എന്റെ നാട്, എറണാകുളം ജില്ലയിൽ വൈപ്പിൻ എന്ന് ദ്വീപിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന കുഴുപ്പിള്ളി എന്ന ഗ്രാമമാണ്. ഇവിടെ പ്രധാനപാത സംസ്ഥാന ഹൈവേ ആയ വൈപ്പിൻ - പള്ളിപ്പുറം റോഡും. ഞങ്ങൾ എറണാകുളം എന്ന മഹാനഗരത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഗോശ്രീപാലങ്ങൾ വഴിയാണ്. പണ്ട് വൈപ്പിനിൽ നിന്നും ബോട്ട് മാർഗ്ഗമാണ് ഞങ്ങൾ എറണാകുളത്ത് എത്തിയിരുന്നത്. എന്നാൽ ഏതാനും വർഷം മുൻപ് ഗോശ്രീപാലങ്ങൾ തുറന്നതോടെ എറണാകുളം നഗരവുമായി ഞങ്ങൾ കൂടുതൽ അടുത്തു. മുൻപ് ഈ ദ്വീപിനെ റോഡ് മാർഗ്ഗം ബന്ധിപ്പിച്ചിരുന്നത് ചെറായി വഴിയാണ്. പിന്നീട് മാല്യങ്കരയിലും പാലം വന്നു. അങ്ങനെ കൊടുങ്ങല്ലൂരുമായും ഞങ്ങൾ കൂടുതൽ അടുത്തു.
ഇങ്ങനെ പുതിയ പാലങ്ങൾ ദ്വീപിലെ ഗതാഗതം വർദ്ധിപ്പിച്ചു. ആദ്യകാലങ്ങളിൽ സ്വകാര്യബസ്സുകൾ മാത്രം ഉണ്ടായിരുന്ന ദ്വീപിൽ കെ എസ് ആർ ടിസി യും സർവ്വീസ് ആരംഭിച്ചു. ദ്വീപിൽ നിന്നും ദൂരസ്ഥലങ്ങളിലേയ്ക്കുള്ള സർവ്വീസുകൾ കെ എസ് ആർ ടി സിയുടെ കുത്തകയായി. ആദ്യമെല്ലാം വൈപ്പിൻ - പറവൂർ, വൈപ്പിൻ - മുനമ്പം മാത്രമായിരുന്നു സർവ്വീസുകൾ. ഇപ്പോൾ ദ്വീപിന്റെ മറ്റു പ്രദേശങ്ങളിലേയ്ക്കും ദൂര ദേശങ്ങളിലേയ്ക്കും ബസ്സുകൾ ഉണ്ട്. ഫലത്തിൽ ബസ്സുകൾ തമ്മിലും കെ എസ് ആർ ടി സിയുമായും മത്സരം കൂടി. കേരളത്തിൽ ആദ്യമായി സ്വകാര്യബസ്സുകൾക്ക് ടൈം പഞ്ചിങ്ങ് ഉണ്ടായിരുന്നത് വൈപ്പിനിൽ ആണ്. കെ എസ് ആർ ടി സി പഞ്ചിങ്ങിന് തയ്യാറാവാതെ വന്നതോടെ സ്വകാര്യബസ്സുകളും അതിൽ നിന്നും പിന്മാറി. ഇന്ന് ഞങ്ങളുടെ പൊതുഗതാഗതരംഗം ആകെ താറുമാറായ അവസ്ഥയാണുള്ളത്. രാത്രികാലങ്ങളിൽ ബസ്സ് സർവ്വീസുകൾ റദ്ദാക്കുന്നത് തുടർക്കഥയായി. പലപ്പോഴും വീട്ടിൽ പോകാൻ നൂറും ഇരുന്നൂറും രൂപ ഓട്ടോ ചാർജ്ജ് ഇനത്തിൽ കൊടുക്കേണ്ട ദുരവസ്ഥയിൽ ആയി വൈപ്പിൻ ജനത. മാദ്ധ്യമങ്ങൾ പലവട്ടം ഈ കാര്യം വാർത്താപ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. ഈ ദുരവസ്ഥയ്ക്കെതിരെ ഞാൻ നടത്തിയ വിവരാവകാശനിയമപ്രകാരമുള്ള പ്രതിക്ഷേധങ്ങൾ ആണ് ഇനി വിവരിക്കുന്നത്.
മേൽകാണിച്ചിരിക്കുന്നത് സർവ്വീസുകൾ റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ച് മലയാള മനോരം 2013 ഡിസംബർ എട്ടിന് പ്രസിദ്ധീകരിച്ച വാർത്തയാണ്. ഇത്തരത്തിൽ പലപ്പോഴും വാർത്തകൾ മനോരമയും മാതൃഭൂമിയും മറ്റ് പത്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. എന്നാലും ഫലം ഉണ്ടാകാറില്ല. ഒടുവിൽ സർവ്വീസ് മുടക്കുന്ന ബസ്സുകളെക്കുറിച്ച് മോട്ടോർവാഹനവകുപ്പിന് പരാതി നൽകാൻ ഞാൻ തീരുമാനിച്ചു. ആ പരാതി നൽകിയപ്പോൾ സർവ്വീസ് നടത്താത്ത ബസ്സുകളെ കുറിച്ചു വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരാതി നൽകാനായി മോട്ടോർ വാഹനവകുപ്പിൽ നിന്നുള്ള മറുപടി. അങ്ങനെ വ്യക്തമായ ഒരു പരാതി നൽകണമെങ്കിൽ സർവ്വീസ് നടത്തേണ്ടുന്ന എല്ലാ ബസ്സുകളെക്കുറിച്ചുമുള്ള വിവരം നമ്മുടെ പക്കൽ ഉണ്ടായിരിക്കണം. ദൗർഭാഗ്യവശാൽ എന്റെ പക്കൽ ആ വിവരം ഇല്ല. അതിനാൽ രാത്രി 8:30നു ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും 8 മണിക്ക് ശേഷം പറവൂരിൽ നിന്നും സർവ്വീസ് നടത്തേണ്ട എല്ലാ ബസ്സുകളുടേയും വിവരങ്ങൾ ലഭ്യമാക്കണമെന്ന വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷ ഞാൻ എറണാകുളം ആർ ടി ഓഫീസിലെ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ മുൻപാകെ 2013 ആഗസ്റ്റ് 13ന് സമർപ്പിച്ചു.
ആ അപേക്ഷയിൽ എനിക്ക് ലഭിച്ച മറുപടിയാണ് ((G7/188/2013/RTI/E, 11/09/2013) ) മുകളിലെ ചിത്രത്തിൽ. ഞാൻ ആവശ്യപ്പെട്ടപ്രകാരമുള്ള സമയവിവരപ്പട്ടിക പ്രസ്തുത ആഫിസിൽ സൂക്ഷിച്ചിട്ടില്ലെന്നും അതിനാൽ ലഭ്യമാക്കാൻ സാധിക്കില്ലെന്നും മറുപടിയിൽ പറയുന്നു. എന്നാൽ സമാനമായ ചോദ്യം ഞാൻ 2010ലും ചോദിച്ചിരുന്നു. അന്ന് എനിക്കെ വ്യക്തമായ മറുപടി തന്നതും ആയിരുന്നു.
2010 ഡിസംബറിൽ സമർപ്പിച്ച അപേക്ഷയിൽ 2011 ജനുവരിയിൽ ലഭിച്ച മറുപടിയാണ് ചിത്രത്തിൽ. ഇതോടൊപ്പം ലഭിച്ച സമയവിവരപ്പട്ടികയുടെ ഒരു പേജും ചുവടെ ചേർക്കുന്നു.
മേൽ ചിത്രങ്ങളിലെ മറുപടികൾ ചൂണ്ടിക്കാട്ടി, ബസ്സുകളെ സമയവിവരം സൂക്ഷിക്കുന്നത് നിറുത്തലാക്കിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് 2013 സെപ്തംബർ 30ന് ഒരു പുതിയ അപേക്ഷ തയ്യാറാക്കി സമർപ്പിച്ചു. ഇത്തവണ ലഭിച്ച മറുപടി കൂടുതൽ രസകരമായിരുന്നു.
എനിക്ക് കിട്ടിയ മറുപടിയാണ് (
G7/229/2013/RTI/E, 29/10/2013) മുകളിലെ ചിത്രത്തിൽ. വിവരങ്ങൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് വൈറസ് കയറി നശിച്ചുപോയതിനാൽ ആണ് ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സാധിക്കാത്തതെന്നും, ഇപ്രകാരം വിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന രീതി നിറുത്തലാക്കികൊണ്ടുള്ള ഉത്തരവൊന്നും നിലവിലില്ല എന്നും ഈ മറുപടിയിൽ പറയുന്നു. ഈ മറുപടിയും എനിക്ക് തൃപ്തികരമല്ലാഞ്ഞതിനാൽ ബസ്സുകളുടെ സമയവിവരം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്ന ഒരു അപ്പീൽ ഞാൻ അപ്പീൽ അധികാരിയായ എറണാകുളം ആർ ടി ഓയ്ക്ക് 20/11/2013-ൽ അയച്ചിരുന്നു. ആ അപ്പീൽ 23/11/2013-ൽ കൈപ്പറ്റിയതായുള്ള അറിയിപ്പ് എനിക്ക് കിട്ടി. 13/01/2014-ൽ അപ്പീൽ തീർപ്പാക്കികൊണ്ടുള്ള ആർ ടി ഒയുടെ മറുപടി (G7/AP 33/2013/RTI/E, 03/01/2014) എനിക്ക് ലഭിച്ചു.
ഇതനുസരിച്ച് ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പബ്ലിക് ഇൻഫോർമേഷൻ ഓഫീസറുടെ (പി ഐ ഒ) ഭാഗത്തുനിന്നും മനഃപൂർവ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും, ഞാൻ ആവശ്യപ്പെട്ട പ്രകാരം ബസ്സുകളുടെ സമയക്രമം ക്രോഡീകരിച്ച് സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പി ഐ ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറയുന്നു.
ഇതിനിടയിൽ ബഹുമാനപ്പെട്ട എറണാകുളം ജില്ലാകളക്ടറുടെ ഫേസ്ബുക്ക് പേജിൽ ഒരു അറിയിപ്പ് കണ്ടു. എറണാകുളം ആർ ടി എ (റീജണൽ ട്രാൻസ്പോർട്ട് അഥോറിട്ടി)യുടെ ഒരു യോഗം 25/09/2013ന് എറണാകുളം കളക്‌ടറേറ്റിൽ കൂടുന്നു. ആ അറിയിപ്പിൽ പൊതുജനങ്ങൾക്ക് ഈ യോഗത്തിൽ സംബന്ധിക്കാൻ സാധിക്കുമോ എന്നൊരു സംശയം ഞാൻ ഉന്നയിച്ചിരുന്നു. അതിനു മറുപടിയായി പൊതുജനങ്ങൾക്കുള്ള പരാതികൾ സെക്രട്ടറി, ആർ ടി എ, കളക്‌ടറേറ്റ് എറണാകുളം എന്ന വിലാസത്തിൽ അയക്കാം എന്ന് അറിയിച്ചു. അതനുസരിച്ച് ബസ്സുകൾ സർവ്വീസ് മുടക്കുന്നത് ചൂണ്ടിക്കാട്ടി ഒരു പരാതി അയച്ചു. തുടർന്ന് 30/09/2013-ൽ എനിക്ക് ആർ ടി ഓഫീസിൽ നിന്നും അറിയിപ്പ് കിട്ടി. "ആർ ടി എ യോഗം 2013 ഒക്‌ടോബർ 3ന് നടക്കുന്നു പരാതിയിൽ (
G/5956/2013/E) നേരിട്ട് ഹാജരായി വിശദീകരണം നൽകാം." യോഗത്തിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി 01/10/2013-ൽ എറണാകുളം ഹൈക്കോടതി ജങ്ഷനിൽ നിന്നും വൈകീട്ട് 7:35മുതൽ 9:05വരെ സർവ്വീസ് നടത്തിയ എല്ലാ ബസ്സുകളെയും സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിച്ചു. അതുമായി 02/10/2013-ൽ കളക്‌ടറേറ്റിൽ ചേർന്ന ആർ ടി എ യോഗത്തിൽ പങ്കെടുത്തു വിഷയം അവതരിപ്പിച്ചു. ഈ വിഷയം അടിയന്തിരമായി അന്വേഷിക്കാനും സർവ്വീസ് റദ്ദാക്കുന്ന ബസ്സുകൾക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 86(5) വകുപ്പു അനുസരിച്ച് നടപടി സ്വീകരിക്കാനും ആർ ടി എ നിർദ്ദേശം (
സപ്ലിമെന്ററി ഐറ്റം-16) നൽകി.
ഈ വിഷയത്തിൽ തുടർന്നും നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. കാരണം ബസ്സുകളുടെ സർവ്വീസ് റദ്ദാക്കൽ ഇപ്പോഴും തുടരുന്നു. അതിന് പല കാരണങ്ങൾ അവർക്കും പറയാനുണ്ട്. പക്ഷെ അതിൽ പലതും സർവ്വീസ് റദ്ദാക്കുന്നത് ന്യായീകരിക്കുന്നില്ല. ബസ്സുടമകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവർ അധികാരികളുടെ മുന്നിൽ അവതരിപ്പിച്ച് അതിന് പരിഹാരം കണ്ടത്താൻ ശ്രമിക്കണം.
ഇത്രയും നാളത്തെ ഈ പ്രയത്നങ്ങൾ വൃഥാവിൽ ആവില്ല എന്നാണ് എന്റെ വിശ്വാസം. ഇത്തരം സമരങ്ങളിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം ആവശ്യമാണ്. 03/10/2013-ലെ ആർ ടി എ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച മേൽനടപടികൾ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും പബ്ലിക് ഇൻഫോർമേഷൻ ഓഫീസറെ സമീപിക്കാം. അതിന്റെ മറുപടിയ്ക്ക് അനുസരിച്ച് അധികാരികളിൽ നിന്നും തുടർനടപടികൾ ആവശ്യപ്പെടാം. എന്റെ അപ്പീൽ തീർപ്പാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള സമയവിവരപ്പട്ടിക തയ്യാറാക്കുന്നതിന്റെ പുരോഗതികൾ വിവരാവകാശനിയമം വഴി ആവശ്യപ്പെടാം. അങ്ങനെ നമ്മൾ ജാഗരൂകരായിരുന്നാൽ അധികാരികളും നിയമലംഘകർക്കെതിരെ നപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകും എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്നെപ്പോലെ ഒരു സാധാരണ പൗരന് ഇതൊക്കെ ചെയ്യാൻ സാധിക്കും എങ്കിൽ ഇതു വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഒരു പക്ഷെ അത്ഭുതങ്ങൾ കൊണ്ടുവരാൻ സാധിച്ചേക്കും. ഈ ബ്ലൊഗ് വായിക്കുന്ന നിങ്ങളിൽ ഒരാളെങ്കിലും സ്വന്തം നാട്ടിലെ പ്രശ്നങ്ങൾക്ക് വിവരാവകാശനിയമത്തെ ഉപയോഗിക്കാൻ തീരുമാനിച്ചു എങ്കിൽ ഞാൻ ഈ എഴുതുന്നത് ഫലം കണ്ടു എന്ന് ഞാൻ കരുതും. വിവരാവകാശനിയമം ഒരുപാട് വെള്ളം ചേർത്ത് ലഘൂകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും നിയമലംഘനങ്ങൾക്കും അനീതിയ്ക്കും എതിരെ പോരാടാൻ ശക്തമായ ആയുധം തന്നെയാണ്. കൂടുതൽ ആളുകൾ ഈ ആയുധം പ്രയോഗിക്കാൻ തയ്യാറാവണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.