Tuesday, 24 August 2010

എന്റെ ഓണം

കഴിഞ്ഞ രണ്ടുവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എന്റെ ഓണം അല്പം ഗംഭീരം ആയിരുന്നു. വർക്ക്‌ഷോപ്പിലും വീട്ടിലും ഇത്തവണ ആഘോഷമായി തന്നെ ഓണം കൊണ്ടാടി. സാധാരണയായി മൂന്നു ദിവസമാണ് ഞങ്ങൾക്ക് ഓണത്തിന് അവധി ലഭിക്കാറ്. തിരുവോണം, അവിട്ടം, ചതയം. ഇത്തവണ ഉത്രാടം ഞായറാഴ്ച വന്നത് ഒരു ദിവസം അധികം അവധി ലഭിക്കാൻ സഹായിച്ചു. 21-)o തീയതി ഞാൻ എത്തുമ്പോഴേയ്ക്കും വർക്ൿഷോപ്പിലെ പൂക്കളത്തിന്റെ പണി ഏതാണ്ട് അവസാന ഘട്ടത്തിൽ ആയിരുന്നു. ചിത്രങ്ങൾ എടുക്കുക എന്നതിൽ മാത്രമായി എന്റെ ശ്രദ്ധ.

ഏകദേശം ഒരു മണിയോടെ പൂക്കളത്തിന്റെ പണി അവസാനിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി പൂക്കളം ഒരുക്കാൻ സാധിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം.
പിന്നെ പൂക്കളത്തിനു മുൻപിൽ ചിത്രം എടുക്കുന്നതിലായി തിരക്ക്. പൂക്കളത്തിന്റെ ശില്പികളിൽ ചിലർക്കൊപ്പം ഞാനും ഒരു ചിത്രത്തിന് പോസ് ചെയ്തു.
അപ്പോഴേയ്ക്കും കാറ്ററിങ്ങിൽ നിന്നും വിഭവസമൃദ്ധമായ സദ്യയും എത്തി. സാധാരണ ഏതെങ്കിലും ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ ആണ് ഓണസദ്യ പതിവ്. ഇത്തവണ ആ പതിവ് വേണ്ടെന്നു വച്ചു. പലപ്പോഴും ഭക്ഷണത്തിന്റെ രുചിതന്നെ പ്രശ്നം. ഇത്തവണത്തെ ഭക്ഷണം എന്തായാലും സ്വാദിഷ്ഠമായിരുന്നു.

അങ്ങനെ ഉച്ചഭക്ഷണത്തിനു ശേഷം ഓണാശംസകളും പറഞ്ഞ് എല്ലാവരും പിരിഞ്ഞു. ജോലിയുടെ ആകുലതകൾ ഇല്ലാതെ ഒരു അവധിക്കാലം. അഞ്ചു ദിവസത്തെ ആഘോഷങ്ങൾ. വീട്ടിലെ ഓണം ഇത്തവണയും തറവാട്ടിൽ തന്നെ. ഉത്രാടദിവസം രാത്രി പൂത്തറകെട്ടി അമ്പലവും പണിതു. തിരുവോണ ദിവസം രാവിലെ പൂവടയും ഏത്തപ്പഴവും, ശർക്കരയും നേദിച്ച് ആർപ്പുവിളിയോടെ ഓണത്തപ്പനെ പൂമുഖത്ത് ഇരുത്തി.

ഉച്ചയ്ക്ക് അമ്മയും വല്ല്യമ്മയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യ.
കഴിഞ്ഞ രണ്ടു വർഷവും ഓണം ആഘോഷപൂർണ്ണമായിരുന്നില്ല. ആകുറവ് ഇത്തവണ ഇല്ല. എന്നാലും കുട്ടിക്കാലത്തെ ഓണത്തിന്റെ രസവും സന്തോഷവും ഇന്ന് ഇല്ല. പണ്ട് തറവാട്ടിൽ ഉച്ചയ്ക്ക് ഓണസദ്യയുണ്ണാൻ ഞങ്ങൾ ഏതാണ്ട് മുപ്പതു പേരുണ്ടാകുമായിരുന്നു. ഇന്ന് ആകെ എട്ടു പേർ മാത്രം. അച്ഛനും, വല്ല്യമ്മാവനും, വല്ല്യമ്മയും, വല്ല്യച്ഛന്മാരും ഓണത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചിരുന്ന അമ്മൂമ്മയും ഇന്ന് ഞങ്ങൾക്കൊപ്പമില്ല. അനിയൻ ഉൾപ്പടെ ചേട്ടന്മാരും മറ്റ് ബന്ധുക്കളിൽ പലരും ജോലിയുമായി ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും വിദേശങ്ങളിലും ആയി. എല്ലാവരും ഫോൺ വിളിയിൽ ആശംസകൾ കൈമാറി. അച്ഛമ്മയുടെ മരണത്തെ തുടർന്ന് വീട്ടിലേയ്ക്ക് പോയതിനാൽ ഭാര്യയും നാലുമാസം മാത്രം പ്രായമുള്ള മകനും ഇത്തവണ ഓണനാളിൽ ഒപ്പം ഇല്ലായിരുന്നു. അതും ഇത്തവണത്തെ ഓണത്തിലെ സങ്കടമായി. വൈകീട്ട് അവരോടൊപ്പം ഓണവിശേഷങ്ങൾ പങ്കിട്ടശേഷം ഞാൻ ഇപ്പോൾ വീട്ടിൽ എത്തി.

“എല്ലാ ബൂലോകർക്കും എന്റെ ഓണാശംസകൾ”

Monday, 9 August 2010

എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം

കഴിഞ്ഞ വർഷം ചെറായിയിൽ വെച്ചു നടന്ന ബ്ലോഗ് സുഹൃദ്‌സംഗമത്തിലും അതിനു മുൻപ് തൊടുപുഴയിൽ വെച്ച് നടന്ന സംഗമത്തിലും ഞാൻ പങ്കെടുത്തിരുന്നു. ഈ രണ്ടു വർഷങ്ങളിലും ഈ പരിപാടി വളരെ നന്നായി തന്നെ നടക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വർഷവും അത്തരം ഒരു സംഗമം തൊടുപുഴയിൽ വെച്ച് നടക്കുന്നു എന്ന് വിവിധ ബ്ലൊഗുകളിലൂടെ അറിഞ്ഞപ്പോൾ സന്തോഷം തോന്നി. തീർച്ചയായും അതിൽ പങ്കെടുക്കണം എന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാ‍ൽ സംഗമം തൊടുപൂഴയിൽ നിന്നും എറണാകുളത്തേയ്ക്ക് അവസാനഘട്ടത്തിൽ മാറ്റുകയായിരുന്നു. ഇതുതന്നെ പങ്കെടുക്കണം എന്ന് കരുതിയ പല ബ്ലോഗ് സുഹൃത്തുക്കൽക്കുള്ളിലും ആശയക്കുഴപ്പം ഉണ്ടാക്കിക്കാണും എന്ന് ഞാൻ കരുതുന്നു.

ചെറായിയിൽ വെച്ച് കുറെ ബ്ലോഗർമാരെ പരിചയപ്പെടാൻ സാധിച്ചിരുന്നു. അവരിൽ പലരും ഇത്തവണയും ഉണ്ടായിരുന്നു. ചെറായിയിൽ ഉണ്ടായിരുന്ന അത്രയും ആളുകൾ ഇന്ന് എറണാകുളത്ത് എത്തിയിരുന്നില്ല. എന്നാലും പല ആശങ്കകൾക്കും ഇടയിൽ തൊടുപുഴയിൽ നിന്നും മാറ്റിയ ബ്ലോഗ് സംഗമത്തിന് ഇത്രയും ആളുകൾ എത്തിയത് വിജയമായി തന്നെ ഞാൻ കരുതുന്നു, കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടാൻ സാധിച്ചതിലും സന്തോഷം.

സംഗമത്തിൽ സന്നിഹിതനായ ബ്ലൊഗറും കവിയും ആയ ശ്രീ മുരുകൻ കാട്ടാക്കടയുടെ പരാമർശങ്ങളിൽ ചിലത് ഞാൻ ഉൾപ്പടെ പലരേയും അലോസരപ്പെടുത്തി എങ്കിലും അദ്ദേഹം തന്റെ കവിതകളിലൂടെ പകർന്നു നൽകിയ ആകുലതകൾ ചിന്തോദ്ദീപകങ്ങൾ തന്നെ ആയിരുന്നു. തന്റെ പ്രശസ്തമായ “കണ്ണട” എന്ന കവിതയിലൂടെ സമൂഹത്തിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ അദ്ദേഹം വരച്ചുകാട്ടുകയായിരുന്നു. കണ്ണട ഞാൻ മുൻപും പലതവണ കേട്ടിട്ടുണ്ട്. എന്നാലും അതിന്റെ രചയിതാവ് ആരെന്ന് അറിയുന്നതും കാണുന്നതും ഇന്നാണ്. അതു പോലെ ബാഗ്‌ദാദ് എന്ന കവിതയിലൂടെ യുദ്ധാനന്തര ഇറാഖിന്റെ ചിത്രം ജനങ്ങളുടെ ദുരിതങ്ങൾ അമ്മമാരുടെ വിങ്ങലുകൾ എല്ലാത്തിനും ഉപരി കീഴടങ്ങാൻ തയ്യാറല്ലാത്ത ഒരു ജനവിഭാഗത്തിന്റെ ആത്മഭിമാനം എല്ലാം തന്റെ ഗംഭീരമായ ആലാപനത്തിലൂടെ ശ്രോതക്കളുടെ ഹൃദയത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. രേണുക എന്ന കവിതയിലൂടെ നഷ്ടപ്രണയത്തിന്റെ വേദനയും അദ്ദേഹം പകർന്നു നൽകി. കൂടാതെ അദ്ദേഹം ചില നാടൻ പാട്ടുകളും പാടി സദസ്സിനെ ഊർജ്ജസ്വലമാക്കി.

ഈ സംഗമത്തെകുറിച്ച് പറയുമ്പോൾ മനസ്സുകൊണ്ട് ഞാൻ നമിക്കുന്ന ചില വ്യതികളെക്കുറിച്ച് കൂടെ എഴുതാതെ വയ്യ. കൂതറ എന്ന ബ്ലോഗിലൂടെ തന്റെ നിശിതമായ അഭിപ്രായങ്ങൾ പറയുന്ന ഹാഷിം എന്ന ബ്ലോഗർ. അപകടത്തെ തുടർന്ന് ഇപ്പോഴും ശരിയായിട്ടില്ലാത്ത കാലുമായി ചികിത്സകൾക്കിടയിൽ നിന്നും സമ്മേളത്തിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ കണ്ടപ്പോൾ ബ്ലോഗുകളിലൂടെ, അദ്ദേഹം രേഖപ്പെടുത്തിയ കമന്റുകളിലൂടെ അദ്ദേഹത്തെക്കുറിച്ച് മനസ്സിൽ ഉണ്ടാക്കിയ ചിത്രം മാറുകയായിരുന്നു. സാദിക്ക് കായം‌കുളം ശാരീരിക അവശതകൾക്കിടയിലും ചക്രക്കസേരയിൽ കായംകുളത്തുന്നിന്നും സഹബ്ലോഗർമാരെ പരിചയപ്പെടാൻ അദ്ദേഹം ഇത്ര ദൂരം എത്തി. അതുപോലെ ഇസ്മയിൽ എന്ന ബ്ലോഗർ. ഈ സംഗമത്തിൽ ഭാഗഭാക്കാകുവാൻ വേണ്ടി മാത്രം അദ്ദേഹം ഖത്തറിൽ നിന്നും ഇവിടെ എത്തി എന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. നിങ്ങളുടെ ഈ ഇച്ഛാശക്തിയ്ക്ക് എന്റെ പ്രണാമം.

ഈ സംഗമത്തിൽ പുതുതായി ചില ബ്ലോഗർമാരെയും പരിചയപ്പെടാൻ സാധിച്ചു. അവരെക്കുറിച്ച് അവരുടെ ബ്ലൊഗുകളിലൂടെ കൂടുതൽ അറിയാൻ ശ്രമിക്കാം. ശ്രീ പാവപ്പെട്ടവൻ ഒരു കാവ്യാസ്വാദകൻ മാത്രമല്ല ഭംഗിയായി കവിതാപാരാ‍യണം ചെയ്യുന്ന വ്യക്തിയാണെന്ന അറിവും പുതുതായിരുന്നു. ശ്രീ പൊറാടത്തിന്റെ പ്രിയമുള്ളവളെ എന്ന ബ്രഹ്മാനന്ദന്റെ എക്കാലത്തെയും പ്രശസ്ത സിനിമാഗനത്തിന്റെ ആലാപനവും, ശ്രീ ആര്യന്റെ “പണ്ടുപാടിയ പാട്ടൊലൊരെണ്ണം ചുണ്ടിൽ..” എന്ന ഒരുകാലത്ത് യുവജനോത്സവങ്ങളിൽ സമ്മനങ്ങൾ വാരിക്കൂട്ടിയിരുന്ന; ക്യാമ്പസ്സുകളിൽ നിറഞ്ഞുനിന്നുരുന്ന ലളിത ഗാനത്തിന്റെ ആലാപനവും അതീവഹൃദ്യമായിരുന്നു. ഈ ഗാനത്തിന്റെ രചന സംഗീതം എന്നിവയെ പറ്റിയുള്ള എന്റെ സംശയങ്ങളും ഈ വേദിയിൽ വെച്ച് ദൂരീകരിക്കപ്പെട്ടു. അതിന് ശ്രീ ആര്യന് പ്രത്യേകം നന്ദി. ഒരു കൊച്ചു ബ്ലൊഗറുടെ വക്കാ വക്കാ എന്ന ലോകകപ്പ് ഫുട്‌ബോൾ ഗാനാവതരണവും ഇഷ്ടപ്പെട്ടു. ഇത്തരം സംഗമങ്ങൾ കൂടുതൽ ഗൗരവതരമായും അർത്ഥവത്തായും കാണണമെന്ന സന്ദേശമാണ് ശ്രീ ശരീഫ് കൊട്ടാരക്കര നൽകിയത്. കൂടുതൽ ഗൗരവതരമായ ചർച്ചകളും കലാപരിപാടികളും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചഭക്ഷണത്തിന് മുൻപും ശേഷവുമായാണ് ഈ പരിപാടികൾ നടന്നത്.

സജീവേട്ടന്റെ (കാർട്ടൂണിസ്റ്റ്) മേശയ്ക്ക് ചുറ്റും ഇത്തവണയും നല്ല തിരക്കായിരുന്നു. ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാവരേയും അദ്ദേഹം തന്റെ പേനയിലൂടെ വരച്ചു തന്നു. ഉത്രാടപാച്ചിലിന് തൃക്കക്കാക്കരയിൽ ആയിരം പേരുടെ കാരിക്കേച്ചർ വരയ്ക്കുന്നതിനുള്ള തന്റെ പദ്ധതിയെക്കുറിച്ചും അദ്ദേഹം സമ്മേളനത്തിൽ പരാമർശിച്ചു. അവിടെ എത്തുന്ന എല്ലാവർക്കും കാരിക്കേച്ചറീനു പുറമേ ഒരോ ഗ്ലാസ്സ് പായസവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചെറായിയിൽ വെച്ചു വരച്ചുതന്നതാണെങ്കിലും എന്റെ ഒരു കാരിക്കേച്ചർ ഇത്തവണയും അദ്ദേഹം വരച്ചു തന്നു.

സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി നമ്മുടെ ബൂലോകത്തിലൂടെയുള്ള ലൈവ് സ്ട്രീമിങ്ങിന്റെ ഒരുക്കങ്ങൾ മുള്ളൂക്കാരനും പ്രവീൺ വട്ടപ്പറമ്പും നടത്തിയിരുന്നു. ലൈവ് സ്ട്രീമിങ് എനിക്ക് ഒരു പുതിയ അറിവായിരുന്നു.

സമ്മേളനത്തിൽ ശ്രീ കാപ്പിലാൻ ആദ്യ ബൂലോകപത്രമായ ബൂലോകം ഓൺ ലൈനിന്റെ കോപ്പികൾ എല്ലാവർക്കും നൽകി. പാവപ്പെട്ടവൻ ഇത്തരം ഒരു മാദ്ധ്യമത്തിന്റെ പ്രാധാന്യം ചുരുക്കം ചില വാക്കുകളിൽ വിവരിക്കുകയും ചെയ്തൂ.

ഉച്ചഭക്ഷണത്തിനായി സമ്മേളനം നിറുത്തിയ അവസരത്തിൽ മഴ മാറിനിന്നതു കൊണ്ട് എല്ലാവരുടേയും ചിത്രം എടുത്തു. തുടർന്ന് എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കുന്ന വേളയിൽ കഴിഞ്ഞ തവണ പരിചപ്പെട്ടവരും പുതുതായി എത്തിയവരുമായ സുഹൃത്തുക്കളുമായി കുശലം പറയാനും പരിചയം പുതുക്കാനും അവസരം ലഭിച്ചു.

തൊടുപുഴയിൽ നിന്നും സമ്മേളന വേദി മാറ്റേണ്ടി വന്നെങ്കിലും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ നന്നായിതന്നെ ഈ സംഗമം എറണാകുളത്ത് നടത്താൻ കഴിഞ്ഞതിന് ഇതിന്റെ സംഘാടകർ അഭിനന്ദനം അർഹിക്കുന്നു. പ്രവീൺ വട്ടപ്പറമ്പ്. മനോരാജ്, ജോഹർ, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവൻ നിങ്ങൾക്ക് എന്റെ നന്ദിയും അഭിനന്ദവും അറിയിക്കുന്നു. ഇനിയും ഇത്തരം സംഗമങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു.