Wednesday, 31 August 2011

വധശിക്ഷയും ദയാഹർജിയും നിയമസഭയും

തികച്ചും അസാധാരണമായ വാർത്തകളാണ് ഇന്ന് കേട്ടത്. ഏറെ നാളുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറക്കം വിട്ടുണർന്നതും ഏതാനും വർഷങ്ങളായി തങ്ങൾ അടയിരുന്ന ദയാഹർജികളിൽ തീരുമാനം രാഷ്ട്രപതിയെ അറിയിക്കാൻ ആരംഭിച്ചതും ഏതാ‍നും ആഴ്ചകൾ മുൻപാണ്. പെട്ടന്ന് ഇങ്ങനെ ഉണരാനും ദയാഹർജികളിൽ തീരുമാനം അറിയിക്കാനും തുനിഞ്ഞതും അസാധാരണം തന്നെ ആയിരുന്നു. അങ്ങനെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ സമർപ്പിച്ച ദയാഹർജിയിലും പതിനൊന്ന് വർഷങ്ങൾക്ക് ശേഷം തീരുമാനമായി, ആ ഹർജികൾ തള്ളിക്കൊണ്ട് 2011 ആഗസ്റ്റ് 1ന് രാഷ്ട്രപതിയുടെ തീരുമാനം വന്നു. 1999 ഒൿടോബർ എട്ടിന് രാജീവ് ഗാന്ധി വധക്കേസിന്റെ അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് നാലു പ്രതികൾക്ക് വധശിക്ഷയും വിധിച്ചു. എന്നാൽ ഇവർ നൽകിയ ദയാഹർജി രാഷ്ട്രപതി സ്വീകരിച്ചതോടെ 1999 നവംബർ 1ന് വധശിക്ഷയിന്മേലുള്ള തുടർനടപടികൾ നിറുത്തിവെയ്ക്കപ്പെട്ടു. പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയാൽ തമിഴ്നാട്ടിൽ ഉണ്ടാവാൻ ഇടയുള്ള ക്രമസമാധാനപ്രശ്നങ്ങൾ ഒരു വലിയ പരിധിവരെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ തടഞ്ഞു എന്നും പറയപ്പെടുന്നു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണം. എൽ ടി ടി ഇ എന്ന സംഘടന ഇല്ലാതായതോ? തമിഴ്നാട്ടിൽ ഇപ്പോഴും ഈ സംഘടനയെ അനുകൂലിക്കുന്നവർ ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതല്ലെ. ഇപ്പോഴും ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഉള്ള പിന്തുണ വ്യക്തമാക്കുന്നതാണ് തമിഴ്നാട് നിയമസഭയിലും തമിഴ്നാട് ഹൈക്കോടതി വളപ്പിലും ഇന്ന് ഉണ്ടായ സംഭവങ്ങൾ.

രജീവ് ഗാന്ധിയെ വധിക്കാൻ എൽ ടി ടി ഇ എന്ന ഭീകരസംഘടന ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് നിരപരധികളായ പതിനാലു വ്യക്തികൾ കൂടിയാണ്. ആ വ്യക്തികളോട് തമിഴ് ജനതയ്ക്ക് യാതൊരു സഹാനുഭൂതിയും ഇല്ലെ? തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി കുമാരി ജയലളിത അവതരിപ്പിച്ച മൂന്നു പ്രതികൾക്കും സെപ്തംബർ 9ന് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്നു രാഷ്ട്രപതിയോടാവശ്യപ്പെടുന്നു പ്രമേയം ഏകകണ്ഠമായാണ് പാസ്സായത്. ഇത് തികച്ചും അത്ഭുതപ്പെടുത്തുന്നു. സ്വന്തം സംസ്ഥാനത്തെ പതിനാലു പൗരന്മാരെ ദാരുണമായി കൊലപ്പെടുത്തിയ കൃത്യത്തിന് കൂട്ടുനിന്നു എന്ന് ഈ രാജ്യത്തെ പരമോന്നത് നീതിപീഠം കണ്ടെത്തിയ പ്രതികൾക്ക് വേണ്ടി അതേ സംസ്ഥാനത്തെ നിയമസഭ വാദിക്കുക. സുപ്രീംകോടതിയ്ക്കും നിയമവ്യവസ്ഥയ്ക്കും ഒരു വെല്ലുവിളിയായി തോന്നുന്നു ഇത്. പണ്ടും ജയലളിതയ്ക്കെതിരെ വാർത്തകൾ നൽകിയ ഒരു ദേശീയപത്രത്തിന്റെ പത്രാധിപരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട പാരമ്പര്യം ഈ നിയമസഭയ്ക്കുണ്ട്. അതിലും കടുത്തതായിപ്പോയി ഈ തീരുമാനം. രാജ്യത്തെ ഓരോ നിയമസഭകളും ഇത്തരത്തിൽ പ്രമേയങ്ങൾ പാസ്സാക്കിയാൽ എന്താവും സ്ഥിതി. പരമാധികാരത്തിനായി കാശ്മീർ നിയമസഭയും, അജ്മൽ അമീർ കസബിനെ വധിക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രാ നിയമസഭയും, റാബറിയ്ക്കും ലാലുപ്രസാദിനും എതിരായ എല്ലാ കേസുകളും പിൻ‌വലിക്കണം എന്ന് ബീഹാർ നിയമസഭയും, നരേന്ദ്ര മോദിക്കെതിരായ എല്ല നടപടികളും നിറുത്തണം എന്ന് ഗുജറാത്ത് നിയമസഭയും പ്രമേയങ്ങൾ പാസ്സാക്കിയാൽ കോടതികളെ വെല്ലുവിളിക്കുന്നതിനു തുല്യമല്ലെ അത്.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾ സമർപ്പിച്ച ദയാഹർജി തീർപ്പാക്കുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും, കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളും കാണിച്ച അലംഭാവം ഗുരുതരമായതു തന്നെ. ഇത്രയും കാലം പ്രതികൾക്ക് ശിക്ഷനൽകുന്നതിന് താമസംവരുത്തി എന്നത് തെറ്റുതന്നെ. പ്രതികൾ ചെയ്ത നീചകൃത്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കാലതാമസം വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടാൻ പര്യാപ്തമായ ഒരു ഘടകമാണെന്ന് ഞാൻ കരുതുന്നില്ല. കാലതാമസം ചൂണ്ടിക്കാട്ടി പ്രതികൾ വീണ്ടും ദയാഹർജി നൽകിയിട്ടുള്ളതായും, തമിഴ്നാട് ഹൈക്കോടതി വധശിക്ഷ നടപ്പാക്കുന്നത് ഏതാനും ആഴ്ചകളിലേയ്ക്ക് റദ്ദ് ചെയ്തതായും വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. ഇനിയും അധികം വൈകിപ്പിക്കാതെ പ്രതികൾക്ക് സുപ്രീംകോടതി വിധിച്ച ശിക്ഷ നടപ്പാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതുപോലെ വിവിധ രാജ്യദ്രോഹക്കേസുകളിൽ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സൽ ഗുരുവിന്റേയും, അജ്‌മൽ അമീർ കസബിന്റേയും ഉൾപ്പടെയുള്ള ശിക്ഷകളും എത്രയും പെട്ടന്ന് നടപ്പാക്കണം.

Sunday, 7 August 2011

ബി എസ് എൻ എൽ കസ്റ്റമർ കെയർ | BSNL Customer Care

              ബി എസ് എൻ എൽ ലാന്റ് ഫോൺ, മൊബൈൽ, ബ്രോഡ് ബാന്റ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്ന ഞാൻ പലപ്പോഴും ബി എസ് എൻ എൽന്റെ കുറ്റങ്ങളാണ് ബ്ലോഗിലൂടെ മുൻപ് പറഞ്ഞിട്ടുള്ളത്. എന്നാൽ അതിനു വിപരീതമായി ഇന്ന് ബി എസ് എൻ എല്ലിനെ അഭിനന്ദിക്കാൻ ഈ മാദ്ധ്യമം ഉപയോഗിക്കുന്നു. നല്ലത് ചെയ്താൽ നല്ലത് എന്ന് പറയണമല്ലൊ.

                 കാര്യങ്ങൾ തുടങ്ങുന്നത് ജൂൺ മാസം ഏഴാം തീയതിയാണ്. പ്രതിമാസം 500 രൂപയുടെ BB Home 500 പ്ലാൻ ഉപയോഗിച്ചിരുന്ന ഞാൻ BB Home Rural Combo ULD 500 പ്ലാനിലേയ്ക്ക് മാറുന്നതിന് അപേക്ഷ നൽകി. ഒപ്പം ഒ വൈ ടി കണക്ഷൻ ഡിപ്പോസിറ്റിൽ ബാക്കിയുള്ളാ തുകയും ക്രെഡിറ്റ് നൽകണം എന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. പ്ലാൻ ചെയ്ഞ്ച് ജൂൺ 15ന് നടപ്പിൽ വന്നു. എന്നാൽ ബിൽ വന്നപ്പോൾ ഒ വൈ ടി യിലെ ബാക്കി ഡേപ്പോസിറ്റ് സംഖ്യ ക്രെഡിറ്റ് ചെയ്തിട്ടില്ല. അതിന് ഇ-മെയിൽ വഴി അപേക്ഷ നൽകി. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം സെറ്റിൽ ചെയ്ത് ബിൽ റിവൈസ് ചെയ്തു തന്നു. അവർ പറഞ്ഞ സംഖ്യ ബിൽ അടയ്ക്കേണ്ട അവസാന തീയതിയായ 27/07/2011 നു മുൻപായി എറണാകുളം ബി എസ് എൻ എൽ ഭവനിൽ അടയ്ക്കുകയും ചെയ്തു.
               ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി. എന്നാൽ ഇന്നലെ മുതൽ ബ്രോഡ്‌ബാന്റ് ലഭിക്കുന്നില്ല. കണക്ഷൻ ഡയൽ ചെയ്യുമ്പോൾ 691 എറർ (Password / User Name does not exist). ഇന്ന് ഞായറാഴ്ച ബി എസ് എൻ എലിന്റെ ബ്രോഡ് ബാന്റ് ഹെല്പ് ഡെക്സിൽ വിളിച്ച് കാര്യം പറയാം എന്ന് കരുതി. 99% ശതമാനവും കിട്ടാൻ ചാൻസില്ല. കാരണം ഞായറാഴ്ചയല്ലെ. 12678 വിളിച്ചു. പ്രതീക്ഷിച്ചതുപോലെ റിങ് ചെയ്യുന്നില്ല. വീണ്ടും കുറച്ചു സമയം കഴിഞ്ഞ് വിളിച്ചു. താങ്കൾ വിളിക്കുന്ന നമ്പർ താൽക്കാലികമായി പ്രവർത്തനരഹിതമാണെന്ന മറുപടി കിട്ടി. ശരി എന്നാൽ ബി എസ് എൻ എൽ കോൾ സെന്റർ എന്നു ശ്രമിച്ചു നോക്കാം. 1500 വിളിച്ചു. 1-2-9 എല്ലാം കുത്തി. ഒട്ടും വിചാരിക്കാതെ അങ്ങേത്തലയ്ക്കൽ ആൾ ഫോൺ എടുത്തു. പരാതി ബോധിപ്പിച്ചു. അപ്പോൾ കിട്ടിയ മറുപടി 12678-ൽ വിളിക്കാൻ. ഞാൻ പറഞ്ഞു ഇന്നെ ഞായറാഴ്ചയല്ലെ ഹെല്പ് ഡെസ്കിൽ ആളില്ലെന്ന് തോന്നുന്നു. “ഇല്ല താങ്കൾ വിളിച്ചു നോക്കു, കിട്ടും” അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും 12678 ഡയൽ ചെയ്തു. ഇപ്പോൾ റിങ് ചെയ്യുന്നുണ്ട്. അധികം വൈകാതെ അങ്ങേത്തലയ്ക്കൽ അളെ കിട്ടി, അരമണിക്കൂറ് സമയം അദ്ദേഹം എല്ലാം കേട്ടു കുറെ സെറ്റിങ്ങുകൾ പരിശോധിച്ചു പാസ്സ് വേർഡ് റിസെറ്റ് ചെയ്തു. ഫലം തഥൈവ. ഒടുവിൽ നാളെ രാവിലെ അക്കൗണ്ട്സ് വിഭാഗത്തിലും എൿചേഞ്ചിലും അന്വേഷിച്ചിട്ട് പറയാം എന്നു പറഞ്ഞു ഫോൺ വെച്ചു. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിലും ഒരു ആശ്വാസം. പരാതി കേൾക്കാൻ എങ്കിലും ആരെങ്കിലും ഉണ്ടല്ലൊ. ഊണെല്ലാം കഴിഞ്ഞ് ഒന്നു കൂടെ ശ്രമിച്ചു അപ്പോൾ ദാ കണക്ഷൻ കിട്ടുന്നുണ്ട്. നാലുവർഷത്തെ ബ്രോഡ് ബാന്റ് ഉപയോഗത്തിൽ ഇതാദ്യമായാണ് ഒരു ഞായറഴ്ച പരാതി കേൾക്കുന്നതും പരിഹരിക്കപ്പെടുന്നതും. ഇതിൽ നിന്നും ഞാൻ മൻസ്സിലാക്കിയ കാര്യങ്ങൾ.
  1. ബില്ലിങ്ങ് പരാതികളിൽ കൃത്യമായി പരിഗണിക്കപ്പെടുന്നു
  2. ഇ-മെയിൽ ആയിപ്പോലും പരാതികൾ സ്വീകരിക്കുന്നു
  3. ഞായറാഴ്ചകളിലും കോൾ സെന്ററും (1500) ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്കും (12678) പ്രവർത്തിക്കുന്നു
  4. ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്ക്  (12678) സാധാരണ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്നുണ്ട്.
        നമ്മുടെ സർക്കാർ സംവിധാനങ്ങളും നന്നാവുന്നുണ്ട്. ഇന്ന് എനിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. ഈ നല്ല അഭിപ്രായം നിലനിൽക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു