Wednesday, 17 October 2012

വിളപ്പിൽ ശാല - ഒരുമയുടെ വിജയം | Vilappil Sala - Victory of Unity

കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം എന്ന നമ്മുടെ തലസ്ഥാനനഗരിയുടെ മുഴുവൻ മാലിന്യങ്ങളും വിളപ്പിൽ ഗ്രാമപഞ്ചായത്ത് ചുമക്കുന്നു. ഈ ദുർവിധിയ്ക്കെതിരെ അവർ നടത്തിവന്ന ധീരമായ സമരം ഏതാണ്ട് പരിസമാപ്തിയിലേയ്ക്ക് അടുക്കുകയാണ് എന്ന് വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. മാലിന്യസംസ്കരണശാല അവിടെ പ്രവർത്തിപ്പിക്കുന്നതിൽ നഗരസഭയ്ക്കും തങ്ങൾക്കും പറ്റിയ വീഴ്ചകളും ജനങ്ങളുടെ ശക്തമായ എതിർപ്പും മൂലം ഈ മാലിന്യസംസ്കരണശാല അവിടെ തുടർന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും ശാലപൂട്ടാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ അഭ്യർത്ഥിച്ചാൽ, ആ അഭ്യർത്ഥന കോടതി അംഗീകരിച്ചാൽ അതൊരു വലിയ വിജയമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വിജയം. വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണകേന്ദ്രത്തിന്റെയും സമരത്തിന്റേയും ചരിത്രം ഞാൻ മനസ്സിലാക്കിയത് ഇവിടെ കുറിയ്ക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം നഗരസഭയും സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ചതാണ് നിലവിൽ "വിളപ്പിൽശാല" എന്നറിയപ്പെടുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള  മാലിന്യസംസ്കരണകേന്ദ്രം. ഇതിനായി ശ്രീ ശിവൻകുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലഘട്ടത്തിലാണ് ഈ സംസ്കരണ ശാലയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യകാലത്ത് പോബ്സ് ആണ് ഈ സംസ്കരണശാല പ്രവർത്തിപ്പിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്ന് തരംതിരിച്ച് അതിൽ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റി വിൽക്കുക എന്നതാണ് പദ്ധതിപ്രകാരം ഉദ്ദേശിച്ചിരുന്നത്. ഇതുമൂലം മലിനീകരണം ഉണ്ടാവില്ലെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകിയിരുന്നെങ്കിലും അത് ഉണ്ടായില്ല. ആദ്യകാലങ്ങളിൽ ഏറ്റവും വലിയപ്രശ്നം ദുർഗന്ധം ആയിരുന്നു, പിന്നീട് അവിടെ എത്തുന്ന മാംസാവശിഷ്ടങ്ങളും മറ്റും കാക്കയും മറ്റു പക്ഷികളും കൊത്തി സമീപ വീടുകളിലും കിണറുകളിലും ഇടാൻ തുടങ്ങി. അങ്ങനെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. ഒടുവിൽ തുറസ്സായസ്ഥലത്ത് മാലിന്യം ഇടാതെ അവിടെ മേൽക്കൂര നിർമ്മിക്കന്ന് ധാരണയായി. ഏതാനും നാളുകൾ കൊണ്ട് മേൽക്കൂര ഉണ്ടായി. അവിടെ നിർമ്മിച്ചിരുന്ന ജൈവവളത്തിന് ഉദ്ദേശിച്ച ഗുണനിലവാരം ഇല്ലാത്തതിനാൽ പ്രതീക്ഷിച്ച വില്പനയും ഉണ്ടായില്ല. വളം വിറ്റുപോകാതെ കെട്ടിക്കിടക്കാനും തുടങ്ങിയതോടെ പ്ലാന്റ് നഷ്ടത്തിൽ ആയി. അതോടെ പോബ്സ് ഈ സംരംഭം ഉപേക്ഷിച്ചു, എന്നാൽ മാലിന്യങ്ങൾ തിരുവനന്തപുരത്തുനിന്നും വിളപ്പിൽശാലയിലേയ്ക്ക് നിത്യവും വന്നുകൊണ്ടിരുന്നു. അങ്ങനെ മാലിന്യസംസ്കരണ കേന്ദ്രം "മാലിന്യസംഭരണകേന്ദ്രം" ആയിമാറി. അതോടെ ദുർഗന്ധം മാത്രമല്ല മാലിന്യങ്ങൾ അഴുകി അത് ഭൂമിയിലേയ്ക്ക് ഇറങ്ങാനും, ഭൂഗർഭജലവും, ഗ്രാമത്തിലെ വിവിധ ജലശ്രോതസ്സുകളും മലിനമാകാനും ഉപയോഗയോഗ്യമല്ലാതാകാനും തുടങ്ങി. ഈ ഘട്ടത്തിൽ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനചുമതലയും തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. എന്നാൽ അവിടെ നിത്യവും എത്തുന്ന മാലിന്യം സംസ്കരണകേന്ദ്രത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അധികമായതിനാൽ അവിടെ വീണ്ടും മാലിന്യം കുന്നുകൂടാൻ തുടങ്ങി. ഇങ്ങനെ സ്ഥലം തികയാതെ വന്നപ്പോൾ പല കാലഘട്ടങ്ങളിലായി സർക്കാർ സ്ഥലം ഏറ്റെടുത്ത് ഈ കേന്ദ്രത്തിന് നൽകിപ്പോന്നു. ഇന്ന് ഏകദേശം 2ലക്ഷം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. മഴക്കാലത്ത് ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഉള്ള അഴുക്കുജലം സമീപത്ത് ജലശ്രോതസ്സായ കടമ്പ്രയാറിനെപ്പോലും മലിനമാക്കുന്നതായാണ് റിപ്പോർട്ട്. ഏകദേശം പന്ത്രണ്ട് വർഷത്തോളമായി ഇവിടത്തെ ജനങ്ങൾക്ക് സർക്കാരും തിരുവന്തപുരം നഗരസഭയും പല ഉറപ്പുകളും നൽകി പറ്റിക്കുന്നു. അവ ഒന്നും പാലിക്കപ്പെട്ടില്ല. ഈ മാലിന്യസംഭരണകേന്ദ്രത്തിനെതിരായ സമരങ്ങൾ ഏറ്റവും ശക്തമാകുന്നത് കഴിഞ്ഞ ഡിസംബറിലാണ്. അന്ന് വിളപ്പിൽപഞ്ചായത്ത് ഈ സംസ്കരണകേന്ദ്രത്തിനുണ്ടായിരുന്ന പ്രവർത്തനാനുമതി റദ്ദാക്കുകയും മാലിന്യസംസ്കരണശാല താഴിട്ട് പൂട്ടുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ശാല അടച്ചുപൂട്ടാമെന്ന ഉറപ്പ് സർക്കാർ സമരക്കാർക്ക് നൽകി. പഞ്ചായത്തിന്റെ നടപടിക്കെതിരെ കോർപ്പറേഷൻ കേസിനു പോയി. ഇന്ന് ഹൈക്കോടതിയിൽ കേസ് നടക്കുന്നു. നഗരസഭയുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശാല തുറക്കാനും മാലിന്യങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും ഉള്ള സൗകര്യം നഗരസഭയ്ക്ക് ഒരുക്കിനൽകാൻ ഒരു ഇടക്കാല ഉത്തരവിലൂടെ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിരോധത്തിനിടയിലും ശാലയുടെ പൂട്ട് പൊളിച്ച് ശാലതുറക്കാൻ പോലീസിന് സാധിച്ചെങ്കിലും ഊറിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ ഉപകരണങ്ങൾ അവിടെ എത്തിക്കാൻ പോലീസിന് ജനങ്ങളുടെ പ്രതിരോധം മൂലം സാധിച്ചില്ല. അതാണ് ഒടുവിൽ രാത്രിയുടെ മറവിൽ പോലീസ് സാധിച്ചത്.

ഇവിടെ കുറ്റക്കാർ നഗരസഭയും സർക്കാരും തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശുദ്ധവായുവും ജലവും ഏതൊരാളുടേയും മൗലീക അവകാശമാണ്. തിരുവനന്തപുരത്തു നിന്നും സംസ്കരിക്കാൻ സാധിക്കുന്ന മാലിന്യങ്ങൾ മാത്രമേ വിളപ്പിൽശാലയിൽ എത്തിക്കാൻ പാടുണ്ടായിരുന്നുള്ളു. അതും തരം തിരിച്ച് ജൈവാവശിഷ്ടങ്ങൾ മാത്രം. അങ്ങനെ ഉണ്ടായില്ല. ഇത് വിളപ്പിൽ ശാലയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ ഇടയാക്കി. മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ അതുമൂലം പരിസരമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ശാലയുടെ ഉടമസ്ഥൻ എന്ന നിലയിൽ തിരുവനന്തപുരം നഗരസഭയുടെ ബാധ്യതയാണ്. ഇത് നിറവേറ്റാതെ വിളപ്പിൽ പഞ്ചായത്തിലെ ജലശ്രോതസ്സുകൾ മലിനമാക്കിയതിന് പഞ്ചായത്തിന് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വവും, തുടർന്ന് മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യതയും നഗരസഭയ്ക്കുണ്ട്. ഇത് നിറവേറ്റാത്തതിന് നഗരസഭാ സെക്രട്ടറിയ്ക്കും മേയർക്കും എതിരെ പരിസരമലീനികരണ നിയന്ത്രണ വകുപ്പ് അനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. വിളപ്പിൽശാല ആരംഭിച്ചതുമുതൽ അവിടത്തെ ജനങ്ങൾക്ക് നൽകിയ ഒരു ഉറപ്പും പാലിക്കാൻ സർക്കാരിനോ നഗരസഭക്കോ സാധിച്ചിട്ടില്ല. ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ശാല അടച്ചുപൂട്ടാം എന്ന ഉറപ്പ് നൽകിയ ശേഷമാണ് അവിടെ കോടതി വിധിയെ മുൻനിറുത്തി മലിനജലസംസ്കരണപ്ലാന്റിനുള്ള സാമഗ്രികൾ സർക്കാർ ഒളിച്ചുകടത്തിയത്. ഇനി ഒരുകാലത്തും വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങൾ സർക്കാരിനെ വിശ്വസിക്കില്ല.

എത്രയും പെട്ടന്ന് വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണ ശാലയുടെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന അവിടത്തെ ജനങ്ങളുടെ ആവശ്യത്തെ ഞാനും പിന്താങ്ങുന്നു. ഒപ്പം അവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ശരിയായി സംസ്കരിക്കണം അല്ലാത്തപക്ഷം വരുന്ന മഴക്കാലങ്ങൾ വിളപ്പിൽ പഞ്ചായത്തിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കേന്ദ്രീകൃതമാലിന്യസംസ്കരണം അവസാനിപ്പിക്കണം. ചെറിയ ചെറിയ കേന്ദ്രങ്ങളിൽ ഉത്ഭസ്ഥലത്തുതന്നെ മാലിന്യം സംസ്കരിക്കാൻ സാധിക്കണം. അത്തരം സംവിധാനങ്ങൾ സർക്കാർ കൂടുതൽ പ്രചാരണം നൽകണം. വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങളുടെ ശക്തി നഗരത്തിന്റെ മാലിന്യം പേറാൻ വിധിക്കപ്പെട്ട കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും പ്രതിരോധശേഷിയുള്ള ജനങ്ങൾക്ക് പ്രചോദനമാണ്. ലാലുരും, ഞെളിയൻ പറമ്പും, ബ്രഹ്മപുരവും എല്ലാം ഈ വിജയഗാഥ ആവർത്തിക്കട്ടെ.

ഓരോ വീടുകളിലും മാലിന്യസസ്കരണം എങ്ങനെ സാധ്യമാക്കാം എന്ന സംശയത്തിന് ഈ ലിങ്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.