാണ് നടത്തുന്നത്. രാവിലെ പറവൂരിൽ നിന്നും 8:50നും 9:10 നും അതുപോലെ കാക്കനാട് നിന്നും വൈകീട്ട് 5:10നു, 5:20നും. ഇതല്ലാതെ മറ്റൊരു സർവ്വീസും ഈ റൂട്ടിൽ ഇല്ല. ലോ ഫ്ലോർ നോൺ എസി ബസ്സുകൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് ഈ റൂട്ടിൽ യാത്രാ സൗജന്യം ലഭ്യമല്ല. വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലോ ഫ്ലോർ ബസ്സിലെ 20% അധികം വരുന്ന യാത്രാക്കൂലി നൽകി യാത്രചെയ്യാൻ നിർബന്ധിതരാവുകയാണ്. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ ആവശ്യമായ ബസ്സുകൾ ഇല്ലെന്നതാണ് പ്രധാനപ്രശ്നം. കെ എസ് ആർ ട് സിയുടെ കഴിവുകേടിന് പാവം ജനം അല്ലല്ലൊ ഉത്തരവാദികൾ. കെ എസ് ആർ ടി സിയ്ക്ക് സർവ്വീസ് നടത്താൻ സാധിക്കില്ലെങ്കിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് അനുവദിക്കണം. വരാപ്പുഴ - കണ്ടെയ്നർ റോഡ് വഴി എറണാകുളം ജെട്ടി നേരത്തെ കെ എസ് ആർ ടി സി മാത്രമായിരുന്നില്ലെ? ഇപ്പോൾ മൂന്ന് സ്വകാര്യബസ്സുകൾക്ക് ഈ റൂട്ടിൽ പെർമിറ്റ് അനുവദിച്ചിട്ടുണ്ടല്ലൊ. അതുപോലെ പറവൂർ - വരാപ്പുഴ - കളമശ്ശേരി - കാക്കനാട് റൂട്ടിലും ഓർഡിനറി സർവ്വീസുകൾ അനുവദിക്കണം. കെ എസ് ആർ ടി സിയ്ക്ക് കഴിയില്ലെങ്കിൽ സ്വകാര്യ ബസ്സുകളെ ഏല്പിക്കണം.
ഇനി സർക്കാർ അവധി ദിവസങ്ങളിലെ ഈ സർവ്വീസുകളുടെ കാര്യം പരിശോധിക്കാം. മിക്കവാറും ഒരു സർവ്വീസായി അവധിദിവസങ്ങളിൽ വെട്ടിച്ചുരുക്കും. കഴിഞ്ഞ ദിവസം (കർക്കിടകവാവിന്) വൈകീട്ട് കാക്കനാടു നിന്നുള്ള രണ്ട് സർവ്വീസുകളും റദ്ദ് ചെയ്തു. കുറെ നേരം കാത്തുനിന്ന് ബസ്സ് കാണാതായപ്പോൾ പറവൂരിൽ ഡിപ്പോയിൽ ഫോൺ ചെയ്ത് ചോദിച്ചു. രണ്ടാമത്തെ സർവ്വീസ് (5:20) ഇല്ല ആദ്യത്തെ സർവ്വീസ് ഉണ്ട് (5:10) എന്നായിരുന്നു മറുപടി. സാധാരണ കളമശ്ശേരിൽ ഈ ബസ്സ് 5:20നു എത്തുന്നതാണ് 6 മണിവരെ കാത്തുനിന്നു. കാണാതായപ്പോൾ വീണ്ടും വിളിച്ചു. ഇനിയും വന്നിട്ടില്ലെങ്കിൽ സർവ്വീസ് ഉണ്ടാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. പറവൂരിൽ നിന്നല്ലെ ട്രിപ്പ് ഷെഡ്യൂൾ ചെയ്യുന്നത്, അപ്പോൾ നിങ്ങൾക്ക് അറിയില്ലെ സർവ്വീസിന്റെ കാര്യം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞങ്ങൾ 4 മണിയുടെ ഷിഫ്റ്റിൽ കയറിയതാണ്, രാവിലെ എന്തൊക്കെ മാറ്റങ്ങൾ സർവ്വീസ് വരുത്തി എന്നത് അറിയില്ല എന്നായിരുന്നു. അതാണ് കെ എസ് ആർ ടി സിയുടെ അവസ്ഥ. പിന്നെ എങ്ങനെ യാത്രക്കാർ ഈ സർവ്വീസുകളെ വിശ്വസിക്കും. കർക്കിടകവാവ് സർക്കാർ അവധി ആയിരിക്കും എന്നാൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ആകെ ലഭിക്കുന്ന 13 അവധിദിവസങ്ങളിൽ കർക്കിടകവാവും ദീപാവലിയും മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും ഒന്നും ഉൾപ്പെടില്ല. കർക്കിടകവാവ് ദിവസം കാക്കനാടു നിന്നും സീപോർട്ട് എയർ പോർട്ട് റോഡ് - കണ്ടെയ്നന്ര് റോഡ് വരാപ്പുഴ വഴിയുള്ള 3 സർവ്വീസുകളും (മൂന്നാമത്തേത് കണ്ടെയ്നർ റോഡ് - ഗോശ്രീപാലം - പറവൂർ) റദ്ദാക്കിയിരുന്നു.
കേരളം ഭരിക്കുന്ന സഖ്യത്തിലെ പ്രധാനപാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് താങ്കൾ. താങ്കളുടെ പാർട്ടിയുടെ തന്നെ പ്രതിനിധിയാണ് കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രി. മൂന്നു തവണ വടക്കൻ പറവൂരിനെ പ്രതിനിധാനം ചെയ്ത എം എൽ എ കൂടിയാണ് താങ്കൾ. ഇത്രയും അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും, ഈ വിഷയത്തിൽ ഇതുവരെ ഒരു നടപടി സ്വീകരിക്കാൻ താങ്കൾക്ക് സാധിച്ചില്ലെങ്കിൽ അത് താങ്കളുടെ നിസ്സഹായാവസ്ഥയല്ല, മറിച്ച് ഈ വിഷയത്തിൽ താങ്കൾക്കുള്ള ആത്മാർത്ഥതക്കുറവാണെന്ന് ഞാൻ കരുതുന്നു. ഇനിയെങ്കിലും ഈ വിഷത്തിൽ ആത്മാർത്ഥമായ ഒരു സമീപനം താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈ പരാതിയ്ക്ക് ഇന്നുവരെ ഒരു മറുപിടിയും ലഭിച്ചില്ല എന്നു മാത്രമല്ല, ഈ വിഷയത്തിൽ ദീർഘനാളുകളായുള്ള പരാതികൾ തുടരുകയാണ്. ആലുവ - കാക്കനാട് - തൃപ്പൂണിത്തുറ റൂട്ട് കെ എസ് ആർ ടി സിയ്ക്ക് നല്ല വരുമാനമുള്ള റൂട്ടാണ്. നല്ലതിരക്കുള്ള സമയങ്ങളിൽ പരമാവധി ലോ ഫ്ലോർ ബസ്സുകൾ തന്നെ ഓടിച്ച് ആളുകളെ പിഴിഞ്ഞ് കളക്ഷൻ വർദ്ധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഈ റൂട്ടിൽ ഇൻഫോ പാർക്ക് മുതൽ കളമശ്ശേരി എച്ച് എം ടി ജങ്ഷൻ വരെ ഒരു സ്വകാര്യബസ്സിനുകൂടി പെർമിറ്റ് നൽകിയതായ ശുഭവാർത്ത കിട്ടി. ഇത് ആശാവഹമാണ്. പറവൂരിലേയ്ക്കും ഇതുപോലെ സ്വകാര്യബസ്സിന് പെർമിറ്റ് നൽകി കെ എസ് ആർ ടി സിയുടെ കൊള്ളയിൽ നിന്നും യാത്രക്കാരെ രക്ഷിക്കാൻ എം എൽ എ നടപടി സ്വീകരിക്കും എന്ന് കരുതുന്നു.