Thursday, 5 November 2009

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍

ഒരു ദുരന്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു വരുന്ന കേരളം ഇന്ന് വീണ്ടും മറ്റൊരു ദുരന്തത്തിനു സാക്ഷിയായിരിക്കുന്നു. തേക്കടിയിലെ ദുരന്തത്തില്‍ നാല്‍പ്പത്തിയഞ്ചു ജീവനുകള്‍ ഹോമിച്ചെങ്കില്‍ ഇന്ന് ചാലിയാറില്‍ ഉണ്ടാ‍യ ദുരന്തത്തില്‍ എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അന്തരിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ അടിയ്ക്കടി ദുരന്തങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ പഠിക്കാത്തത്. ഓരോ ദുരന്തം കഴിയുമ്പോളും ഒരു അന്വേഷണകമ്മീഷനെ നിയമിക്കുന്നു. ആ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാ‍ലിക്കപ്പെടുന്നില്ല. അപ്പോഴേയ്ക്കും അടുത്ത ദുരന്തം വരവായി. അതിനും കമ്മീഷന്‍. ഇത് ഇങ്ങനെ അന്തമില്ലാതെ തുടരുന്നു. തട്ടേക്കാട്ടും, കുമരകത്തും ഉണ്ടായ ദുരന്തങ്ങളെപ്പറ്റി അന്വേഷിച്ച ജഡ്ജിമാരുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോളും വെളിച്ചം കണ്ടിട്ടില്ല.

ഏതാനും നാളുകള്‍ക്ക് മുന്‍പ് അരീക്കോട്ട് പോയപ്പോള്‍ മനോഹരമായ ചാലിയാര്‍ കാണാന്‍ ഇടയായി. അന്ന് ഞാന്‍ പോയ അരീക്കോട്ടെ പമ്പ് ഹൌസിനു സമീപം നിന്നുള്ള ചില ചിത്രങ്ങളും ബ്ലൊഗില്‍ ചേര്‍ത്തിരുന്നു. അവിടേയും ഇന്നു ദുരന്തമുണ്ടായ സ്ഥലത്തേതുപോലെ ചാലിയാറിന്റെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന കയറും അതില്‍ വലിച്ച് ഒരുകരയില്‍ നിന്നും മറുകരയിലേയ്ക്ക് യാത്രചെയ്യുന്നവരും ആ‍ണ് ഉണ്ടായത്. എന്നാല്‍ ചാലിയാര്‍ ഇത്തരം ഒരു ദുരന്തത്തിനും വേദിയാവുമെന്ന് ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ അപകടം നടന്ന സ്ഥലം നാലു പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യുന്ന കടവാണത്രെ. നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ ദിവസവും മറുകരെക്കടക്കുന്ന സ്ഥലം. ഇവിടെ ഒരു തൂക്കുപാലമെങ്കിലും വേണമെന്നത് വര്‍ഷങ്ങളായുള്ള ഈ നാട്ടുകാരുടെ ആവശ്യമാണെന്നും വിവിധ മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇതുവരെ ഇക്കാര്യത്തില്‍ കണ്ണുതുറാക്കാത്ത അധികാരികള്‍ ഇപ്പോഴെങ്കിലും ഈ ആവശ്യത്തില്‍ അനുകൂലമായി പ്രവര്‍ത്തിക്കും എന്ന് കരുതാം. അകാലത്തില്‍ പൊലിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ പ്രണാമം.