ഇന്ന് തമിഴനാടിന് കൂടിവെള്ളം നൽകണം എന്ന ഏകചിന്തയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമായി പല രാഷ്ട്രീയ നേതാക്കളും കാണുന്ന പോംവഴി. ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ തോന്നും കുടിവെള്ളം എന്നത് കേരളത്തിന് ഒരു വിഷയം അല്ലെന്ന്. ഇവിടെ ശുദ്ധജലക്ഷാമം എന്നൊരു പ്രശ്നം ആരും അഭിമുഖീകരിക്കുന്നില്ലെന്ന്. ഒരു പക്ഷെ ഇവർ മനഃപൂർവ്വം മറക്കുന്നതാവണം മുല്ലപ്പെരിയാർ വിഷയത്തോളം തന്നെ പഴക്കമുണ്ട് ഞങ്ങളുടെ, വൈപ്പിൻകരക്കാരുടെ, കുടിവെള്ളപ്രശ്നത്തിന് എന്നത്. എന്റെ ഓർമ്മയുള്ള കാലം മുതൽ വൈപ്പിൻ കുപ്രസിദ്ധമായത് രണ്ടു കാര്യങ്ങൾക്കാണ് ഒന്ന് വിഷമദ്യദുരന്തം രണ്ട് കുടിവെള്ളത്തിനു വേണ്ടിയുള്ള സമരങ്ങൾ. എറണാകുളം എന്ന മഹാനഗരത്തിൽ നിന്നും നോക്കിയാൽ കാണാവുന്ന അത്ര അകലത്തിൽ, കൊച്ചിക്കായനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് വൈപ്പിൻ. ലോകത്തിൽ ജനസാന്ദ്രതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ദ്വീപുകളിൽ ഒന്ന്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടതെങ്കിലും വൈപ്പിൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം ശുദ്ധജലക്ഷാമം തന്നെ. വൈപ്പിൻ കരയുടെ തെക്കേഅറ്റത്തുള്ള ജനങ്ങൾ വർഷം മുഴുവനും പൂർണ്ണമായും ആശ്രയിക്കുന്നത് കേരള വാട്ടർ അഥോറിറ്റിയെ ആണ്.
വൈപ്പിൻകരയ്ക്ക് മാത്രമല്ല എറണാകുളം എന്ന മഹാനഗരത്തിനും അതിനു ചുറ്റും ഉള്ള അനേകം ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കുടിവെള്ളത്തിനായി വാട്ടർ അഥോറിറ്റി ആശ്രയിക്കുന്നത് പെരിയാറിനെ ആണ്. പെരിയാറിൽ പലസ്ഥലങ്ങളിലായുള്ള പമ്പഹൗസുകൾ വെള്ളം ശുദ്ധീകരണശാലകളിൽ എത്തിച്ച് അവിടെ നിന്നും ശുദ്ധീകരിച്ച വെള്ളം എറണാകുളം ജില്ലയുടെ പലഭാഗങ്ങൾക്കും വിതരണം ചെയ്യുന്നു. വേനൽക്കാലമാവുന്നതോടെ ഇവിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി പെരിയാറിൽ ഉപ്പുവെള്ളം കയറുന്നു എന്നതാണ്. ഇതുമൂലം ജലം ശുദ്ധീകരിക്കാനാകാതെ പലപ്പോഴും ജലവിതരണം മുടങ്ങുന്നതും പതിവാണ്. ഇപ്രകാരം ഓരുവെള്ളം കയറി ലവണാംശം വർദ്ധിക്കുന്നത് തടയാൻ പെരിയാറിൽ പല സ്ഥലങ്ങളിലും വേനൽ രൂക്ഷമാകുന്നതിന് മുൻപുതന്നെ മണൽ ബണ്ടുകൾ കെട്ടാറുണ്ട്. ഇങ്ങനെ പല മുൻകരുതലുകൾ സ്വീകരിച്ചാലും ലവണാംശം വർദ്ധിച്ച ചിലപ്പോൾ ദിവസങ്ങളോളം ജലവിതരണം മുടങ്ങാറുണ്ട്. അറബിക്കടലിൽ നിന്നും മുപ്പതും നാല്പതും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആലുവ പമ്പ്‌ഹൗസും ചൊവ്വരപമ്പ് ഹൗസും ഇത്തരത്തിൽ പമ്പിങ്ങ് നിറുത്തിവെയ്ക്കുന്നുണ്ട് എന്ന് പറയുമ്പോൾ കാര്യം എത്ര ഗുരുതരമാണെന്ന് ഊഹിക്കാമല്ലൊ.
ഇതും മുല്ലപ്പെരിയാറും തമ്മിൽ എന്തു ബന്ധം എന്നതല്ലെ ഒരു പക്ഷെ നിങ്ങൾ ആലോചിക്കുന്നുണ്ടാവുക. ബന്ധമുണ്ട്. പെരിയാറിൽ ലവണാംശം ക്രമീകരിക്കുന്നതും, വേനൽക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് നിലനിറുത്തുന്നതും ഭൂതത്താൻകെട്ട് ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടാണ്. ഭൂതത്താൻകെട്ടിൽ വെള്ളമെത്തുന്നത് വേനൽക്കാലത്ത് ഇടുക്കി ജലവൈദ്യുതപദ്ധതികൾ പ്രവർത്തിക്കുന്നതുവഴിയും. മുല്ലപ്പെരിയാർ ഡാമിന് എന്തിങ്കിലും അപകടം സംഭവിച്ചാൽ ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാനായി ഇപ്പോൾ ഇടുക്കി ഉൾപ്പടെയുള്ള പെരിയാറിലുള്ള ജലവൈദ്യുതപദ്ധതികൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ച് ഇടുക്കിഡാമിലെ ജലനിരപ്പ് കുറയ്ക്കുകയാണല്ലൊ ചെയ്യുന്നത്. സാധാരണ മഴക്കാലത്ത് മറ്റുഡാമുകളിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുകയും പോരാത്ത വൈദ്യുതി മാത്രം ഇടുക്കിയിൽ ഉല്പാദിപ്പിക്കുകയുമാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് വഴി വേനൽക്കാലത്ത് ഇടുക്കി പൂർണ്ണതോതിൽ പ്രവർത്തിക്കുകയും പെരിയാറിലെ നീരൊഴുക്ക് സാദ്ധ്യമാവുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ നടപടി എറണാകുളം ജില്ലയെ വരൾച്ചയിലേയ്ക്കും ശുദ്ധജലക്ഷാമത്തിലേയ്ക്കും തള്ളിവിടും. ശുദ്ധജലത്തിനായി പെരിയാറിനെ ആശ്രയിക്കുന്നവർ ഈ വേനലിൽ ജീവജലത്തിനായി പരക്കം പായേണ്ടിവരും. പെരിയാറിന്റെ തീരത്തെ പല വ്യവസായശാലകളും ശുദ്ധജലത്തിന്റെ അഭാവത്തിൽ അടച്ചിടേണ്ടി വരും. ഇതിനെല്ലാം പുറമെ ഈ നടപടികൾ വേനൽക്കാലത്ത് കേരളത്തിൽ രൂക്ഷമായ വൈദ്യുതക്ഷാമത്തിനും ഇടയാക്കും. ഇന്നത്തെ ഈ നടപടികൾ ആത്മഹത്യാപരമാണെന്നാണ് എന്റെ അഭിപ്രായം. കെ എസ് ഇ ബി യ്ക്ക് ഇപ്പോളത്തെ നടപടകൾ 1500 കോടിയുടെ അധികബാധ്യത വരുത്തും എന്നാണ് ഇന്നലത്തെ പത്രവാർത്തകൾ പറയുന്നത്. ഏതാനും ലക്ഷങ്ങൾ മാത്രം നമുക്ക് മുല്ലപ്പെരിയാർ കരാറിലൂടെ ലഭിക്കുമ്പോൾ കോടികളുടെ നഷ്ടമാണ് ഇപ്പോളത്തെ നടപടികൾ വരുത്തി വെയ്ക്കുന്നത്. ഇനിയെങ്കിലും ഇത്തരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ പരിപാടികൾ സംസ്ഥാനസർക്കാർ നിറുത്തണം.
നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ വിഷയത്തിന് അർഹിക്കുന്ന പരിഗണന പലപ്പോഴും നൽകിയില്ല എന്നുതന്നെ ഞാനും വിശ്വസിക്കുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്ന പല അവസരങ്ങളിലും കേരളത്തെ ശരിയായി പ്രതിനിധാനം ചെയ്യാൻ പോലും വക്കീലന്മാർ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളിലും ശരിയായ നിലപാടുകൾ ഇല്ലാത്തതുമൂലം കോടതിയെ വേണ്ടരീതിയിൽ കാര്യങ്ങൾ ഗ്രഹിപ്പിക്കുന്നതിന് ഹാജരായ വക്കീലന്മാർക്ക് സാധിക്കാതെ പോയിട്ടുണ്ട്. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കക്ഷിയുടെ അഭിപ്രായം അല്ലെന്നും കേരളത്തെ പ്രതിനിധാനം ചെയ്ത വക്കീലന്മാർക്ക് കോടതിയിൽ പറയേണ്ടതായും വന്നിട്ടുണ്ട്. ഇവിടെ വി എ സൂചിപ്പിച്ചതുപോലെ ഡാം പൊളിച്ചാൽ ചെയ്യാനുള്ള പദ്ധതികളെ കുറിച്ച് കോടതി ചേദിച്ചപ്പോൾ ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു കേരളത്തിന്. സ്വന്തം പാർട്ടി കാര്യങ്ങൾക്ക് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരെ ഹാജരാക്കുന്ന രാഷ്ട്രീയക്കാർ മുല്ലപെരിയാർ കേസിൽ അത്തരം നടപടി എടുത്തതും വിരളമാണ്. ഇപ്പോൾ ഈ അടുത്ത ഒരു വർഷത്തിനിടയ്ക്ക് കുറച്ചുകൂടി ഗൗരവത്തിൽ കാര്യങ്ങൾ കാണുന്നുണ്ടെന്നു മാത്രം. (27/11/2011)
മറ്റൊന്നു കൂടി അടിയന്തിരനടപടി എന്ന നിലയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽ നിന്നും 120 അടിയായികുറക്കണം എന്ന ഒരു നിർദ്ദേശം കേരളം ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുണ്ട്.ഇതുമൂലം മില്ലപ്പെരിയാറിലെ ജലസംഭരണശേഷി 15ടീം സിയിൽ നിന്നും 7 ടി എം സി ആയി കുറയ്ക്കാമെന്നും അങ്ങനെ അപകടത്തിന്റെ ആഘാതം ലഘൂകരിക്കാമെന്നുമാണ് കേരളത്തിന്റെ വാദം. ഇതും തികച്ചും ആത്മഹത്യാപരം തന്നെ. ഇത്തരം മുട്ടുശാന്തികൾ അല്ല നമുക്കാവശ്യം. ശാശ്വതമായ പരിഹാരമാണ്. 120 അടിയായി കുറച്ചാൽ അത്യാഹിതം ഉണ്ടാവുന്നത് മഴക്കാലത്താണെങ്കിൽ അപ്പോഴും ഈ വെള്ളം ഒഴുകിയെത്തേണ്ട ഇടുക്കി ഡാം നിറഞ്ഞിരിക്കില്ലെ. അപ്പോൾ ഈ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടിക്കി ഡാമിന് സാധിക്കും എന്നതിൽ എന്താണ് ഉറപ്പ്. ഇനി ഉൾക്കൊള്ളാനും തകരാതെ നിൽക്കാനും സാധിച്ചാൽ തന്നെ ഒഴുകിവരുന്ന ചെളിയും മണ്ണും ഡാമിന്റെ സംഭരണശേഷിയെ ബാധിക്കില്ലെ, കേരളത്തിന്റെ ഊർജ്ജശ്രോതസ്സാണ് ഇടുക്കി. ഈ മാലിന്യങ്ങൾ നിറഞ്ഞാൽ പിന്നെ വൈദ്യുതോല്പാദനം സാധ്യമാകുമോ? കേരളത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തെറ്റായ നടപടികൾ സ്വീകരിക്കാതെ കൂടുതൽ കരുത്തുറ്റ നിർദ്ദേശങ്ങളും നിലപാടുകളും ആണ് നമ്മുടെ ഭരണകൂടം കൈക്കൊള്ളേണ്ടത്. (27/11/2011)
മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കരാറിനെക്കുറിച്ച് പറയുമ്പോൾ വിട്ടുപോയ ഒരു കാര്യം കൂടി ഞാൻ പറഞ്ഞുകൊള്ളട്ടെ. അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിൽ (1976-ൽ) തമിഴ്നാടുമായുള്ള കരാർ പുതുക്കിയിരുന്നു. അന്ന് ഈ സംസ്ഥാനത്തെ ഇന്നത്തെ ഈ ദുരവസ്ഥയിൽ നിന്നും രക്ഷിക്കാൻ ബന്ധപ്പെട്ടവർ വിചാരിച്ചിരുന്നെങ്കിൽ സാധിക്കുമായിരുന്നു. കേരളത്തിലെ മുപ്പതുലക്ഷത്തിലധികം മനുഷ്യജീവനുകൾ ഒറ്റിക്കൊടുത്തത് അവരാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാർ അതിലും ഉദാരമായവ്യ്‌വസ്ഥകളോടെ തമിഴ്നാടിന് പുതുക്കി നൽകിയവർ. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറിൽ ജലസേചനത്തിനല്ലാതെ മറ്റൊന്നിനും ഈ വെള്ളം ഉപയോഗിക്കരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. വൈദ്യുതോത്പാദനത്തിന് ഈ വെള്ളം ഉപയോഗിക്കാം എന്ന വ്യവസ്ഥകൂട്ടിച്ചേർത്തത് അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിലാണ്. കരാറിലെ 999 വർഷത്തെ പാട്ടം എന്ന വ്യവസ്ഥയും അന്ന് റദ്ദാക്കപ്പെട്ടില്ല. അങ്ങനെ ഈ കൊടിയവിപത്തിൽ നിന്നും രക്ഷപ്പെടാൻ കിട്ടിയ ഒരു അവസരം നമുക്ക് നഷ്ടപ്പെട്ടു.
ഇന്ന് ആന്ധ്രാപ്രദേശിൽ നിന്നും 1 ടി എം സി ജലം തമിഴ്നാട് വാങ്ങുന്നത് 3കോടി രൂപയ്ക്കാണ്. കേരളത്തിലെ മുല്ലപ്പെരിയാറിൽ നിന്നും വർഷം തോറും 70 ടി എം സി ജലം കൊണ്ടുപോകുന്ന തമിഴ്നാട് നമുക്ക് നൽകുന്നത് വർഷത്തിൽ 40,000 രൂപ മാത്രം!(29/11/2011)
1970 മെയ് 29നാണ് തമിഴ്നാടുമായി ഉണ്ടായിരുന്ന കരാർ പുതുക്കിയത്. 1976എന്ന് തെറ്റായി ചേർത്തത് ക്ഷമിക്കുമല്ലൊ.(29/11/2011)
1947-ൽ ഭാരതം സ്വതന്ത്രമായപ്പോൾ ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയ പല കരാറുകളും ഇല്ലാതാക്കപ്പെട്ടു. അക്കൂട്ടത്തിൽ തിരുവിതാംകൂറും മദ്രാസുമായി 29/10/1886-ൽ ഉണ്ടായിരുന്ന മുല്ലപ്പെരിയാർ കരാറും റദ്ദായി. കരാർ പുതുക്കാൻ തമിഴ്നാട് പല ചർച്ചകളും നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട് 1970 കമ്മ്യൂണിസ്റ്റ് പാർട്ടി (സി പി ഐ)നേതൃത്വത്തിലുള്ള സി അച്യുതമേനോൻ സർക്കാരാണ് ഈ കരാർ മുൻകാലപ്രാബല്യത്തോടെ പുതിക്കിയത്. ബ്രിട്ടീഷുകാരുണ്ടാക്കിയ കരാറിൽ ഉണ്ടായിരുന്ന ദോഷകരമായ പല വ്യവസ്ഥകളും ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല (999 വർഷത്തേയ്ക്ക് പാട്ടക്കരാർ ഉൾപ്പടെ) മറ്റ് ആവശ്യങ്ങൾക്ക് പെരിയാറിലെ ജലം ഉപയോഗിക്കാം എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. നേരത്തെ എഴുതിയ ഈ അഭിപ്രായം വീണ്ടും ചേർത്തത് ബ്രിട്ടീഷുകാരെക്കാൾ നമുക്ക് ദ്രോഹം ചെയ്തത് നമ്മുടെ ജനാധിപത്യ സർക്കാർ തന്നെ എന്നത് ഓർമ്മിപ്പിക്കാൻ മാത്രം.(29/11/2011)
@kaalidaasan സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിഷയമായതുകൊണ്ട്, കേന്ദ്ര സര്‍ക്കാരിനൊരു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാം. അങ്ങനെ ഒരു നിയമം ഉണ്ടായാല്‍ കോടതി അതിനനുസരിച്ചേ ഏത് തീരുമാനവും എടുക്കൂ.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കരാർ എന്ന് താങ്കൾ പറയുന്നതുപോലെ തന്നെ എല്ലാ മാദ്ധ്യമങ്ങളും ഈ കരാറിനെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്പോൾ നിലവിലുള്ള കരാർ 29/05/1970-ൽ കേരളസർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ ഉള്ളതല്ലെ? 1886 ഒൿടോബർ 29ന് ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ കരാർ അച്യുതമേനോൻ സർക്കാർ പുതുക്കിയതല്ലെ?(01/12/2011)
അച്യുതമേനോൻ സർക്കാർ ഉണ്ടാക്കിയ ഭേദഗതിയിൽ ഇങ്ങനെ ഒരു വ്യവസ്ഥ (marked in bold letters) ഉണ്ടായിരുന്നു.
“and the lessee doth hereby covenant with the lessor that the lessee will pay to the lessor yearly rent at the rate of Rs.30 (Rupees thirty only) for every acre of the said lands demised and granted within the said contour line including the 8,000 acres referred to in clause one and the first of such payment of yearly rent be made at the expiration of twelve calendar months from the due date of payment in the year one thousand nine hundred and sixty nine as per the Principal Deed and the lessee doth hereby covenant with the lessor that the rent alone herein mentioned shall be subject to revision once in every thirty years from the twenty ninth day of May one thousand nine hundred and seventy at such rate as may be mutually agreed upon and the lessee doth hereby covenant with the lessor that the lessee will pay to the lessor the yearly rent hereinbefore reserved or at such revised rent as the case may be.”
ഇതനുസരിച്ച് 2000 മെയ് 29ന് വാടകയിൽ വ്യത്യാസം വരുത്തുന്നതിന് നമുക്ക് ഉണ്ടായിരുന്ന അവകാശം ആരും ഉപയോഗിക്കാഞ്ഞതെന്തേ?(01/12/2011)
@kaalidaasan: 3. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 131 വകുപ്പ് പ്രകാരം, ഭരണഘടന നിലവില്‍ വരുന്നതിനു മുന്നേ ഉള്ള ഉടമ്പടികളില്‍മേല്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാസാക്കിയല്‍ അതിന്റെ പരിധിയില്‍ ഈ പ്രശ്നം വരും. ആ നിയമം നടപ്പില്‍ വരുത്തുന്നതില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ സുപ്രീം കോടതിക്കിടപെടാം.
ഈ വിഷയത്തിൽ 27/02/2006ലെ സുപ്രീംകോടതി വിധിയിൽ പറയുന്നത് ഇങ്ങനെ.
“3. RE: Whether Article 363 of the Constitution bars the jurisdiction of this Court?
23. The jurisdiction of the courts in respect of dispute arising out of any provision of a treaty, agreement, covenant, engagement, sanad or other similar instrument entered into or executed before the commencement of the Constitution is barred in respect of matters and in the manner provided in Article 363 of the Constitution of India. The main reason for ouster of jurisdiction of courts as provided in Article 363 was to make certain class of agreements non-justiciable and to prevent the Indian Rulers from resiling from such agreements because that would have affected the integrity of India. The agreement of the present nature would not come within the purview of Article 363. This Article has no applicability to ordinary agreements such as lease agreements, agreements for use of land and water, construction works. These are wholly non-political in nature. The present dispute is not in respect of a right accruing or a liability or obligation arising under any provision of the Constitution {see Madhav Rao Scindia v. Union of India }
24. The contention also runs counter to Section 108 of the States Reorganisation Act, which expressly continues the agreement. There is, thus, no merit in this objection as well.“
അച്യുതമേനോൻ സർക്കാർ ഒപ്പിട്ട കരാറിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഒരു റിട്ട് പെറ്റീഷൻ 01/02/2007-ൽ ചിറ്റൂർ എം എൽ എ ആയിരുന്ന കെ കൃഷ്ണൻകുട്ടി കേരളഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. ഇതിന്റെ തുടർനടപടികൾ എന്തെങ്കിലും ആർക്കെങ്കിലും അറിയാമോ?(01/12/2011)
അപകടം നടന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്ക് ഇത് എല്ലാവർക്കും സഹായകമാകട്ടെ.(30/11/2011)
നേരിയമംഗലം വരെ പെരിയാർ പൊതുവിൽ ഒഴുകുന്നത് മലയിടുക്കുകളിലൂടെയാണ്. അവിടെ അപകടം നടന്നാൽ എത്തുന്ന വെള്ളം വളരെ ശക്തമായി ഒഴുകുമെന്നതിനാൽ ഉരുൾപൊട്ടലും മലയിടിച്ചിലും എല്ലാം പ്രതീക്ഷിക്കാം. പെരിയാറിന്റെ ഭാവിഗതിതന്നെ ഇവിടെ നിശ്ചയിക്കപ്പെടും. നേരിയമംഗലത്തിനു ശേഷം പെരിയാർ കൂടുതൽ പരന്നൊഴുകാൻ തുടങ്ങുന്നു. അവിടെനിന്നും പ്രധാനമായും പെരിയാർ രണ്ടായി പിരിയുന്നത് ആലുവായിൽ വെച്ചാണ്. ഇവിടെ വരെ ശക്തമായ വെള്ളപ്പൊക്കമാണ് നാശനഷ്ടം വിതയ്ക്കുന്നതെങ്കിൽ ആലുവയിൽ നിന്നും പെരിയാറിന്റെ ഒരു കൈവഴിയുടെ ഒഴുക്ക് കേരളത്തിന്റെ വ്യവസായസിരാകേന്ദ്രമായ ഏലൂരിലൂടെയും കളമശ്ശേരിയിലൂടേയും കൊച്ചിക്കായയിലേയ്ക്കാണ്. പെരിയാറിന്റെ കൈവഴിയുടെ കരയിലുള്ള വിവിധവ്യവസായങ്ങളിലെ മാലിന്യങ്ങളും (പലതും അപകടകരമായ രാസവസ്തുക്കൾ ആണെന്നത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു)വഹിച്ചുകൊണ്ടാവും കൊച്ചിക്കായലിലും അറബിക്കടലിലും ഈ പാച്ചിൽ അവസാനിക്കുക. എഫ് എ സി ടി (അമോണിയ), എച്ച് ഐ എൽ (വിവിധ കീടനാശിനികൾ) ടി സി സി (സൾഫൂറിക്ക് ആസിഡ്, ക്ലോറിൻ), ഐ ആർ ഇ (അണുവികിരണ സാദ്ധ്യതയുള്ള മാലിന്യങ്ങൾ) ബിനാനി സിങ്ക്, സി എം ആർ എൽ, തുടങ്ങി നിരവധി വ്യവസായശാലകളിലെ മാലിന്യങ്ങളും അപകടകരമായ തോതിൽ ഈ വെള്ളത്തിൽ കലരും. ഇതിനു പുറമെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉള്ള ഇന്ധനസംഭരണികൾക്കും, ഇരുമ്പനം, ചിത്രപ്പുഴ ഭാഗത്തെ ഇന്ധന സംഭരണികൾക്കും, കൊച്ചി റിഫൈനറിയ്ക്കും നാശനഷ്ടങ്ങൾ ഉണ്ടായാൽ ലക്ഷക്കണക്കിനു ലിറ്റർ വരുന്ന ഡീസൽ, പെട്രോൾ ക്രൂഡ് ഓയിൽ എന്നിവയും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കും. പെട്ടന്നുയരുന്ന ജലനിരപ്പിൽ, നെടുമ്പാശ്ശേരി വിമാനത്താവളവും, ദക്ഷിണനാവീക ആസ്ഥാനവും വെള്ളത്തിലാവുമെന്നതിനാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തേയും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം നേരിടുന്നതിനുള്ള മുൻകരുതലുകൾ നാം സ്വീകരിക്കേണ്ടതായിട്ടുണ്ട്. വൈദ്യുതിവിതരണം നിലയ്ക്കുമെന്നതും, വാർത്താവിനിമയ സൗകര്യങ്ങൾ തടസപ്പെടുമെന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകും. ഒരിക്കൽ ഒരു വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ടു എന്ന വിശ്വസിക്കുന്ന എന്റെ നാടായ വൈപ്പിൻ ഇതോടെ പൂർണ്ണമായും കടലിനടിയിലായേക്കാം. പെരിയാറിന്റെ രണ്ടു പ്രധാനകൈവഴികളിൽ ഒന്ന് വൈപ്പിന്റെ വടക്കേ അറ്റത്ത് അഴീക്കോടും മറ്റൊന്ന് തെക്കേഅറ്റത്ത് വൈപ്പിനിലും അറബിക്കടലിൽ ചേരുന്നു. അപകടത്തെ കുറിച്ചുള്ള എന്റെ ആകുലതകൾ ഇതാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിൽ പ്രായോഗീകമായ ഒരു പദ്ധതിയും മനസ്സിൽ വരുന്നില്ല.(01/12/2011)