Monday 23 April 2018

ശ്രീജിത്തിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുക

കേരള മുഖ്യമന്ത്രി വിജയന്,

കഴിഞ്ഞ ഏതാനും മാസങ്ങളായി ശിഥിലമായിക്കൊണ്ടിരിക്കുന്ന പാർടിയെ ഛിന്നഭിന്നമാകാതെ ഒരുമിച്ച് നിറുത്തുന്നതിനുള്ള കടുത്ത പ്രയത്നത്തിൽ ആയിരുന്നല്ലൊ താങ്കൾ. ജില്ലാ സമ്മേളനങ്ങളിൽ മുതൽ ഉണ്ടാകാൻ ഇടയുണ്ടായിരുന്ന വിഭാഗീയ ശബ്ദങ്ങൾ വെളിയിൽ വരാതെയിരിക്കാൻ എല്ലാ സമ്മേളനങ്ങളിലും സാന്നിദ്ധ്യം ഉറപ്പാക്കിയും ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പോലും സമ്മേളനത്തിലെ സാന്നിദ്ധ്യം ഉറപ്പാക്കിക്കൊണ്ട് വിഭാഗീയശബ്ദങ്ങളെ തൊണ്ടയിൽ തന്നെ തടഞ്ഞു നിറുത്താൻ ഹെലികോപ്റ്ററിൽ പറന്നും ഒക്കെ അശ്രാന്തമായ പരിശ്രമമാണ് താങ്കൾ നടത്തിയത്. കോൺഗ്രസ്സുമായി പരസ്യമായ ബന്ധമാണോ രഹസ്യമായ ബന്ധമാണോ എന്ന വിഷയവും സഖാവ് യച്ചൂരിയെ മാറ്റി കേരളഘടകത്തിനു കൂടുതൽ സ്വീകര്യനായ ആരെയെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്ത് അവരോധിച്ചു കേരളഘടകത്തിനു മേൽക്കൈ ഉറപ്പാക്കാനും ഒക്കെ പാർടി അധികാരത്തിലുള്ള ഏക സംസ്ഥാനത്തെ ഏകമുഖ്യമന്ത്രി എന്ന നിലയിൽ അശ്രാന്തമായ പരിശ്രമങ്ങൾ താങ്കൾ ഹൈദ്രാബാദ് പാർടി കോൺഗ്രസ്സിലും നടത്തി വരികയായിരുന്നല്ലൊ. ഇന്ന് ഹൈദരാബാദ് പാർടി കോൺഗ്രസ്സ് കൊടിയിറങ്ങിയ സാഹചര്യത്തിൽ കേരളത്തിലെ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കാനുള്ള സമയം താങ്കൾക്ക് ഇനിയങ്ങോട്ട് കുറച്ചു നാളത്തേയ്ക്ക് ഉണ്ടാവും എന്ന് കരുതുന്നു.

പാർടി ശിഥിലമാകാതെ നോക്കുന്ന തിരക്കിലായിരുന്നു താങ്കൾ എന്നതിനാൽ താങ്കൾ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകൾ ശ്രദ്ധിക്കാൻ പറ്റാതെ പോയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.  താങ്കളുടെ തന്നെ വകുപ്പായ ആഭ്യന്തരം ഏതാണ്ട് പൂർണ്ണമായ് കുത്തഴിഞ്ഞ അവസ്ഥയിൽ ആണ്. ആ വകുപ്പിലെ ഏതാനും ചില മാന്യന്മാർ രാത്രി ഭാര്യയോടും മകളോടും ഒപ്പം ഉറങ്ങുകയായിരുന്ന ശ്രീജിത്ത് എന്നൊരു യുവാവിനെ കള്ളക്കേസുണ്ടാക്കി പിടിച്ചുകൊണ്ടുപോയി ചവിട്ടിയും ഉരുട്ടിയും ഒക്കെ കൊന്നുകളഞ്ഞ കാര്യം താങ്കളെ ആരെങ്കിലും ഒക്കെ അറിയിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്താണ് ഈ മഹാപാതകം ഉണ്ടായത്. ഈ സംഭവം നടന്നിട്ട് ഇപ്പോൾ 14 ദിവസം കഴിഞ്ഞിരിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കൊലപാതക കുറ്റം ചുമത്തി മുന്നു ആർ ടി എഫ് ഉദ്യോഗസ്ഥരേയും (ആർ ടി എഫ് എന്നത് താങ്കൾ കേട്ടിട്ടില്ലാത്ത സംഗതി ആണെങ്കിൽ അതെന്താണ് എറണാകുളം റൂറൽ എസ് പി ആയിരുന്ന എ വി ജോർജ്ജിനോട് അന്വേഷിച്ചാൽ മതി.) വരാപ്പുഴ  സബ് ഇൻസ്പെക്ടറേയും ജയിലിൽ അടയ്ക്കുകയും എറണാകുളം റൂറൽ എസ് പി ആയിരുന്ന എ വി ജോർജ്ജിനെ തൃശൂർ രാമപുരത്തെ കേരള പോലീസ് അക്കാദമിയിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ആർ ടി എഫുകാർക്ക് കൊലപാതകം തെളിവില്ലാതെ ചെയ്യാൻ അറിയാഞ്ഞിട്ട് അവരെ കൂടുതൽ പ്രൊഫഷണലായി ചവിട്ടിക്കൊലയും ഉരുട്ടിക്കൊലയും പഠിപ്പിക്കാനാണോ ഈ സ്ഥലം മാറ്റം എന്നത് അറിയില്ല. സംഭവദിവസം വരാപ്പുഴ പോലീസിന്റെ ചുമതലയിൽ ഉണ്ടായിരുന്ന പറവൂർ സി ഐ ഇപ്പോൾ സസ്പെൻഷനിൽ ആണ്. ഇനിയും ചിലർക്കൊക്കെ എതിരെ ചില ശിക്ഷാനടപടികൾ ഉണ്ടാകും എന്നും കേൾക്കുന്നു. അതിനൊക്കെ അപ്പുറം ഈ പോലീസുകാർക്ക് എന്തെങ്കിലും ശിക്ഷ ലഭിക്കും എന്ന് കരുതുന്നില്ല. പോലീസ് യൂണിഫോമിലുള്ള സഹപ്രവർത്തകരോടല്ലെ കൂറുകാട്ടൂ. കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ അറിയാം എങ്ങനെ ഒക്കെ ആണ് ചാർജ്ജുകൾ എന്നത്. കേസ് കേൾക്കുന്ന ന്യായാധിപൻ അത്ര അസാധാരണമായ നീതിബോധം ഉള്ള ആളാണെങ്കിൽ പോലീസെന്തൊക്കെ തരികിട കാണിച്ചാലും ചിലപ്പോൾ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേയ്ക്കാം. അതിനിനി എത്ര കൊല്ലം എടുക്കും എന്നതും അറിയില്ല. എന്തായാലും ഈ കേസ് സി ബി ഐയ്ക്ക് വിടണം എന്ന പല അപേക്ഷകളും താങ്കൾ ഓഫീസിൽ എത്തുന്നതും കാത്ത് കിടക്കുന്നുണ്ട്. 

പറഞ്ഞു വന്നത് എന്താണെന്നാണെങ്കിൽ ഒരു കുറ്റവും ചെയ്യാത്ത ശ്രീജിത്തിനെ കേരള പോലീസ് പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൊന്നിട്ട് 14 ദിവസം കഴിഞ്ഞിട്ടും താങ്കളുടെ സർക്കാരിനെ പ്രതിനിധീകരിച്ച് ആ കുടുംബത്തോട് മാപ്പ് പറയാൻ ഒരു മന്ത്രിയോ ഒരു ജനപ്രതിനിധിയോ ആ കുടുംബത്തെ ഇതുവരെ സന്ദർശിച്ചിട്ടില്ല. ട്രയിനിൽ സീറ്റിന്റെ പേരിൽ നടന്ന തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും അവർക്ക് സഹായധനം നൽകാനും ഡൽഹി വരെ വിമാനം പിടിച്ച് പോയ രാഷ്ട്രീയ തന്ത്രജ്ഞനാണ് താങ്കൾ. അതുപോലെ ചില സർവ്വകലാശാലകളുടെ അടച്ചിട്ട കവാടങ്ങൾക്ക് മുന്നിൽ കുത്തിയിരുന്ന് താങ്കളുടെ പാർടിയിലെ ചില പാർലമെന്റ് അംഗങ്ങളും പ്രതിഷേധവും ഐക്യദാർഢ്യവും ഒക്കെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ താങ്കൾ മുഖ്യമന്ത്രി ആയിരിക്കുന്ന ഈ സർക്കാർ കൊന്നുകളഞ്ഞ ഒരു നിരപരാധിയുടെ കുടുംബത്തെ സമാധാനിപ്പിക്കാൻ താങ്കളുടെ പാർടിക്കാരായ ഈ എം പി മാർക്കോ, എം എൽ എമാർക്കോ താങ്കൾക്ക് തന്നെയോ ഇതുവരെ സമയം കിട്ടിയില്ല എന്നത് തീർച്ചയായും പ്രതിഷേധാർഹമാണ്. കോൺഗ്രസ്സ് പാർടി ഓ അങ്ങനെ അല്ലല്ലൊ പാർടി കോൺഗ്രസ്സ് ഇന്ന് കൊടിയിറങ്ങിയ സാഹചര്യത്തിൽ താങ്കൾക്ക് മറ്റുതിരക്കുകൾ ഒന്നും നിലവിൽ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കാനും ശ്രീജിത്തിന്റെ കൊലപാതകികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഈ സർക്കാർ ലഭ്യമാക്കുമെന്ന ഉറപ്പ് നൽകാനും അല്പം സമയം താങ്കൾക്ക് ഇനിയെങ്കിലും ഉണ്ടാകും എന്ന് കരുതുന്നു. അതോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടതുപോലെ ശ്രീജിത്തിന്റെ കുടുംബത്തിനു അർഹമായ നഷ്ടപരിഹാരം നൽകാനും ആ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിനൽകാനുമുള്ള നടപടികൾ താമസം കൂടാതെ സ്വീകരിക്കും എന്നും പ്രതീക്ഷിക്കുന്നു.

ഏത് സാഹചര്യത്തിലും താങ്കളെ ന്യായീകരിച്ചിരുന്ന ചില മാദ്ധ്യമപ്രവർത്തകൾ വരെ ദൈവത്തിന്റെ ഈ സ്വന്തം നാടിനെ 'നശിച്ച നാടെന്ന്' അഭിസംബോധന ചെയ്ത് തുടങ്ങിയത് തീർച്ചയായും താങ്കളുടെ തന്നെ മിടുക്കാണ്. ആഭ്യന്തരവകുപ്പിനെ കുറിച്ചും വളരെ മികച്ച അസഭ്യപദങ്ങൾ ഉപയോഗിച്ച് ചില ന്യായീകരണ സഖാക്കൾ തന്നെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ സാധിച്ചു. ആ നിലയിൽ അവരുടെ പ്രതീക്ഷകളെ "ശരിയാക്കിയതിൽ' എനിക്ക് താങ്കളോട് വളരെ നന്ദിയുണ്ട്.  ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ താങ്കൾക്ക് സാധിക്കട്ടെ.

വിശ്വാസപൂർവ്വം
ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെ ഒരു പ്രജ.

1 comment:

  1. ശ്രീജിത്തിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ ഏഴുപോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് എറണാകുളം റേഞ്ച ഐ ജി വിജയ സാഖറെ ഇന്ന് ഉത്തരവിട്ടു, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് വിജയ് സാഖറെയുടെ ഉത്തരവ്. ഇതു സംബന്ധിക്കുന്ന ജനം ടി വി വാർത്ത ചുവടെ ചേർക്കുന്നു.

    കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതികളായ പോലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. സിഐ ക്രിസ്പിൻ സാം, എസ് ഐ ദീപക് എന്നിവരടക്കമുള്ള ഏഴ് പേരെയാണ് സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്.കൊച്ചി ഐ ജി വിജയ് സാക്കറെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.


    വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിൽ എടുക്കുകയും പോലീസ് മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെടുകയും ചെയ്തതാണ് കേസ്. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് കൊടിയ മര്‍ദനമേറ്റിരുന്നുവെന്നും ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റിരുന്നെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

    വരാപ്പുഴ കസ്റ്റഡി മരണ സമയത്ത് ആലുവാ റൂറൽ എസ്പിയായിരുന്ന എവി ജോർജ്ജിനെ മാസങ്ങൾക്ക് മുൻപ് ഇന്റലിജന്‍സ് എസ്പി ആയി തിരിച്ചെടുത്തിരുന്നു.കേസിലെ അന്വേഷണം ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നതായി ജനംടിവി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

    അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് സിബിഐ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

    https://janamtv.com/80118906/

    ReplyDelete

Thank you for visiting my blog. Please leave your comments here.